ADVERTISEMENT

സാമ്പാറിലെ ഉരുളക്കിഴങ്ങ് ഒഴികെ മറ്റെല്ലാ കഷണങ്ങളും പെറുക്കി മാറ്റുക, അവിയൽ എന്നു കേട്ടാൽ ആ ഭാഗത്തേക്കേ നോക്കാതിരിക്കുക തുടങ്ങി, പച്ചക്കറികളും ഞാനും ശത്രുതാ മനോഭാവത്തോടെ വിരുദ്ധ ധ്രുവങ്ങളിൽ സഞ്ചരിച്ച കുട്ടിക്കാലം. വിശന്നു വയറു ചൂളംവിളിച്ചാൽ മാത്രം കൊടുക്കേണ്ട എന്തോ ആണ് ആഹാരം എന്നു കരുതിയിരുന്ന എന്നെ, തിരിച്ചു കടിക്കാത്തതെന്തും തിന്നുന്ന ഇന്നത്തെ പരുവത്തിൽ പാകപ്പെടുത്തി എടുത്ത ഏഴു വർഷക്കാലമുണ്ട്. അന്നത്തെ രുചിയോർമകൾ, ആഹാരത്തിന്റെ വിലയറിഞ്ഞ നിമിഷങ്ങൾ, വിശപ്പിനോളം വലിയ വികാരമില്ലെന്നു മനസ്സിലാക്കിത്തന്ന അനുഭവങ്ങൾ

 

Manorama Online Pachakam Ruchikadha Series - Parvathy M Panicker Memoir
Representative Image. Photo Credit : Stock Image Factory.com / Shutterstock.com

ഉച്ചയ്ക്കു തന്നു വിടുന്ന ചോറും കറികളും മിച്ചം കൊണ്ടുവരുന്നതിന് അമ്മയുടെ വഴക്ക് സ്ഥിരം കേട്ടിരുന്ന  അഞ്ചാം ക്ലാസുകാരിയിൽനിന്നു ജവാഹർ നവോദയ വിദ്യാലയ എന്ന മറ്റൊരു ലോകത്ത് എത്തിപ്പെടുമ്പോൾ എനിക്കു പ്രായം പത്തര വയസ്സ്. ഒരു വെണ്ടക്ക ഉണക്കി രണ്ടായി കീറിയതു പോലുള്ള കൈയും കാലും, ഒരു ചിരട്ട വെളളത്തിൽ മുങ്ങിച്ചാകാവുന്ന പൊക്കം. ഇങ്ങനെ സർവാരോഗ്യ ദൃഢഗാത്രയായാണ് ഞാൻ നവോദയയിലേക്കു രംഗപ്രവേശം ചെയ്യുന്നത്.

 

വീട്ടിൽ പോകണമെന്നു പറഞ്ഞു കരയരുതെന്ന സീനിയർ ചേച്ചിമാരുടെ ഉപദേശം ശിരസാ വഹിച്ച്, അച്ഛനും അമ്മയും അനിയനും പോയ വഴിയിലേക്കു നോക്കി തികട്ടി വരുന്ന കരച്ചിലിനെ കടിച്ചു പിടിച്ചു ജനാലയ്ക്കരികിൽ നിൽക്കുമ്പോൾ ആദ്യത്തെ വിസിലടി മുഴങ്ങി.. ഇറ്റ്സ് ലഞ്ച് ടൈം. ഹോസ്റ്റലിൽനിന്നു കുറച്ചു മാറിയുള്ള മെസ്സിലേക്ക് ഞങ്ങൾ പുതിയ കുട്ടികൾ ആനയിക്കപ്പെട്ടു. അവിടെ ആഹാരം കിട്ടാൻ പാത്രവും പിടിച്ചു നിൽക്കുന്ന ചേച്ചിമാരുടെ നീണ്ട ക്യൂ. (നവോദയ ആണെങ്കിലും നവോത്ഥാനം ലേശം കുറവായിരുന്നതിനാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കാന്റീൻ വെവ്വേറെയായിരുന്നു). ചോറ്, സാമ്പാർ, പിന്നെ പേരോർമയില്ലാത്ത വേറെ മൂന്നു കറികൾ. വിളമ്പിത്തരുന്നതു മുതിർന്ന ക്ലാസിലെ കുട്ടികൾ തന്നെ. അതും വാങ്ങി ആ വലിയ ഹാളിന്റെ മൂലയിലെ സ്റ്റീൽ മേശയ്ക്കരികിൽ എത്തിയപ്പോൾ ഒരു ടീച്ചർ എത്തി. ‘‘മുഴുവൻ കഴിക്കണം, ഒന്നും കളയാൻ പാടില്ല കേട്ടോ.’’. സാമ്പാർ കഷണങ്ങൾ എന്നെ നോക്കി കളിയാക്കിച്ചിരിച്ചു.. ‘‘നീ അനുഭവിക്കെടീ അനുഭവിക്ക്...’ 

Manorama Online Pachakam Ruchikadha Series - Parvathy M Panicker Memoir

 

പറ്റുന്നില്ല, സാമ്പാറിലെ ബീൻസ് പോലെ തോന്നിക്കുന്ന ചില കഷണങ്ങൾ എത്ര ശ്രമിച്ചിട്ടും കഴിക്കാൻ പറ്റുന്നില്ല. അതിനു നല്ല കയ്പാണ്. അമ്മ ഉണ്ടാക്കിയ മൊരിഞ്ഞ മെഴുക്കുപിരട്ടിയും പുളിശേരിയും കൂട്ടി വീട്ടിൽ അനിയൻ ഇപ്പോൾ ചോറുണ്ണുവാരിക്കും. ചേച്ചിമാരുടെ ഉപദേശം മറന്നു. ആദ്യത്തെ കണ്ണുനീർ ചോറിലേക്കു വീണു. പിന്നീടങ്ങോട്ട് സംഭവ ബഹുലമായ രാപകലുകൾ. ആഹാരം കഴിക്കുമ്പോൾ നിരീക്ഷിക്കാൻ ടീച്ചർമാർ. അവരുടെ മുന്നിലൂടെ വേണം കഴിച്ചിട്ടു പാത്രംകഴുകാൻ പോകാൻ. അതുകൊണ്ട് കളയാൻ നിവൃത്തിയില്ല.

 

Manorama Online Pachakam Ruchikadha Series - Parvathy M Panicker Memoir

മൂന്നാലു മാസം അങ്ങനെ തട്ടീം മുട്ടീം കടന്നുപോയപ്പോൾ അൽപം ധൈര്യമായി. കുറേപ്പേർ ഒരുമിച്ചു കഴിച്ചിറങ്ങുമ്പോൾ അവർക്കിടയിലൂടെ പുറത്തേക്കു കടക്കാം. ഉപ്പുമാവിനൊപ്പം കിട്ടിയ കടലക്കറിയിലെ സവാള പാത്രത്തിന്റെ മൂലകളിൽ ചിതറിയിട്ട് കുറച്ചു കുട്ടികളുടെ മറവിലൂടെ നെഞ്ചുംവിരിച്ചു മുന്നോട്ട്. ടീച്ചർമാരുടെ സീറ്റ് പാസ് ചെയ്തു കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങി ഒരോട്ടമായിരുന്നു. പക്ഷേ അവസാനത്തെ സ്റ്റെപ്പിലേക്കു കാലെടുത്തു വയ്ക്കുന്നതിനു തൊട്ടുമുന്നേ ആ ചോദ്യമെത്തി. ‘‘ആ കടുക്ക എങ്ങോട്ടാ പായുന്നത്?’’ ‘‘പാർവതീ നിന്നെ മേരി ടീച്ചർ വിളിക്കുന്നു.’’ അകമ്പടിയായി കൂട്ടുകാരിയുടെ ശബ്ദം. കള്ളത്തരം കാണിച്ചു പിടിച്ചതിന്റെ പേടി ഒരുവശത്ത്. സവാള മുഴുവൻ കഴിപ്പിക്കുമല്ലോ എന്ന പേടി മറുവശത്ത്. കുതിച്ചിറങ്ങിയ സ്റ്റെപ്പുകൾ വിറച്ച് കയറി ടീച്ചറിന്റെ അടുത്തെത്തി. ആഹാരം കളയരുതെന്ന ഉപദേശത്തിനൊപ്പം ചുട്ട വഴക്കും കിട്ടി. പക്ഷേ സാമ്പാറിൽ കിടക്കുന്ന ആ കയ്പൻ ബീൻസു കഷണങ്ങളും കടലക്കറിയിലെ ഉള്ളിയും കഴിക്കാൻ എന്റെ നാവ് അപ്പോഴൊന്നും പാകപ്പെട്ടില്ല. 

