പരിപ്പും ഉരുളക്കിഴങ്ങും കൂട്ടിമടുത്ത ഹിന്ദിക്കാർക്ക് സാമ്പാർ വിളമ്പി ലിയയുടെ പാചകപ്പുര

HIGHLIGHTS
  • ഹിന്ദി ഉച്ചാരണത്തിൽ ചില കല്ലുകടികൾ ഉണ്ടെന്ന് അറിയാം
  • മനുഷ്യന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹമുണ്ടായിരുന്നു.
liya-food-vlogger
ലിയ ഡൊമിനിക്ക്
SHARE

നമസ്തേ, 

‘‘ആജ് ആപ് കേലിയേ സാമ്പാർ ബനാത്തി ഹേ...’’, അല്ല, ഈ കേരളത്തിലെ സാമ്പാറിന് ഹിന്ദി സംസാരിക്കുന്ന നാട്ടിലെന്താ ഇത്ര കാര്യം? ചുമ്മാ ഒരു തമാശയ്ക്ക് ചോദിക്കുന്നതല്ല ഇത്. ഈ വലിയ ചോദ്യത്തിനുള്ള ഉത്തരമാണ് കോട്ടയം പൊൻകുന്നം സ്വദേശി ലിയ ഡൊമിനിക്കിന്റെ കയ്യിലുള്ളത്. 

ഉത്തരേന്ത്യക്കാർക്ക് കേരളത്തിന്റെ രസക്കൂട്ട് ഏറെ ഇഷ്ടമാണെന്ന് അനുഭവിച്ചറിഞ്ഞതു കൊണ്ടാണ് ഇത്തരമൊരു പരീക്ഷണവുമായി ഇറങ്ങിത്തിരിച്ചതെന്ന് ലിയ കണ്ണുമടച്ചങ്ങുപറയും. സംശയിക്കേണ്ട ഈ രൂചിക്കൂട്ടിന്റെ റീച്ച് ഇപ്പോൾ ഒരു മില്യനിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് പരീക്ഷണം വിജയമാണ്. 

liya-dominic
ലിയ

Authentic Kerala എന്നാണ് ലിയയുടെ ഈ പരീക്ഷണശാലയുടെ പേര്. മനുഷ്യന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് തുടങ്ങിയ വേറിട്ട പാചക വഴികളെക്കുറിച്ച് ലിയ ഡൊമിനിക്ക് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ആപ് കോൻ ഹേ...!

പ്രഫഷൻ നഴ്സാണ്. ഇന്ത്യയിൽ വിവിധ ആശുപത്രികളിൽ 6 വർഷത്തോളം ജോലി ചെയ്തു. വിവാഹവും കുട്ടികളുമൊക്കെയായി ജോലി ഉപേക്ഷിച്ച് പുണെയിലെ വീട്ടിലിരിക്കുന്ന സമയത്താണ് പാചക വിഡിയോകൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇഡ്ഡലി– സാമ്പാർ, പാലപ്പം– സ്റ്റ്യൂ എന്നിവയിലങ്ങു തുടങ്ങി. 

അവതരണം ഹിന്ദിയിൽ...


ലിയയുടെ കേരളാ കൈപ്പുണ്യം രുചിച്ചറിഞ്ഞ ഉത്തരേന്ത്യൻ സുഹൃത്തുക്കൾ ഇതിന്റെയൊക്കെ രുചിക്കൂട്ടുകൾ തങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. കേരള വിഭവങ്ങളോടുള്ള അവരുടെ താൽപര്യവും ആശ്ചര്യവും കണ്ടപ്പോൾ ഹിന്ദിയിലൊരു പിടി പിടിക്കാമെന്നു ലിയ ഉറപ്പിച്ചു. അങ്ങനെ പാചകം ടോപ് ഗിയറിലാക്കി. 

വിഡിയോ കണ്ട് ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്നതും മെച്ചപ്പെടുത്താനുള്ള ടിപ്സ് പറയുന്നതും നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ തന്നെയാണെന്ന് ലിയ പറയുന്നു. ഹിന്ദി ഉച്ചാരണത്തിൽ ചില കല്ലുകടികൾ ഉണ്ടെന്ന് അറിയാം, എങ്കിലും രുചിക്കൂട്ടുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നു, അവർ പരീക്ഷിക്കുന്നു എന്നതിൽ വളരെ സന്തോഷം. ആർക്കെങ്കിലും ഉപകാരപ്പെടുന്നത് ചെയ്യാൻ സാധിക്കണം എന്ന ആഗ്രഹം മാത്രം.

നഴ്സ്– ആശുപത്രി ജീവിതമായതുകൊണ്ടു വിഡിയോ, എഡിറ്റിങ്, യൂട്യൂബ് ഇതെല്ലാം പുതിയ കാര്യങ്ങളായിരുന്നു. ഭർത്താവ് ഷെറിൻ വർഗീസ് ക്യാമറ, എഡിറ്റിങ് മേഖല അങ്ങ് ഏറ്റെടുത്തു. അതുകൊണ്ട് വലിയൊരു ടെൻഷൻ ഒഴിവായി. 

പരിപ്പ്, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക...കൂട്ടി മടുത്തന്നെ...

ഉത്തരേന്ത്യൻ വിഭവങ്ങളിൽ റോട്ടി, ദാൽ, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്...എന്നിങ്ങനെ ചില വിഭവങ്ങളാണ് പ്രധാനം. എണ്ണിയാൽ തീരാത്ത തരത്തിലുള്ള മധുര പലഹാരങ്ങൾ ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ പോലെ ഒരു വെറൈറ്റി ഇല്ല. ഇത് അവിടെയുള്ള പലരും പറഞ്ഞിട്ടുണ്ട്. അവർക്ക് കേരള വിഭവങ്ങളുടെ വൈവിധ്യവും രുചികളും ഏറെ ഇഷ്ടമാണ്. അതുകൊണ്ട് ഉത്തരേന്ത്യക്കാർക്കുള്ള ലിയയുടെ കേരളാ പാചകപ്പുരയാണ് ഈ യൂട്യൂബ് ചാനൽ. 

English Summary : Authentic Kerala recipes in Hindi, Cooking videos by Liya.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS