കൂട്ടുകാരുമായി പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോൾ സംഭവിക്കുന്ന അമളികൾ ജീവിതകാലം മുഴുവൻ ചിരിക്കാനുള്ള വകയാകാറുണ്ട്. പ്രത്യേകിച്ച് മുന്തിയ റസ്റ്ററന്റുകളിൽ പോകുമ്പോൾ അവിടുത്തെ ചിട്ടകളും വിളമ്പുന്ന രീതികളുമെല്ലാം പലർക്കും പുതിയ അനുഭവങ്ങളാകും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ‘രുചിക്കഥ’യിൽ പി.എം. നിശാബ്.
പന്ത്രണ്ട് വർഷം മുൻപ് നടന്ന സംഭവമാണ്. ഞാനും എന്‍റെ രണ്ടു സുഹൃത്തുക്കളും ബെംഗളൂരുവിൽ പോയി. സുഹൃത്തിന്‍റെ മെന്‍സ് വെയര്‍ ഷോപ്പിലേക്ക് തുണികൾ വാങ്ങാൻ പോയതാണ്. ഞാനന്ന് ദുബായില്‍നിന്ന് ലീവിന് വന്ന സമയമായിരുന്നു. ഉച്ചഭക്ഷണം എന്‍റെ വകയാണെന്നു പറഞ്ഞത് കേട്ടതും കൂടെ വന്ന സുഹൃത്തുക്കൾ ഉഷാറായി. ബെംഗളൂരുവിൽ നല്ല കേരള ഫുഡ് കിട്ടുന്ന റസ്റ്ററന്‍റ് അന്വേഷിച്ചു കണ്ടുപിടിച്ചു. ആദ്യമായാണ് ഞങ്ങൾ മൂന്നു പേരും അത്രയും വലിയ റസ്റ്ററന്‍റില്‍ കയറുന്നത്. രാജകീയമായ അകത്തളമുള്ള റസ്റ്ററന്‍റിൽ വെയിറ്റര്‍ ഭവ്യതയോടെ ഒാർഡർ എടുക്കാൻ വന്നു. മുറം പോലെ വീതിയുള്ള മെനു കാർഡിലെ വിഭവങ്ങൾ കേരളീയ വിഭവങ്ങളാണെങ്കിലും മൂന്നു പേരും തിരഞ്ഞെടുത്തത് – നെയ്ച്ചോറും ചിക്കൻ കറിയും !
നടപ്പിന്റെ ക്ഷീണവും വിശപ്പം കാരണം ഭക്ഷണം ആർത്തിയോടെ കഴിച്ചു. എല്ലാവരും കോറസായി പറഞ്ഞു – ഭക്ഷണം സൂപ്പർ!
ഭക്ഷണം കഴിച്ച് ബില്ലിനായി കാത്തിരിക്കുമ്പോൾ വെയിറ്റര്‍ മൂന്നു ബൗളുകളില്‍ ചെറുനാരങ്ങയൊക്കെ ഇട്ട വെള്ളം കൊണ്ടു വന്ന് വെച്ചു.
ഞങ്ങൾ പരസ്പരം നോക്കി. ഒന്നും പിടി കിട്ടിയില്ല.
പിന്നെ ഞങ്ങള്‍ പരസ്പരം പറഞ്ഞു : എന്ത് സെറ്റപ്പാലെ... ഇവിടെ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാന്‍ കയറി വന്നപ്പോള്‍ നാരങ്ങാ വെള്ളം ഓര്‍ഡര്‍ ചെയ്യാതെ തന്നെ തന്നിരിക്കുന്നു.
അതിനിടയില്‍ ഒരാൾ പറഞ്ഞു : എടാ... ഇതിന്റേയും കൂടി ബില്ല് അവര്‍ അവസാനം തന്നോളും.... ഇപ്പൊത്തന്നെ വേണ്ടാന്ന് പറഞ്ഞാലോ?
ഗള്‍ഫുകാരന്‍റെ പത്രാസോടെ ഞാന്‍ പറഞ്ഞു : കാശൊന്നും നോക്കേണ്ട... കൊണ്ടുവന്നത് മടക്കുന്നത് മോശമാണ്.

ഇത്രയും പറഞ്ഞ് ഞാനാ ബൗളിൽ ഒരെണ്ണം രണ്ട് കൈകൊണ്ടും താങ്ങി എടുത്ത് വേഗത്തിൽ കുടിച്ചു.
‘പ്രത്യേകിച്ച് ഒരു ടേസ്റ്റുമില്ല. ചെറു ചൂടുള്ള വെള്ളം... വേണ്ടത്ര ഉപ്പുമില്ല. നാരങ്ങയുടെ ചെറിയ പുളിമാത്രം...’
ഇത്രയും പറഞ്ഞ് പൈസ പോയെന്ന ഭാവത്തില്‍ ആ ബൗൾ താഴെ വെച്ച് തൊട്ടടുത്ത ടേബിളിലേക്ക് നോക്കുമ്പോഴുണ്ട് ഞങ്ങള്‍ക്ക് തന്ന അതേ ബൗൾ അവിടെയും വച്ചിരിക്കുന്നു. അവരതില്‍ കൈ കഴുകുന്നു. കൈ കഴുകാനായി കൊണ്ടുവച്ച ബൗളിലെ വെള്ളമാണ് ഞങ്ങളെടുത്ത് കുടിച്ചത് !
അടുത്ത ടേബിളിലിരുന്നവര്‍ ഇതെല്ലാം കണ്ട് അടക്കിപ്പിടിച്ച് ചിരിക്കുന്നു.
ബില്ല് എത്രയെന്നു നോക്കാതെ, കയ്യിൽ തടഞ്ഞ നോട്ടുകൾ ബില്ലിനൊപ്പം വച്ചിട്ട് മൂന്നുപേരും പുറത്തേക്ക് ധൃതിയിൽ ഒാടി.
ആരും അധികം ഇല്ലാത്തൊരിടത്ത് എത്തിയാണ് ഞങ്ങൾ ഓട്ടം നിർത്തിയത്. ഞങ്ങൾക്ക് പറ്റിയ അമളിയോർത്ത് കുറെ നേരം അവിടെനിന്ന് പൊട്ടിച്ചിരിച്ചു.
ഇപ്പോൾ മുന്തിയ റസ്റ്ററന്‍റുകളുടെ പടി കടക്കുമ്പോൾ ഇൗ സംഭവം ഒാർമ വരും.

പ്രിയ വായനക്കാരേ, ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Manorama Pachakam Ruchikadha Series - Nishab P. M. Memoir