 

Manorama Online Pachakam Ruchikadha Series - Parvathy M Panicker Memoir
Representative Image. Photo Credit : VM2002 / Shutterstock.com

ജനലിന്റെ ഇടയിലൂടെ പുറത്തേക്കു കളയുക, ഗ്ലാസു കൊണ്ടു മൂടിവച്ചു കൊണ്ടു പോകുക, ഗ്ലാസിനുളളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുക തുടങ്ങി പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അന്നല്ലെങ്കിൽ പിറ്റേന്ന് അതെല്ലാം പിടിക്കപ്പെടുക തന്നെ ചെയ്തു. അപ്പോഴേക്കും ഒന്നു രണ്ടു വർഷങ്ങൾ കഴിയുകയും ഞാനും മേരി ടീച്ചറും തമ്മിൽ അഭേദ്യമായ ഒരു കാന്റീൻ ബന്ധം ഉടലെടുക്കുകയും ചെയ്തു. എന്റെ നിഴൽ കാണുമ്പോഴേ ടീച്ചർ നീട്ടി വിളിക്കും. ‘‘പാറൂൂൂൂ...പാത്രം കാണിച്ചിട്ടു പോയാൽ മതി.’’  (പാവം ടീച്ചർ ഏതാനും മാസങ്ങൾക്കു മുൻപു മരിച്ചു പോയി).

 

മറ്റു സ്കൂളിലെ കുട്ടികൾ ശനിയും ഞായറുമാകാൻ കാത്തിരിക്കുമ്പോൾ ഞങ്ങൾ കാത്തിരുന്നത് വ്യാഴാഴ്ചയ്ക്കു വേണ്ടിയായിരുന്നു. അന്നുച്ചയോടെ മെസിൽനിന്ന് ചിക്കൻ കറിയുടെ മണമിങ്ങനെ വായുവിലൂടെ ഒഴുകി നാസാരന്ധ്രങ്ങളിലേക്കൊരു കടന്നു കയറ്റമുണ്ട്. ആ മണം വന്നാൽ പിന്നെ ചുറ്റുമുള്ള മറ്റു മണങ്ങൾ ഒന്നും നമ്മൾ അറിയുകയേ ഇല്ലെന്റെ സാറേ. വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറച്ചാണ് ലഞ്ച് ബ്രേക്ക് വരെ തള്ളിനീക്കുന്നത്. ബെല്ലടിക്കേണ്ട താമസം. മെസിലേക്കൊരു പറക്കലാണ്. അതിശയോക്തി പറയുകയല്ല, അതുപോലൊരു മണമോ രുചിയോ പിന്നീട് ജീവിതത്തിൽ ഇന്നുവരെ അറിഞ്ഞിട്ടില്ല. രുചിമുകുളങ്ങളെ ത്രസിപ്പിക്കുക എന്നൊക്കെ അക്ഷരാർഥത്തിൽ പറയാൻ പറ്റുന്ന അനുഭവം. എനിക്കു മാത്രമല്ല, അക്കാലയളവിൽ കോട്ടയം നവോദയയിൽ പഠിച്ച ആരും ആ രുചി ജീവനുള്ള കാലം മറക്കില്ല. എന്തു മാജിക്കാണു നൂർജഹാൻ ചേച്ചീ നിങ്ങളതിൽ ചേർത്തിരുന്നേ?

 

രാവിലെ 5.30ന് പി.ടിക്കു ഗ്രൗണ്ടിൽ എത്തുന്നതിനു മുൻപുളള കട്ടൻ കാപ്പി, ഇടയ്ക്കു മാത്രം രാത്രിയിൽ കിട്ടിയിരുന്ന കഞ്ഞിയും പയറും ചമ്മന്തിയും നെല്ലിക്കാ അച്ചാറും, ശനിയാഴ്ച രാത്രിയിലെ ചപ്പാത്തിയും ഗ്രീൻപീസ് കറിയും, ചില സീസണിൽ മാത്രം വിളമ്പിയ പൊറോട്ടയും വെജിറ്റബിൾ കുറുമയും, ഓണത്തിന് രണ്ടു കൂട്ടം പായസം കൂട്ടി സദ്യ, ക്രിസ്മസിനു ചിക്കനും മീനും ഉൾപ്പെടെ ഹെവി മീൽസ്, പ്ലസ് ടുക്കാരുടെ സെന്റ് ഓഫ് വരുമ്പോൾ വയ്ക്കുന്ന സ്പെഷൽ ഐറ്റംസ്, ഓഗസ്റ്റ് 15ന് പതാക ഉയർത്തിക്കഴിയുമ്പോൾ കിട്ടുന്ന ലഡു ഇങ്ങനെ ഇന്നും ഓർക്കുമ്പോൾ നാവിൽ വെള്ളമൂറുന്ന രുചിയോർമകളൊക്കെ 6–12 സ്കൂൾ കാലവുമായി ബന്ധപ്പെട്ടാണ്. ആറ്റുനോറ്റു കാത്തിരുന്നു കിട്ടിയ ആ ആഹാരങ്ങളുടെ സ്വാദ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ വിഭവങ്ങൾക്കും തരാൻ പറ്റിയിട്ടില്ല. 9–10 ക്ലാസ് ഒക്കെ ആയപ്പോഴേക്ക് പഴയ എല്ലുന്തിയ രൂപത്തിൽനിന്ന് അത്യാവശ്യം മജ്ജയും മാംസവുമുളള മനുഷ്യക്കോലത്തിലേക്കു ഞാൻ രൂപാന്തരം പ്രാപിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും നവോദയ മെസ് ഫുഡിനു മാത്രം അവകാശപ്പെട്ടതാണ്.

 

മുതിർന്ന ക്ലാസുകളിൽ എല്ലാവരും ഊഴം അനുസരിച്ചു സെർവിങ് ഡ്യൂട്ടി ചെയ്യണം. മറ്റു കുട്ടികൾക്കെല്ലാം വിളമ്പിക്കൊടുത്തശേഷം ഒടുവിൽ കഴിക്കാനെടുക്കുമ്പോൾ വയറിനകത്തുണ്ടാകുന്ന ഒരു കത്തലുണ്ട്. മിച്ചം ഇരിക്കുന്ന ആഹാരം മെസിലെ ചേച്ചിമാരെ സോപ്പിട്ടു കുറച്ചു കൂടുതൽ എടുത്താണു ആ കത്തൽ അണയ്ക്കുന്നത്. മീൻകറിയുള്ള ദിവസമാണെങ്കിൽ സാധാരണ ഒരു കഷണം കിട്ടുമ്പോൾ സെർവിങ് ഡ്യൂട്ടി ദിവസങ്ങളിൽ ചോറിനകത്ത് പൂഴ്ത്തി വച്ച് ഒരു കഷണം കൂടി എടുക്കും.

 

മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണു പേരന്റ്സ് ഡേ. ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ വീട്ടുകാർക്കൊപ്പം സമയം ചെലവിടാം.  അച്ഛനെയും അമ്മയെയും കാണാമല്ലോയെന്ന സന്തോഷമാണോ വീട്ടിലെ ആഹാരം കഴിക്കാമല്ലോ എന്ന ആക്രാന്തമാണോ മുന്നിലെന്നറിയില്ല, അന്നുച്ചയ്ക്ക് മെസിലെ ഭക്ഷണം മിക്കവരും കഴിക്കാറില്ല. വിശാലമായ സ്കൂൾ കോംപൗണ്ടിലും പരിസരത്തും എവിടെ വേണമെങ്കിലും പേരന്റിനൊപ്പം ഇരിക്കാം. തണലുളള സ്ഥലം തേടിപ്പിടിച്ചു പത്രക്കടലാസൊക്കെ വിരിച്ചു ‌കഴിയുമ്പോൾ പയ്യെ അമ്മ ബാഗെടുക്കും. വാട്ടിയ വാഴയിലയിൽ കൊണ്ടുവരുന്ന പൊതിച്ചോറു തുറക്കുമ്പോഴേ നാവിൽ കപ്പലോടിത്തുടങ്ങും. പിന്നെ ഒരൊന്നൊന്നര പിടിത്തമാണ്. ചോറിനോടു മല്ലിട്ടു കഴിയുമ്പോൾ അടുത്ത ഐറ്റത്തിലേക്കു കടക്കും. ചുരുക്കം പറഞ്ഞാൽ അഞ്ചു മണി വരെ തീറ്റയോടു തീറ്റ. അവിടെയും തീരുന്നില്ല. ഹോസ്റ്റലിലേക്കു പാഴ്സൽ കാണും. ഷേബയുടെ അമ്മച്ചി തന്നു വിടുന്ന എല്ലും കപ്പയും സിതാരയുടെ മമ്മിയുടെ പിടിയും ചിക്കൻ കറിയും ദേവികയുടെ വീട്ടിലെ മത്തിക്കറിയും കപ്പ പുഴുങ്ങിയതും അങ്ങനെ ഓരോരുത്തരും സ്പെഷൽ വിഭവങ്ങളുമായാണു വരിക. രാത്രിയിൽ കൂട്ടുകാർക്കൊപ്പം വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ് അതു പങ്കിട്ട് കഴിച്ചിരുന്നത് ഓർക്കുമ്പോൾ വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറയുന്നു. അവധിക്കു വീട്ടിൽ പോയി തിരിച്ചു വരുന്ന ദിവസങ്ങളിലും ഇങ്ങനെ ഒരൊത്തുചേരൽ കാണും. ഒരിക്കലും തിരികെ കിട്ടാത്ത ആ കാലവും രുചികളും. 

