തീം ബേസ്‌ഡ് കേക്കുകളിൽ പെർഫെക്‌ഷനിസ്റ്റായി രേഖ ജോബി

HIGHLIGHTS
  • തെറ്റിപ്പോയത് തിരുത്തുക, വീണ്ടും പരീക്ഷിക്കുക എന്നതാണ് രേഖയുടെ പോളിസി
  • കേക്കുണ്ടാക്കുന്നതിനിടെ ‘പണികിട്ടിയ’ സംഭവങ്ങളുമുണ്ട്...
രേഖ ജോബി
രേഖ ജോബി
SHARE

രുചികരമായ ഭക്ഷണങ്ങളുണ്ടാക്കി, വീടും കുടുംബവും നോക്കി നടത്തുക എന്ന പ്രിയപ്പെട്ട ഉത്തരവാദിത്തത്തിൽനിന്നു മാസ്റ്റർപീസ് ഡിസൈനർ കേക്കുകളുണ്ടാക്കുന്ന ഹോം ബേക്കറായി മാറുകയായിരുന്നു വീട്ടമ്മയായ രേഖ ജോബി. ബേക്ക്സ്‌റ്റർ എന്ന സംരംഭത്തിലൂടെ രണ്ടു വർഷത്തിനുള്ളിൽ അറുനൂറിൽപരം കേക്കുകൾ. ഫിനിഷിങ്ങിന്റെ കാര്യത്തിൽ കസ്റ്റമേഴ്സ് മുഴുവൻ മാർക്കും രേഖയ്ക്കു കൊടുക്കും. ചാലക്കുടി വെട്ടുകടവ് സ്വദേശിയായ രേഖയ്ക്ക് ഇതു തനിയെ പയറ്റിത്തെളിഞ്ഞ അങ്കം.

പരീക്ഷണങ്ങളുടെ മധുരകാലം

ബികോമും തുടർ പഠനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലം മുതൽ തന്നെ രേഖയ്ക്കു കേക്കുകളോടു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. എങ്ങനെയാണ് കേക്കുണ്ടാക്കുന്നതെന്നു പലരോടും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. എങ്കിലും വീണ്ടും കേക്കുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് 2013ൽ കേക്കുണ്ടാക്കുന്നതിനുള്ള ക്ലാസിൽ പങ്കെടുക്കുന്നത്. അന്നു കുക്കറിലും അവ്നിലും കേക്കുണ്ടാക്കുന്നതിനെപ്പറ്റി പഠിച്ചു. എങ്കിലും പിന്നീട് ഉണ്ടാക്കിയ കേക്കുകളിലും പെർഫെക്‌ഷൻ വന്നതായി തോന്നിയിരുന്നില്ല. 

രേഖ ജോബി
രേഖ ജോബി

ആ സമയത്തു തയ്യൽ ഒറ്റയ്ക്കു പഠിച്ചു ചെയ്യുമായിരുന്നു. ബ്രൈഡൽ വരെയെത്തിയെങ്കിലും കോവിഡ് വ്യാപനത്തോടെ ഓർഡറുകൾ കിട്ടാതായി. പിന്നെ പൂർണ ശ്രദ്ധയും ബേക്കിങ്ങിലായി. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും ബേക്കിങ് വിഡിയോകൾ സ്ഥിരമായി കണ്ടിരുന്നു. അങ്ങനെ പരീക്ഷണങ്ങള്‍ നടത്തിയാണ് രേഖ പെർഫെക്‌ഷനിലേക്കു ചുവടുവച്ചത്. മുൻപും കേക്കുകൾ ഉണ്ടാക്കുമായിരുന്നെങ്കിലും കൊറോണ കാലത്താണ് താൻ കൂടുതൽ മെച്ചപ്പെട്ടതെന്നു രേഖ പറയുന്നു. മകളുടെ പിറന്നാളിന് ഉണ്ടാക്കിയ കേക്കിനു ലഭിച്ച പ്രതികരണങ്ങളായിരുന്നു കേക്കു നിർമാണം വിപുലമാക്കാനുള്ള പ്രേരണ.

