‘ഇയാൾ ചോറു തിന്നുന്നതു കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങി’

HIGHLIGHTS
  • അമേരിക്കൻ എക്സ്പ്രസോ... എന്റെ ദൈവമേ, ഓർമിപ്പിക്കല്ലേ!
നന്ദലാൽ കൃഷ്ണമൂർത്തി (നന്ദു)
നന്ദലാൽ കൃഷ്ണമൂർത്തി (നന്ദു)
SHARE

നിത്യകന്യക’യിലെ നന്ദുവിന്റെ വിശാലമായ ഊണുരംഗവും മറ്റും ഏറെ ദിവസങ്ങളെടുത്ത് എത്രയോ വട്ടം ആവർത്തിച്ചിട്ടാണു ശബ്ദലേഖനം ചെയ്തത്. കാന്റീനിൽ നിന്ന് ഇലയിൽ ചോറും കറികളും വരുത്തി നന്ദുവിനെക്കൊണ്ടു വീണ്ടും വീണ്ടും ഊണു കഴിപ്പിച്ചു തന്നെയാണതിന്റെ ശബ്ദം പകർത്തിയത്. പലപ്പോഴും ഊണു കഴിച്ചുകഴിച്ച് ഏമ്പക്കം വിട്ടു തളർന്നു പോയിട്ടുണ്ടു നന്ദു. പിറ്റേന്നു വീണ്ടും ഊണുവരുത്തി കഴിപ്പിച്ചുകൊണ്ടു തന്നെയാണു ഉരുളയുരുട്ടുന്നതിന്റെയും വായിലേക്കെടുക്കുന്നതിന്റെയുമൊക്കെ സൂക്ഷ്മ ശബ്ദങ്ങൾ പകർത്തിയത്. പപ്പടം പൊടിച്ചു കഴിക്കുന്നതിന്റെയൊക്കെ ശബ്ദം എത്രയോ പപ്പടം ആവർത്തിച്ചാവർത്തിച്ചു പൊടിച്ചു ചവച്ചു കൃത്യതയോടെ ടേപ്പിലാവും വരെ ചെയ്യിക്കുകയായിരുന്നു. മലയാള സിനിമയിലെ അടുക്കള–  എ. ചന്ദ്രശേഖർ

ന്ദലാൽ കൃഷ്ണമൂർത്തി (നന്ദു) എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു നാരായണൻ എന്ന ഭക്ഷണപ്രേമി. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയിലെ അവിസ്മരണീയ കഥാപാത്രം. തന്റെ കഥാപാത്രങ്ങളുടെ ഭക്ഷണപ്രിയത്തെക്കുറിച്ചും രുചിവൈവിധ്യങ്ങളിലൂടെയുളള യാത്രയെക്കുറിച്ചും നന്ദു മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

ഇയാൾ ഇതു തിന്നുന്നതു കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങി!’

‘‘അടൂർ സാറിന്റെ ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയിൽ അഭിനയിച്ചതു കൊണ്ടാണ് ഞാൻ ഇങ്ങനെയൊരു നിലയിൽ എത്തിയത്. നമ്മുടെയെല്ലാം കണ്ണിൽ അടൂർ സാർ സീരിയസാണ്. തമാശയൊന്നും പറയാത്ത, അധികം ചിരിക്കാത്ത ഒരു വ്യക്തിയായിട്ടാണ് പലരും അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഞാനും അങ്ങനെയാണ് ധരിച്ചിരുന്നത്. പക്ഷേ അതു തെറ്റാണെന്ന് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തപ്പോഴാണ് മനസ്സിലായത്. അദ്ദേഹം വളരെയധികം ഹ്യൂമർ സെൻസുള്ള, ഒരുപാടു തമാശ പറയുകയും തമാശ കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്. പക്ഷേ അതിന് സമയവും സന്ദർഭവും ഉണ്ടെന്നു മാത്രം. ‘നാലു പെണ്ണുങ്ങളി’ൽ ഞാൻ ചോറുണ്ണുന്ന രംഗത്തെപ്പറ്റി ഇപ്പോഴും പലരും ചോദിക്കാറുണ്ട്.

‘നാലു പെണ്ണുങ്ങൾ’
‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയിലെ രംഗം.

അതൊരു രാത്രി സീനായിരുന്നു. ഷൂട്ട് ചെയ്യുന്ന ദിവസം ഉച്ച കഴിഞ്ഞപ്പോൾ സാർ പറഞ്ഞു, നന്ദു വൈകിട്ട് ചായയൊന്നും കുടിക്കണ്ട, നമുക്ക് ഷൂട്ട് ചെയ്യേണ്ടതാണെന്ന്. ഞാൻ ‘ശരി സാർ’ എന്നു പറഞ്ഞു. അന്ന് വൈകുന്നേരം ഞാൻ ടിഫിൻ ഒന്നും കഴിച്ചില്ല. ചായയും കുടിച്ചില്ല. വൈകിട്ട് ഏഴു മണിയായപ്പോൾ ഷൂട്ടിങ് തുടങ്ങി. ഇലയിൽ കൊണ്ടു വച്ച സാധനങ്ങളെല്ലാം ഒറിജിനലാണ്. എല്ലാം അതുപോലെ തന്നെയുണ്ട്. അതു മുഴുവൻ കഴിക്കുകയും ചെയ്തു. അതു കഴിഞ്ഞിട്ട് പകൽ സമയത്ത് കഴിക്കുന്നതു കൂടിയുണ്ട്. അതും കഴിച്ചു. പക്ഷേ രണ്ടാമത് ഇട്ട ചോറു കഴിക്കാൻ സാധിച്ചില്ല.

ആ ഷൂട്ട് കഴിഞ്ഞപ്പോൾ സാർ പറഞ്ഞു: ‘ആ ചോറുണ്ണുന്ന സീക്വൻസിന്റെ സൗണ്ട് ഇഫക്ട് നമുക്ക് പിന്നീടൊരു ദിവസം എടുക്കാം, ഞാൻ നന്ദുവിനെ വിളിക്കാം. അപ്പോൾ വന്നാൽ മതി.’ ഞാൻ ശരി എന്നു പറഞ്ഞു. അങ്ങനെ ഒരു ദിവസം വൈകിട്ട് പ്രൊഡക്‌ഷൻ കൺട്രോളർ വിജയൻ ചേട്ടൻ എന്നെ വിളിച്ചു: ‘നന്ദു, ചോറുണ്ണുന്നതിന്റെ മാത്രം ഡബ്ബിങ് നാളെ ചിത്രാഞ്ജലിയിലുണ്ട്. സൗണ്ട് എഫക്ട് എടുക്കാന്‍ വരണം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് വന്നാൽ മതി. ഊണു കഴിക്കേണ്ട. ഈ ഊണങ്ങു കഴിച്ചാൽ മതി.’

അങ്ങനെ ഉച്ചയ്ക്ക് ചിത്രാഞ്ജലിയുടെ ഫ്ലോറിൽ ഡബ്ബിങ് സ്റ്റുഡിയോയിൽ നല്ല ഇലയൊക്കെ ഇട്ട് ചോറ്, പരിപ്പ്, സാമ്പാർ, രണ്ട് മത്തി വറുത്തത്, പപ്പടം അങ്ങനെ സകല സാധനങ്ങളും അതുപോലെ വച്ചിരിക്കുകയാണ്. അകത്തു കയറിയപ്പോൾ സൗണ്ട് എൻജിനീയർ ഹരിച്ചേട്ടൻ പറഞ്ഞു: ‘ഈ സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അകത്തിരുന്നൊരാൾ സദ്യ കഴിക്കുന്നത്. ഇതിനകത്തിരുന്ന് ഒരാളും ചായ പോലും കുടിക്കാറില്ല.’ അങ്ങനെ അവിടെയിരുന്ന് ഞാൻ സദ്യ കഴിക്കുകയാണ്. ഇലയിൽ കൈ വച്ച ഉടനെ സാറു പറഞ്ഞു ‘ഇതിനകത്ത് ഇപ്പോൾ എടുക്കാൻ പറ്റില്ല.’ കാരണം അതിന്റെ അടിവശത്ത് തടിയാണ്. രണ്ടു മൂന്നു മൈക്ക് വച്ചാണ് ഡബ്ബ് ചെയ്യുന്നത്. കൈ വയ്ക്കുമ്പോൾ ധും എന്നാണു കേൾക്കുന്നത്. തറയിൽ ഇല വച്ച് എടുക്കുമ്പോൾ ഒരിക്കലും ആ ധും എന്ന സൗണ്ട് കേൾക്കില്ല. അങ്ങനെ അവിടെയുണ്ടായിരുന്ന വലിയ കാർപെറ്റ് ഒക്കെ മാറ്റിയിട്ട് സിമന്റ് തറയിൽ ഇരുന്ന് ഊണു കഴിച്ചു. അങ്ങനെയാണ് അത് എടുത്തത്.

അതിന്റെ സെൻസറിങ് കഴിഞ്ഞ് സെൻസർ ബോർഡ് മെംബർമാരിൽ ഒരാൾ എന്നെ വിളിച്ചു. ‘അടൂർ സാറിന്റെ സിനിമ ഞങ്ങൾ ഇന്നു കണ്ടു. അതു കണ്ടോണ്ടിരുന്ന സമയത്ത് സെൻസർ ഓഫിസർ പറഞ്ഞു, നമുക്ക് ഇത് ബ്രേക്ക് ചെയ്തിട്ട് ഊണു കഴിഞ്ഞിട്ട് കാണാം. കാരണം ഇയാൾ ഇതു തിന്നുന്നത് കണ്ടിട്ട് കൊതി വന്നു പണ്ടാരമടങ്ങിയെന്ന്’ അവർ ബ്രേക്ക് എടുത്ത് ഊണു കഴിച്ചു എന്നാണു പറഞ്ഞത്. സത്യമാണോ എന്നറിയില്ല. ഹരിച്ചേട്ടൻ എന്നോടു പറയുമായിരുന്നു ഈ സീക്വൻസ് വരുമ്പോഴേ വിശക്കുമെന്ന്. പിന്നീട് ഒരുപാട് ആൾക്കാർ പറഞ്ഞിട്ടുണ്ട് ആ സീൻ കണ്ടാൽ വിശക്കുമെന്ന്. അതാണ് അടൂർ സാറിന്റെ സിനിമയെ സംബന്ധിച്ച് എന്റെ പ്രധാനപ്പെട്ട അനുഭവം.

‘‘ഊണു കഴിക്കുന്ന ആളുടെ അപ്പോഴത്തെ മാനസികാവസ്ഥ കാഴ്ചക്കാരിലേക്കു പകരും എന്നതു തന്നെയാണതിന്റെ ലക്ഷ്യം. എന്നു മാത്രമല്ല ചോറുണ്ണുന്നയാളുകൾ പലരും പലതരക്കാരാണ്. എല്ലാവരും വശത്തേക്കു നീക്കിവച്ച കുറച്ചു ചോറിൽ ഒഴിച്ചുകറി കുഴച്ചുരുട്ടി കഴിക്കുന്നവരല്ല. ചിലർ ചോറു കൂനകൂട്ടി നടുക്കൊരു കുഴി കുഴിച്ച് അതിലേക്കു കറിയൊഴിച്ചുണ്ണുന്നവരാണ്. അതു ശരിക്ക് ഒരു ‘ഊണി’യുടെ ലക്ഷണമാണ്.’’

അടൂർ ഗോപാലകൃഷ്ണൻ

മൂക്കില്ലാ രാജ്യത്തെ’ കഞ്ഞിയും പയറും

ഇതിനു മുൻപുണ്ടായ ഒരനുഭവം പറയാം. മനോജ് കെ. ജയനും പ്രേംകുമാറും ഞാനും ജനാർദനനും ആനിയുമൊക്കെ അഭിനയിച്ച സിനിമയാണ് ‘മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്’. ആ സിനിമയിൽ ഇതുപോലൊരു സീനുണ്ട്. ഞങ്ങൾ മൂന്ന് ചെറുപ്പക്കാർ ജനാർദനൻ ചേട്ടന്റെ വീടിന്റെ ഔട്ട്ഹൗസിൽ താമസിക്കുന്നു. ഞങ്ങൾക്ക് അഞ്ചു പൈസയുടെ ഗതിയില്ല. അവിടുന്ന് ഫുഡ് ഒക്കെ അടിച്ചു മാറ്റിയാണ് കഴിക്കുന്നത്. രാത്രിയിൽ അവരുണ്ടാക്കി വച്ചിരിക്കുന്ന കഞ്ഞിയും പയറുമെല്ലാം അടിച്ചുമാറ്റി കഴിക്കും. ഒരു ദിവസം അസോഷ്യേറ്റ് ഡയറക്ടർ ആർട്ട് ഡയറക്ടറോടു പറഞ്ഞു നാളെ ഷൂട്ട് ചെയ്യാൻ കഞ്ഞിയും പയറും വേണമെന്ന്. ഞങ്ങളുടെ കഥാപാത്രങ്ങൾ കഞ്ഞിയും പയറും അടിച്ചുമാറ്റി കൊണ്ടുവന്ന് വച്ചശേഷം എന്തോ സംസാരിക്കുമ്പോൾ ഞാൻ പതിയെ പാത്രം തുറന്ന് ആർത്തിയോടെ വലിച്ചുവാരി കഴിക്കുന്നതാണ് സീൻ. എന്തോന്ന് ആർത്തിയാടാ, നീ തന്നെ കഴിച്ചോ എന്ന് അവർ പറയുമ്പോൾ ഞാൻ തന്നെ സുഖമായിട്ട് അതു കഴിക്കും.