 

പേരന്റ്സ് ഡേ കഴിഞ്ഞാൽ കുറച്ചു ദിവസം കുശാലാണ്. വീട്ടിൽ നിന്നുള്ള ഉപ്പേരി, ബിസ്കറ്റ് ഒക്കെ കാണും. പക്ഷേ അതൊക്കെ ഒരാഴ്ചക്കകം കാലിയാകും. അങ്ങനെയിരിക്കെ, ഹോസ്റ്റലിൽ ‘ഈറ്റബിൾസ്’ (സ്നാക്സിന്റെ വിളിപ്പേര്) കൊണ്ടു വയ്ക്കാൻ പാടില്ല എന്നൊരു നിയമം വന്നു. ആരുടെയെങ്കിലും ബാഗിൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ഇടയ്ക്ക് മിന്നൽ പരിശോധനയും. അതാരുടെ തീരുമാനമായിരുന്നെന്നോ എന്തിനായിരുന്നെന്നോ ഇന്നും അറിയില്ല. കള്ളും കഞ്ചാവും ഒന്നുമല്ലല്ലോ, കുറച്ച് പക്കാവടയോ മിക്സ്ചറോ ഒക്കെ അല്ലേ.. അതാ കുഞ്ഞുങ്ങൾ കഴിച്ചോട്ടെ എന്ന് ആർക്കും തോന്നിയിരുന്നില്ലേ?  ഒരു പത്തു വയസ്സുകാരിയുടെ അമ്മ എന്ന നിലയിൽ ആ ഓർമകൾ ഇന്നെനിക്ക് ഒരു വിങ്ങലാണ്. എൻട്രൻസ് പരീക്ഷ എഴുതി പാസായി സ്കോളർഷിപ്പോടെ കേന്ദ്ര സർക്കാരിന്റെ സ്കൂളിൽ സൗജന്യമായി പഠിക്കുന്ന കുട്ടികളാണ്. അവർക്ക് ഇതിൽ കൂടുതൽ സൗകര്യമൊന്നും വേണ്ടെന്ന് ആരാണു ചിന്തിച്ചത്? ഇതിനിടയിലും ബക്കറ്റിൽ തുണി നിറച്ച് അതിനുള്ളിലും തലയിണക്കിടയിലും ബിസ്കറ്റ് പാക്കറ്റുകൾ ഒളിപ്പിച്ച വിരുതത്തികളും കുറവല്ല. 

 

പച്ചവെള്ളത്തിനാണു ലോകത്തിലേക്കും ഏറ്റവും രുചി എന്നറിഞ്ഞ സംഭവം എന്റെ പ്ലസ് വൺ കാലത്താണ് അരങ്ങേറിയത്. വർഷം തോറും നടത്തുന്ന ഹൗസ് ഡേകളുടെ ചുമതല പ്ലസ് വൺ ബാച്ചിനാണ്. മൂന്നു മണിക്കൂറോളം നീളുന്ന കലാപരിപാടികളാണ് ഓരോ ഹൗസും ഒരുക്കേണ്ടത്. എ ടു സെഡ് കാര്യങ്ങൾക്ക് ഓടി നടക്കണം. ഞങ്ങളുടെ നീലഗിരി ഹൗസിന്റെ ഹൗസ് ഡേയുടെ തലേ ദിവസം എല്ലാമൊന്നടുപ്പിച്ച് ഞങ്ങൾ പ്ലസ് വൺകാർ ഒന്നിരുന്നപ്പോൾ സമയം പുലർച്ചെ ഒന്നര.

 

എനിക്കു തൊണ്ട വറ്റി വരളുന്ന ദാഹം. ഉണ്ടായിരുന്ന വെള്ളം ഡാൻസ് പ്രാക്ടീസിനിടെ തീർന്നു. പൈപ്പിൽ വെളളം വരണമെങ്കിൽ രാവിലെ ഏഴാകണം. ഡോർമിറ്ററിയിൽ ജൂനിയേഴ്സിന്റെ മുറികളിൽ കയറി ആരെയും ഉണർത്താതെ വെള്ളം തപ്പാൻ തുടങ്ങി. ഒറ്റക്കുപ്പിയിൽ വെള്ളമില്ല. തപ്പിത്തപ്പി താഴെത്തെ ഫ്ലോറിലെത്തിയപ്പോൾ ഒരു കുപ്പിയിൽ പകുതിയോളം വെള്ളം. ഗ്രഹണി പിടിച്ച കുഞ്ഞ് ചക്കക്കൂട്ടാൻ കണ്ടപോലെ ആ കുപ്പി തുറന്നു വായിലേക്കൊരു കമത്തായിരുന്നു. ഈശ്വരാ പച്ച വെളിച്ചെണ്ണ. വരാന്തയിൽ നിന്നുളള അരണ്ട വെളിച്ചത്തിൽ പച്ച വെള്ളവും പച്ച വെളിച്ചെണ്ണയും എങ്ങനെ തിരിച്ചറിയാൻ? പിറ്റേന്നത്തേക്കു കുളിക്കാൻ ബക്കറ്റിൽ പിടിച്ചു വച്ചിരുന്ന വെളളത്തിൽനിന്ന് അരമഗ് എടുത്ത് ആർത്തിയോടെ കുടിക്കുമ്പോൾ അകലെ പാതിരാക്കോഴി കൂവി..

 

ഓണസദ്യ കഴിഞ്ഞ് അനങ്ങാൻ വയ്യാതെ, ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഹോസ്റ്റലിൽ വെറുംനിലത്ത് കമിഴ്ന്നു കിടന്നതും ആരും കാണാതെ ക്ലാസിൽ കൊണ്ടുപോയ ചീട ഉരുണ്ടുരുണ്ട് ടീച്ചറിന്റെ മേശക്കരികിൽ എത്തിയപ്പോൾ ഒന്നുമറിയാത്ത പോലെ ചിരി കടിച്ചുപിടിച്ചിരുന്നതും തുടങ്ങി എഴുതിയാൽ തീരാത്ത  എത്രയെത്ര രുചി അനുഭവങ്ങൾ.

 

സ്കൂൾ ജീവിതം അവസാനിച്ചു തിരികെ പോന്നിട്ടു വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും അവിടുന്നു പഠിച്ച പാഠങ്ങൾ ഇന്നും അമൂല്യമായിത്തന്നെ കൂടെയുണ്ട്. വിശപ്പിന്റെ വിലയറിഞ്ഞവർ ആഹാരം പാഴാക്കില്ലെന്നത് പ്രപഞ്ച സത്യമാണ്. പിന്നീട് ഞാൻ ഒരു വറ്റു ചോറും പോലും വെറുതെ കളഞ്ഞിട്ടില്ല. എനിക്കു വേണ്ടാ എന്നു തോന്നുന്ന ഒന്നും ഞാനെന്റെ പാത്രത്തിലേക്ക് എടുക്കാറില്ല. ഒരു ആഹാരത്തിനും രുചി കുറവാണെന്ന് എനിക്കു തോന്നാറില്ല. അഥവാ, എന്തെങ്കിലും വേണ്ട, കളഞ്ഞേക്കാമെന്നു വച്ചാലോ, ഓർമയിൽ എന്റെ മേരി ടീച്ചർ ഓടിയെത്തി പറയും.. ‘‘പാറൂൂ പാത്രം കാണിച്ചിട്ടു പോയാൽ മതി...’’

 

Content Summary : Pachakam Ruchikadha Series - Parvathy M Panicker Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com