തീം ബേസ്ഡ് കേക്കുകൾക്കാണ് ആവശ്യക്കാരേറെ. ബർത്ഡേ പാർട്ടികൾ, കല്യാണം, ബാപ്റ്റിസം തുടങ്ങിയ ചടങ്ങുകൾക്കു ഭംഗിയേറിയ ഡിസൈനർ കേക്കുകൾ രേഖ ഉണ്ടാക്കിക്കൊടുക്കും. ആവശ്യക്കാരുടെ താൽപര്യമനുസരിച്ചു കേക്കിനൊപ്പം കപ് കേക്ക്സ്, പോപ്സിക്കിൾസ്, കേക്ക്സിക്കിൾസ് എന്നിങ്ങനെ സെറ്റായിട്ടും നൽകാറുണ്ട്. ‘‘4 കിലോ വരെയുള്ള കേക്കുകളാണ് ഇപ്പോൾ നിർമിക്കുന്നത്. കേക്കിൽ എന്തെങ്കിലും ഡിസൈനുകൾ കൂടി ഉൾപ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മുപ്പതോളം ഫ്ലേവറുകളിലാണ് കേക്കുകൾ ഉണ്ടാക്കുന്നത്. ഒരു മാസം മുൻപ് വരെ തീം പറഞ്ഞേൽപിക്കുന്നവരുണ്ട്. സമയം കിട്ടും എന്നതാണ് ഗുണം. ചെയ്തുകൊടുക്കാമെന്ന് ഉറപ്പുള്ള ഓർഡറുകൾ മാത്രമേ സ്വീകരിക്കാറുള്ളു. കാരണം കസ്റ്റമേഴ്സിന്റെ തൃപ്തി വളരെ പ്രധാനമാണ്. ഉറക്കം കളഞ്ഞു കേക്കുണ്ടാക്കിയ ഒരുപാട് ദിവസങ്ങളുണ്ടായിട്ടുണ്ട്. എനിക്കിത് ഇഷ്ടമാണെന്നു അറിയാവുന്നതു കൊണ്ടു തന്നെ എല്ലാവരും വീട്ടിൽ അ‍ഡ്ജസ്റ്റു ചെയ്യാറുണ്ട്. അതു കൊണ്ടാണ് ഇതു മുന്നോട്ടു പോകുന്നതും.’’

കൂട്ടായി നിന്ന കൂട്ടുകാർ

‘‘സ്കൂൾകാലത്തെ കൂട്ടുകാരാണ് ആത്മവിശ്വാസം തന്നിരുന്നത്. ബേക്കിങ്ങിനോടുള്ള താൽപര്യം അറിയാവുന്നതു കൊണ്ടുതന്നെ ഇതൊരു കച്ചവടസാധ്യതയാണെന്ന് അവർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. എന്നിരുന്നാലും തൃപ്തി തോന്നാതിരുന്നതു കൊണ്ടാണ് കച്ചവടം എന്ന രീതിയിൽ സമീപിക്കാതിരുന്നത്. പുറത്തു കൊടുക്കുമ്പോൾ മികച്ചതു തന്നെ കൊടുക്കണമെന്നു നിർബന്ധമുണ്ടായിരുന്നു.’’ 

രേഖ ജോബി
രേഖ ജോബി

കോൺഫിഡൻസ് വന്ന ഉടൻ ‘ബേക്ക്‌സ്റ്റർ’ തുടങ്ങുന്ന കാര്യം രേഖ ആദ്യം അറിയിച്ചതും ഇതേ കൂട്ടുകാരെത്തന്നെയാണ്. ഞെട്ടിച്ചു കൊണ്ട് ആദ്യത്തെ ഓർഡർ ഉടനടി കിട്ടി. 3 മണിക്കൂറിനുള്ളിൽ കേക്കു കൊടുക്കാനാണ് കൂട്ടുകാരി ആവശ്യപ്പെട്ടത്. ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അതൊരു ചാലഞ്ചായി കണ്ട് സമയത്തിനു തന്നെ കേക്കു കൊടുത്തു. അതിലൂടെ ആത്മവിശ്വാസം വർധിച്ചു. ക്വാണ്ടിറ്റി, ക്വാളിറ്റി, രുചി അങ്ങനെ എല്ലാം കൊണ്ടും നല്ല അഭിപ്രായം കിട്ടിയതോടെ ഇനി മുന്നോട്ടു തന്നെ എന്നു തീരുമാനിക്കുകയായിരുന്നു. അതോടെ പാഷന്‍ വരുമാനമാർഗം കൂടിയായി. പല പരീക്ഷണങ്ങളിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ ഓരോ പാഠങ്ങളായാണ് രേഖ കാണുന്നത്.

‘‘ചോക്ലേറ്റ് ട്രഫിൾ ആണ് ഇതുവരെ ഉണ്ടാക്കിയതിൽ ഏറ്റവും കൂടുതല്‍ വിറ്റു പോയത്. പുതിയ ഫ്ലേവറുകൾ തേടി വരുന്നവരും ധാരാളം. കളർ മിക്‌സിങ്ങിന്റെയും മറ്റും കാര്യത്തിൽ സംശയം ചോദിക്കാൻ പലരും വിളിക്കാറുണ്ട്. രുചിക്കു വേണ്ടി ഉപയോഗിക്കുന്ന പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പ്രധാനമാണ്. ഉണ്ടാക്കുന്നത് എന്തായാലും അതിനു മാക്സിമം ക്വാളിറ്റി നിർബന്ധം. ചേച്ചിയുടെ ഓരോ കേക്കും മാസ്റ്റർ പീസ് ആണല്ലോ എന്നു പലരും പറയാറുള്ളതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. കസ്റ്റമേഴ്സിൽ കൂടുതലും കൂട്ടുകാരും പരിചയക്കാരും തന്നെയായിരുന്നു. പിന്നീടു കേട്ടറിഞ്ഞു വരുന്നവരുടെ എണ്ണം കൂടി. ചുറ്റുവട്ടത്തു നിന്നല്ലാതെ മറ്റു സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ ഓർഡറുകൾ ലഭിക്കാറുണ്ട്.’’ 

ഫുട്ബോൾ താരം ഐ.എം. വിജയൻ അടക്കമുള്ള സെലിബ്രിറ്റികളുണ്ട് ബേക്ക്സ്റ്ററിന്റെ ഉപഭോക്താക്കളുടെ പട്ടികയിൽ. നല്ല അഭിപ്രായങ്ങൾ തന്നെയാണ് മുന്നോട്ടു പോകുന്നതിൽ രേഖയ്ക്കു പ്രചോദനം. 

ഒറ്റയാൾ പോരാട്ടം

രേഖ ജോബി
രേഖ ജോബി

പുതുതായി എന്തു കണ്ടാലും ചെയ്യാൻ പറ്റുന്നതാണെന്നു തോന്നിയാല്‍ ഒട്ടും വൈകാതെ ഉണ്ടാക്കി നോക്കും. കേക്ക് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം രേഖ ഒറ്റയ്ക്കാണ് ചെയ്യാറ്. മറ്റൊരാൾ കൂടി വന്നാൽ ശ്രദ്ധ മാറാനും അളവു തെറ്റാനും സാധ്യതയുണ്ട്. ആ പേടി ഉള്ളതു കൊണ്ട് കേക്ക് നിർമാണത്തിൽ രേഖ ആരെയും അടുപ്പിക്കാറില്ല. കേക്കുകൾ ഉണ്ടാക്കാനായി മാത്രം വീടിനോടു ചേർന്ന് ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയാണ് രേഖയുടെ പരീക്ഷണങ്ങൾ. കേക്ക് വാങ്ങാനും അറിയാനുമായി എത്തുന്നവർക്ക് ഈ കാഴ്ച കൗതുകമാണ്. എത്രത്തോളം വൃത്തിയിലും ഗുണനിലവാരത്തിലുമാണ് കേക്കുണ്ടാക്കുന്നതെന്ന് വരുന്നവർക്കു കാണാനാകും. അതു വിശ്വാസ്യത വർധിപ്പിക്കാൻ ഏറെ സഹായകമാവുകയും ചെയ്തിട്ടുണ്ട്. 

സ്റ്റുഡിയോ നടത്തുന്ന ഭർത്താവ് ജോബിയും മക്കളായ എബി, എലിസബത്ത്, എസബെൽ എന്നിവരും പൂർണ പിന്തുണയുമായി രേഖയ്ക്കൊപ്പമുണ്ട്. പുതിയ പരീക്ഷണങ്ങൾ രുചിച്ചു നോക്കി വിലയിരുത്തുന്നതും ഇവർ തന്നെയാണ്. 

വെട്ടിലാക്കിയ കറന്റ്
 

കേക്കുണ്ടാക്കുന്നതിനിടെ ‘പണികിട്ടിയ’ സംഭവങ്ങളുമുണ്ട്. ഒരു ഓർഡർ അനുസരിച്ച് കേക്കുണ്ടാക്കാൻ ഒരുങ്ങിയപ്പോൾ വീട്ടിലും നാട്ടിലും കറന്റില്ല. കാത്തു നിൽക്കാൻ നേരമില്ലല്ലോ. ഇഡ്ഡലി ചെമ്പിൽ കേക്കുണ്ടാക്കി സമയത്തു തന്നെ ഓർഡർ കൊടുത്തു. നാലും അഞ്ചും ഓർഡറുകൾ കൊടുക്കേണ്ട ദിവസങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. ക്രിസ്മസ് സമയത്ത് 2 ദിവസം കൊണ്ട് ഇരുപതോളം കേക്കുകൾ ഉണ്ടാക്കേണ്ടി വന്നു. ആവശ്യക്കാർ പറഞ്ഞ സമയത്തിനു കേക്കു കൊടുക്കണമെങ്കിൽ എപ്പോൾ പണി തുടങ്ങണമെന്നു നേരത്തേ തീരുമാനിക്കണം. ആ പ്ലാൻ അനുസരിച്ചാണ് കേക്കുണ്ടാക്കുക. പ്രിസർവേറ്റീവ്സ് ചേർക്കാത്തതു കൊണ്ട് വളരെ നേരത്തേ ഉണ്ടാക്കി സൂക്ഷിക്കാനാവില്ല. 

‘‘എന്തെങ്കിലും ഒരു കഴിവ് ഇല്ലാത്തവരായി ആരുമില്ല. നമ്മുടെ കഴിവ് കണ്ടെത്തി അതിനെ മെച്ചപ്പെടുത്തിയാൽ ഒരു വരുമാനമാർഗം സ്വന്തമാക്കാം.’’ കേക്കുണ്ടാക്കാൻ പഠിക്കുന്നവരോട് തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ് എന്നാണു രേഖയ്ക്കു പറയാനുള്ളത്. ‘‘ആദ്യമേ എല്ലാം സക്സസ് ആവണമെന്നില്ല. ഫ്ലോപ്പായതിനു ശേഷം തന്നെയാണ് ഓരോന്നായി ശരിയായി വരുന്നത്. എക്‌സ്പീരിയൻസിലൂടെയല്ലേ പെർഫെക്‌ഷൻ വരുകയുള്ളൂ.’’

ആദ്യ കാലങ്ങളിലേക്കാൾ ടെൻഷൻ കുറവാണ് ഇപ്പോള്‍. തെറ്റിപ്പോയത് തിരുത്തുക, വീണ്ടും പരീക്ഷിക്കുക എന്നതാണ് രേഖയുടെ പോളിസി. കൂട്ടുകാരും കുടുംബവും കസ്റ്റമേഴ്സും കൂടെയുണ്ട്. അപ്പോൾ കേക്കുകളെ ക്യാൻവാസാക്കി രേഖ ഇനിയും മുന്നോട്ടു തന്നെ.

English Summary : Custom-made cakes and desserts are the highlights of this Chalakudy based home baker.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}