ഒറ്റയിരിപ്പിനു 50 ബിരിയാണി കഴിക്കും ഹുസൈൻ; വയറു കത്തിപ്പോകുന്ന വിശപ്പ്...

HIGHLIGHTS
  • സാഹചര്യം ഒത്തു വന്നാൽ ഒറ്റയിരിപ്പിനു 50 ബിരിയാണി തിന്നും
  • അധ്വാനിച്ചു കിട്ടുന്ന പണം തിന്നാൻ തികയുന്നില്ല.
SHARE

‘‘ സാഹചര്യം ഒത്തു വന്നാൽ ഒറ്റയിരിപ്പിനു 50 ബിരിയാണി തിന്നും. മിനിറ്റുകൾക്കുള്ളിൽ ഒരു കുല പഴവും തീർക്കും. മണിക്കൂർ ഒന്നാകുന്നതിനു മുൻപ് അൻപത് പൊറോട്ടയും അതിനു വേണ്ട ബീഫ് ഫ്രൈയും 50 ചായ കൂടി കുടിക്കാനും സന്തോഷമേയുള്ളൂ....തവണ എത്രയാണെന്നൊന്നും നിശ്ചയിട്ടില്ല. ’’

ഹുസ്സൈൻ ചെറുചിരിയോടെ പറയുന്നു. കക്കോടിക്കാരും ചേളന്നൂരുകാരും ചീക്കിലോടുകാരുമൊക്കെ ഹുസൈനെ സ്നേഹത്തോടെ വിളിക്കുന്നൊരു വിളിപ്പേരുണ്ട്. ..‘ ടാർസൻ’.

ഭക്ഷണം കഴിച്ച് കിടപ്പിലായിപ്പോയവർക്കു മുന്നിൽ തെളിഞ്ഞ ചിരിയോടെ നിൽക്കുകയാണ് അൻപതു വയസ്സുപിന്നിട്ട ഹുസൈൻ. പുല്ലാളൂർ തട്ടാരപറമ്പ് സ്വദേശിയായ ഹുസയിൻ ഏറെക്കാലം കക്കോടിയിലെ ചമുട്ട് തൊഴിലാളിയായിരുന്നു. പിന്നീടാണ് ചീക്കിലോട് സ്ഥിരതാമസമാക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കഠിനമായ അധ്വാനവും പരിധിയില്ലാത്ത ഭക്ഷണം കഴിക്കലുമാണ് ഹുസൈന്റേത്. നന്നായി ഭക്ഷണം കഴിക്കുന്നതിനാൽ പൊണ്ണത്തടിയാവുമെന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ ഹുസൈൻ അന്നും ഇന്നും ‘സിക്സ് പാക്ക്’ ആണ്.

കിഴക്കൻമലയിൽ മഴ പെയ്താൽ കക്കോടിപ്പുഴയിൽ വെള്ളം കയറും. ഹുസൈൻ മുപ്പതുകൊല്ലം മുൻപ് കക്കോടിയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ്. പാലം കയറിയിറങ്ങി ചുറ്റിവളഞ്ഞ് പൂവത്തൂരിലേക്ക് ഒരു ചാക്ക് പഞ്ചസാര കൊണ്ടുപോണം. പുഴയ്ക്കക്കരെയാണ്. ചാടി നീന്തിയാൽ നേരെയങ്ങെത്തും. 

ടാർസൻ പഞ്ചസാര ചാക്ക് തലയില് കയറ്റി ഇറങ്ങി നീന്തി. വെള്ളം പൊന്തിവരുന്നസമയത്ത് അരക്വിന്റൽ ചാക്കിലെ ഒരുതരി പഞ്ചസാര പോലും അലിഞ്ഞുപോവാതെ അക്കരെക്കടന്നതോടെയാണത്രേ കക്കോടിക്കാർ ഹുസൈനെ ‘ടാർസനെ’ന്നു സ്നേഹത്തോടെ വിളിച്ചത്. 

ഹുസൈൻ കൈവണ്ടിയിൽ ഭാരം കയറ്റി നാട് മുഴുവൻ ചുറ്റിനടക്കും. സൈക്കിൾ എത്താത്ത സ്ഥലത്തേക്ക് ഭാരം തലയിലെടുത്ത് ഓടിയെത്തും. ചെയ്യുന്ന എന്തിലുമൊരു  ഹുസ്സൈൻ ടച്ച് കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം എത്ര കഴിച്ചാലും പത്തോ ഇരുപതോ മിനിറ്റുകൊണ്ട് കടലാസ് കത്തുന്ന പോലെ കത്തിപ്പോകുകയാണെന്നാണ് ഹുസ്സയിൻ പറയുന്നത്. 50 കിലോ ഭാരമുള്ള വെട്ടുകല്ല് ഒരു തീപ്പെട്ടി പോലെയാണ് ഹുസൈൻ എടുത്തുപൊക്കുക. സാധാരണ ആളുകൾ ഭാരം എടുക്കുന്ന രീതിയല്ല. വിരലിൽ കോർത്ത് അരഭാഗത്തോട് ചേർത്തു നിർത്തിയാണ് ഇദ്ദഹം വെട്ടുകല്ല് കടത്തുന്നത്.

ഹോട്ടൽ ഭക്ഷണത്തിനും സാധനങ്ങൾക്കുമെല്ലാം വില വർധിച്ചതോടെവെട്ടിലായത് ഹുസൈനാണ്. അധ്വാനിച്ചു കിട്ടുന്ന പണം തിന്നാൻ തികയുന്നില്ല. അതിനാൽ പലപ്പോഴും നോമ്പു നോറ്റതുപോലെയാണ് തന്റെ അവസ്ഥയെന്ന് ഹുസൈൻ സങ്കടത്തോടെ പറയുന്നു. അവലും പഞ്ചസാരയും ചേർത്തുകുഴച്ച് പത്ത് കിലോയോളം കഴിക്കും. ആപ്പിളും മുന്തിരിയുമെല്ലാം കൊട്ടക്കണക്കിനും കഴിക്കും. മുൻ കാലങ്ങളിൽ തീറ്റമത്സരങ്ങളിലെ താരമായിരുന്നു ഇദ്ദേഹം. തൃശൂർ വൈലത്തൂരിൽ പോയി തീറ്ററപ്പായിയോടുവരെ മത്സരിച്ചിട്ടുണ്ട്. 

തീറ്റ റപ്പായി (ഫയൽ ചിത്രം)

പതിനഞ്ചാം വയസ്സിൽ ചുമടെടുക്കാൻ തുടങ്ങിയതാണ് ഹുസൈൻ. തന്റെ ജീവിതത്തെയും തന്റെ അധ്വാനത്തെയും ഒരിക്കൽപോലും ഗൗരവത്തോടെ കാണാത്ത മനുഷ്യൻ. അതിനാൽ ആഗ്രഹിക്കുന്ന അളവിൽ ഭക്ഷണം കിട്ടിയില്ലെങ്കിലും പരിഭവങ്ങളൊന്നും ടാർസൻ ഹുസൈനില്ല.

English Summary : Unappeasable appetite, The curious case of Hussainkutty.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}