പിറ്റേന്നു രാവിലെ ഏഴുമണിക്കു തന്നെ ആർട്ട് ഡയറക്ടർ കഞ്ഞി റെഡിയാക്കി. പക്ഷേ ഷൂട്ട് ചെയ്തത് രാത്രി പതിനൊന്നു മണിക്ക്. പയറൊക്കെ വളിച്ചു. രാത്രിയിൽ ലൈറ്റിട്ടപ്പോൾ ഒരുപാട് പൂച്ചികൾ വന്നു കുറേ കഞ്ഞിയിലും വീണു. ഒന്നോ രണ്ടോ ആണെങ്കിൽ എടുത്തു കളയാം. ഇതു പത്തു പതിനഞ്ചെണ്ണമൊക്കെയാണ്. ഷൂട്ട് ചെയ്യാതിരിക്കാനും പറ്റില്ല. ഞാനെടുത്തു വായിൽ വച്ചപ്പോൾ വളിച്ചു നാറിയിരിക്കുന്നു. പക്ഷേ ഒന്നും പറയാൻ വയ്യാത്ത അവസ്ഥ. മുഴുവൻ എടുത്തങ്ങു കഴിച്ചു.

കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് ഒരു മോശപ്പെട്ട ജോലിയല്ല!

വീട്ടിൽ ഞായറാഴ്ചകളിൽ ഞാനാണ് ഫുഡ് ഉണ്ടാക്കുന്നത്. കഴിക്കുന്ന പാത്രം സ്വന്തമായി കഴുകി വയ്ക്കുക എന്ന ശീലവും ഉണ്ട്. 25 വർഷം മുൻപ് നടന്നൊരു സംഭവമാണ്, ഷൂട്ടിങ് ലൊക്കേഷനിൽ കഴിച്ച പാത്രം എച്ചിൽ കളഞ്ഞു കഴുകി പുറത്തു വയ്ക്കുന്നതാണ് പതിവ്. പാത്രം കഴുകാതെ വച്ചാൽ പൂച്ചയും പാറ്റയുമൊക്കെ അതിൽ കയറും. പാത്രം കഴുകാതെ വച്ചിരുന്ന ഒരാളോട് ഞാൻ പറഞ്ഞു: ‘പാത്രം കഴുകിവയ്ക്കുന്നതാണു നല്ലത്, ഇല്ലെങ്കിൽ ഇത് കറങ്ങിത്തിരിഞ്ഞു നമ്മുടെ കയ്യിൽത്തന്നെ വരും. അല്ലെങ്കിൽ വേറെ ആരിലെങ്കിലും എത്തും. എച്ചിൽ കളഞ്ഞു വെറുതെ വെള്ളമൊഴിച്ച് കഴുകിയാലും മതി.’ അദ്ദേഹം അന്ന് അതു ചെയ്യുകയും ചെയ്തു. ഈ അടുത്ത കാലത്ത് അദ്ദേഹം എന്റെയൊരു സുഹൃത്തിനോടു പറഞ്ഞത് ‘അവൻ എന്നെക്കൊണ്ട് എച്ചിൽ പാത്രം വരെ കഴുകിച്ചു’ എന്നാണ്!. പറഞ്ഞ രീതി കേട്ടാൽ തോന്നുന്നത് ആ ലൊക്കേഷനിലെ മുഴുവൻ പാത്രങ്ങളും അദ്ദേഹത്തെക്കൊണ്ടു കഴുകിച്ചു എന്നാണ്! ഭക്ഷണം കഴിച്ചു കഴിഞ്ഞ് പ്ലേറ്റിലെ എച്ചിൽ എടുത്തു കളയാൻ പലർക്കും മടിയാണ്.

കോണ്ടിനന്റൽ കുക്കിങ് ഏറെ ഇഷ്ടം

Beef-bougnion-with-mash-potatoes
Beef bougnion with mash potatoes.

യൂട്യൂബ് നോക്കി പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ ഏറെ ഇഷ്ടമാണ്. പാചകത്തിനു ധാരാളം സമയം എടുക്കുന്നൊരു ഫ്രഞ്ച് വിഭവമാണ് ബീഫ് ബൊണിയോൺ (Beef Bourguignon). വീട്ടിൽ ഭാര്യ പറയും ഇനി ഇത് ഉണ്ടാക്കണമെങ്കിൽ ഒരു ഗ്യാസ് കുറ്റി വാങ്ങിച്ചു തന്നിട്ടു മതിയെന്ന്. 5 മണിക്കൂറൊക്കെ വേവിച്ച് എടുക്കേണ്ടി വരും. ബീഫിന്റെ ബ്രോത്ത് ഉണ്ടാക്കിയ ശേഷം (രാത്രി മുഴുവൻ തീ കത്തിച്ച് ഇടുന്ന രീതിയൊക്കെയുണ്ട്) വൈൻ ഒഴിച്ചാണ് ബീഫ് പാകം ചെയ്യുന്നത്. അടുപ്പിൽനിന്നു വാങ്ങുന്നതിനു മുൻപ് അൽപം കോണ്യാക്കും ചേർക്കും. ശരിയായ രീതിയിൽ തയാറാക്കിയാൽ 15 മണിക്കൂർ വേണ്ടി വരും ഇതിന്റെ പാചകത്തിന്. ഷെഫ് ജീൻ പെറിയുടെ യൂട്യൂബ് പാചകം നോക്കിയാണ് ഇത് പരീക്ഷിച്ചത്. മലയാളത്തിൽ ഷമീസ് കിച്ചണിലെ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്.

അമേരിക്കൻ എക്സ്പ്രസോ... എന്റെ ദൈവമേ, ഓർമിപ്പിക്കല്ലേ!

പേരു കേട്ടപ്പോൾ കഴിക്കണമെന്ന് ആഗ്രഹിച്ച ഒന്നാണ് എക്സ്പ്രസോ കോഫി. ആദ്യമായി അമേരിക്കയിൽ പോയപ്പോൾ രണ്ടര ഡോളർ കൊടുത്ത് വാങ്ങി. എന്റെ ദൈവമേ... 10 മില്ലി വരും, വായിൽ വയ്ക്കാൻ കൊള്ളില്ല!. കളയേണ്ടി വന്നു. എവിടെപ്പോയാലും അവിടുത്തെ ഫുഡ് കഴിക്കുക എന്നതാണ് എന്റെ രീതി. അമേരിക്കയിലെ ടെക്സസിൽ നിന്നുള്ള ചീങ്കണ്ണി ഇറച്ചി, വിയറ്റ്നാമിൽനിന്നു തേൾ ഫ്രൈ പോലുള്ള വെറൈറ്റി രുചികൾ പരീക്ഷിച്ചിട്ടുണ്ട്. വിയറ്റ്നാമിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് മരച്ചീനിയും പയർ തോരനുമാണ്. ജഗതി ശ്രീകുമാർ ചേട്ടന്റെ കൂടെ അമേരിക്കയിൽ ഒരു പ്രോഗ്രാമിനു പോയപ്പോൾ അവിടുത്തെ ഒരു മലയാളി സുഹൃത്തു വന്നു പറഞ്ഞു ‘‘ഇന്ന് എന്റെ വീട്ടിലാണ് ഡിന്നർ. നല്ല ഒന്നാന്തരം അവിയൽ, പയർ, ബീഫ് ഉലർത്ത് എല്ലാമുണ്ട്.’’ ജഗതി ചേട്ടൻ പറഞ്ഞു: ‘എണീറ്റു പോണുണ്ടോടോ, നാട്ടിൽനിന്ന് ഇവിടെയെത്തിയത് കഞ്ഞിയും പയറും കഴിക്കാനാണോ.’ വിദേശത്ത് എത്തിയാലും നാട്ടിലെ വിഭവങ്ങൾ ആഗ്രഹിക്കുന്നവരും ഉണ്ട്.

thel
തേൾ ഫ്രൈ

സദ്യ തിരുവനന്തപുരം തന്നെ ബെസ്റ്റ്...

നാട്ടിലെ രുചികളിൽ ഇഷ്ടം കോഴിക്കോടൻ വിഭവങ്ങളാണ്, പാരഗണിലെ ബിരിയാണിയും റഹ്മത്തിലെ ബീഫ് ബിരിയാണിയും ഏറെ ഇഷ്ടമാണ്. അവിടെ ഭക്ഷണത്തിനൊപ്പം അവരുടെ മനസ്സും ചേർത്താണ് വിളമ്പുന്നത്. സദ്യയുടെ കാര്യത്തിൽ തിരുവനന്തപുരം സദ്യ തന്നെ ഏറെ ഇഷ്ടം.

വിശപ്പ് ഇല്ലാത്തവനും വിശപ്പു വരും!

മലയാള സിനിമയിൽ മമ്മൂക്ക, മോഹൻലാൽ, സുരേഷ്ഗോപി ഇവർ ആഹാരം കഴിക്കുന്നതു കണ്ടാൽ വിശപ്പ് ഇല്ലാത്തവനും വിശപ്പു വരും. എന്തു ഗംഭീരമായിട്ടാണ് കഴിക്കുന്നത്. ഒരു നുള്ള് പോലും ബാക്കി വയ്ക്കാതെ, ആഹാരത്തെ നിന്ദിക്കാതെയാണ് കഴിക്കുന്നത്.

മാവേലി എക്സ്പ്രസിൽ മന്ത്രിക്കൊപ്പം ഇഡ്ഡലി

രാത്രി ട്രെയിൻ യാത്രയുണ്ടെങ്കിൽ വീട്ടിൽനിന്നു ഭക്ഷണം കൊണ്ടു പോകാറുണ്ട്. ഇഡ്ഡലിയിൽ, എണ്ണയിൽ ചാലിച്ച ചമ്മന്തിപ്പൊടി തേച്ചു വയ്ക്കുന്നതാവുമ്പോൾ വേറെ കറിയും വേണ്ട. ഒരു തവണ മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്നു കയറിയപ്പോൾ കൂടെ അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക്ക് സാറും ഉണ്ടായിരുന്നു. കോച്ചിൽ ഞങ്ങൾ രണ്ടു പേരും മാത്രമേയുള്ളൂ. ഞാൻ ഭക്ഷണം കഴിക്കാനെടുത്തപ്പോൾ സാർ കഴിക്കുന്നില്ലേ എന്നു ചോദിച്ചു: ‘എനിക്ക് ഇപ്പോൾ വേണ്ട, കുറച്ചു ഭക്ഷണം കഴിച്ചിട്ടാണ് കയറിയത്, ഇനി എറണാകുളം ചെന്നിട്ടേ ഉള്ളൂ.’

ഞാൻ ഇഡ്ഡലിപ്പൊതി തുറന്ന് ‘ഇതു വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയാണ്. രണ്ട് ഇഡ്ഡലി കഴിക്കാമോ’ എന്നു ചോദിച്ചു.

‘അതിനെന്താ, കഴിക്കാല്ലോ’ എന്നായി അദ്ദേഹം. മന്ത്രിക്കൊപ്പം ഭക്ഷണം പങ്കുവച്ചു കഴിച്ചത് വലിയ സന്തോഷമായി. പിന്നെ കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, ‘പിന്നേ, നിന്റെ കൈയിൽനിന്ന് ഇഡ്ഡലി വാങ്ങിക്കഴിക്കുകയല്ലേ അദ്ദേഹം’ എന്നായിരുന്നു അവരുടെ പ്രതികരണം.

nandalal-family
നന്ദു ഭാര്യ കവിത നന്ദലാൽ, മക്കൾ കൃഷാൻ നന്ദലാൽ, നന്ദിത നന്ദലാൽ എന്നിവർക്കൊപ്പം.

ഇടവേളകളിൽ പാചകം ചെയ്യുകയും അടുത്തുള്ള സുഹൃത്തുക്കൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ചു പറയാറുണ്ട്. പക്ഷേ അഭിനയത്തിൽ നൂറു ശതമാനം ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം. ട്വെൽത്ത്മാൻ, കടുവ, കൂമൻ തുടങ്ങിയ സിനിമകൾ റിലീസിനായി ഒരുങ്ങുന്നു, ഇടവേളകളിൽ പാചക പരീക്ഷണങ്ങളും നടക്കുന്നു.

റഫറൻസ് - മലയാള സിനിമയിലെ അടുക്കള – എ. ചന്ദ്രശേഖർ

English Summary : Food talk with actor Nandalal Krishnamoorthy. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA