‘‘ഈ പാത്രത്തിലെ ചിപ്സ് എവിടെ ചാക്കോച്ചാ?’’ : വിഡിയോ

HIGHLIGHTS
  • ഭക്ഷണം ആസ്വദിച്ചു കഴിക്കാനിഷ്ടപ്പെടുന്നൊരാളാണ് ചാക്കോച്ചൻ
kunchako-boban-abhilash
ഷെഫ്. അഭിലാഷ്
SHARE

നട്ടപ്പാതിരായ്ക്ക്, അടുക്കളയിലെ വറപൊരി ഐറ്റംസ് വച്ചിരുന്ന പാത്രത്തിൽനിന്ന് എരിപൊരി ചിപ്സൊക്കെ കഴിച്ച് അതിനൊപ്പം ഒരു കഷ്ണം മാമ്പഴവും കഴിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. അത്താഴം കഴിച്ചു കിടന്നാലും രാത്രിയിൽ വയറിന്റെ ‘തേങ്ങൽ’ കേട്ട് അടുക്കളയിലേക്ക് ഓടുന്ന സഹൃദയരെല്ലാം ഈ വിഡിയോ കൈയടിച്ചു സ്വീകരിച്ചിരിക്കുകയാണ്. ചില ‘ചിപ്പർ’ ചിപ്സ് കഥകളുമായി കുഞ്ചാക്കോ ബോബന്റെ പഴ്സനൽ ഷെഫ് അഭിലാഷ്...

‘‘ഭക്ഷണം ആസ്വദിച്ചു കഴിക്കാനിഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചൻ. ഒരു തരി പോലും വെറുതെ കളയില്ല, ഫുഡ് കഴിക്കാൻ വേണ്ടി മാത്രമൊരു യാത്ര ‌പോകണമെന്നുപോലും പറയാറുണ്ട്. കേരളത്തിലെ ഏതു ജില്ലയിൽ പോയാലും അവിടെ എന്താണ് സ്പെഷൽ വിഭവം കിട്ടുന്നത് എന്നത് ചാക്കോച്ചന്റെ ഫോണിൽ സേവ് ചെയ്തു വച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ആ കടകളിൽ കയറുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഞങ്ങൾ കൂടുതൽ സംസാരിക്കുന്നതും ഭക്ഷണത്തെക്കുറിച്ചു തന്നെ...’’

‘അത് അഭിലാഷാണ് കഴിച്ചത്...’

വീട്ടിൽ പ്രിയച്ചേച്ചി നന്നായി പാചകം ചെയ്യും. കൃത്യമായി ഡയറ്റ് ചെയ്യാനുള്ള അളവിലുള്ള ഫുഡായിരിക്കും കൊടുക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഡയറ്റ് നോക്കാതെ വിഡിയോയിലേതു പോലെ എന്തെങ്കിലുമൊക്കെ കഴിക്കും. ഇത് ചോദിക്കുമ്പോൾ നൈസായിട്ട് ‘അത് അഭിലാഷാണ് കഴിച്ചതെന്നു’ പറയും! ഈ കാര്യത്തിൽ കുറ്റം മൊത്തം ഞാൻ ഏറ്റെടുക്കാറുണ്ട്! മനുഷ്യനല്ലേ, കൊതി വരും...

abhilash-kunchako-boban

ഇടയ്ക്കിടയ്ക്കു ചോദിക്കും, ‘സെലിബ്രിറ്റികളുടെ ലൈഫേ...’

കഠിനമായ ഡയറ്റ് പാലിക്കുന്ന സമയത്ത് സ്പെഷൽ ഭക്ഷണമുണ്ടാക്കി വച്ചിട്ടു ഞാൻ അദ്ദേഹത്തോടു പറയാറുണ്ട്: ‘‘സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണല്ലേ...’’ചിരിച്ചു കൊണ്ടു മറുപടി പറയും : ‘‘അതു മതി അല്ലാതിപ്പോൾ എന്തു ചെയ്യാനാണ്...’’

kunchacks-chocolate-making
സ്വിറ്റ്സർലൻഡ് യാത്രയിൽ ചോക്ലേറ്റ് മേക്കിങിൽ കുഞ്ചാക്കോ ബോബൻ.

കൊടൈക്കനാൽ സ്പെഷൽ കോഫിയും പേസ്ട്രിയും

നായാട്ട് എന്ന സിനിമയുടെ ഷൂട്ടിന് കൊടൈക്കനാലിൽ പോയപ്പോൾ താമസസ്ഥലത്തുനിന്ന് 68 കിലോമീറ്റർ ഹെയർപിൻ വളവുകളിലൂടെ സഞ്ചരിച്ച് ഒരു മാർക്കറ്റിൽ പോയി പച്ചക്കറികളൊക്കെ വാങ്ങി. എങ്ങനെയാണെന്നറിയില്ല, ചാക്കോച്ചൻ അതിനടുത്ത് ഒരു പേസ്ട്രി ഷോപ്പ് കണ്ടുപിടിച്ചു. അവരുടെ ഫാമിൽനിന്നുള്ള പാൽ കൊണ്ടു തയാറാക്കുന്ന ഉൽപന്നങ്ങളാണ് അവിടെ സ്പെഷൽ, കോഫിയും പേസ്ട്രിയും. അവിടെ ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ഒരു തമിഴൻ വന്നു വളരെ കാര്യമായി ചാക്കോച്ചനോടു ചോദിച്ചു: ‘‘ആർട്ടിസ്റ്റാ?’’
ചാക്കോച്ചൻ : ‘‘അതേ’’
തമിഴൻ : ‘‘വിനയ് ഫോർട്ടാണോ?’’

kunchacks-food-time
കുഞ്ചാക്കോ ബോബൻ

നാടൻ രുചികൾ തേടിപ്പിടിച്ചു പോകാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. നീലേശ്വരത്തു ഷൂട്ടിങ്ങിനു പോയപ്പോൾ ഒരു ദിവസം രാത്രിയിൽ നല്ല ചായ കുടിക്കാൻ പോയാലോ എന്നായി ചാക്കോച്ചൻ. വാടകയ്ക്ക് എടുത്ത സ്കൂട്ടർ എന്റെ കൈയിൽ ഉണ്ടായിരുന്നു, അതിൽ ഞങ്ങൾ പോയി, മാസ്കും ക്യാപ്പും വച്ചതു കൊണ്ട് ആരും അറിഞ്ഞില്ല.

eat-outs-kunchacks

രാത്രിയിൽ ചിക്കൻ വാങ്ങാൻ പോയിട്ടുണ്ട്...

ഷൂട്ടിങ് യാത്രയൊക്കെ കഴിഞ്ഞു വരുമ്പോൾ ചില സമയത്ത് എല്ലാം വേണം എന്നങ്ങു പറയും. ചിക്കൻ കടക്കാരനെയും മീൻകടക്കാരനെയും ഒക്കെ വിളിച്ചെഴുന്നേൽപിച്ച് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. അവർ പലപ്പോഴും ചോദിക്കും, മോനേ, വൈഫ് പ്രഗ്നന്റ് ആണോ എന്ന്!

ചാക്കോച്ചന്റെ അടുത്തെത്തിയത്...
ഒരു ദിവസം ഷെഫുമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പഴ്സനൽ കുക്കിന്റെ ഒഴിവുണ്ടെന്ന പരസ്യം കണ്ട് ബയോഡേറ്റ അയച്ചതാണ്. ആദ്യ കൂടിക്കാഴ്ചയിൽ ഒരു ആരാധകന്റെ കണ്ണോടെ കുറേ നേരം നോക്കിയിരുന്നു. ഡയറ്റ് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

juice

ഞാൻ ചാക്കോച്ചനു വേണ്ടി തയാറാക്കുന്ന വിഭവങ്ങളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഫിഷ് ഫിംഗർ, ചിക്കൻ സ്റ്റേക്ക്, മധുരമില്ലാത്ത ഷാർജ ഷേക്ക് എന്നിവയാണ്. തണുപ്പിച്ച പാൽ, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബദാം, പഴം എന്നിവ ചേർത്തുള്ള ഷേക്ക് മിക്കപ്പോഴും ചോദിച്ചു വാങ്ങിക്കും.

പെരുമ്പാവുരിനടുത്ത് വളയംകുളങ്ങര സ്വദേശിയാണ് അഭിലാഷ്. പാചകത്തിൽ പ്രത്യേകിച്ചൊരു കോഴ്സൊന്നും ചെയ്തിട്ടില്ല, ‘കാരണം പഠിക്കാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു’. ഹോട്ടൽ മാനേജ്മെന്റിൽ തിരുവനന്തപുരം ഐഎച്ച് എമ്മിൽ പരീക്ഷ എഴുതി പാസായിട്ടുണ്ട്. ട്രെയിനിങ്ങിനു ശേഷം പുന്നമടയിലും മാരാരി ബീച്ച് റിസോട്ടിലുമായിരുന്നു ജോലി ചെയ്തത്.

English Summary : When Midnight cravings strike you bang on the Head- video by Kunchacko Boban.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS