ADVERTISEMENT

കരുമുരാന്നു കൊറിക്കാം. കരിയില പച്ചനിറത്തിൽ വറുത്തെടുത്തതുപോലെ. ചെമ്മീൻരുചി പോലെ. പക്ഷേ, ചെമ്മീനില്ല. പരിസരത്തുകൂടി ചെമ്മീൻ പോയതിന്റെ ഒരു ഫീൽ. പക്കാ വെജ് ഐറ്റമാണ്. പാലക് ടെംപ്യൂറ. ചീരയാണ്. പാലക് തന്നെ. കിടു സ്റ്റാർട്ടറാണ്.

 

പാലക് കരുമുരാന്നു കടന്നുപോയാലുടൻ അടുത്തതു പിടിക്കാം. വൈൽഡ് ഗ്രിൽഡ് പ്രോൺസ്. ഒന്നരയിഞ്ചു നീളവും അതിനൊത്ത വണ്ണവും ചെമചമന്ന നിറവുമുള്ള ചെമ്മീൻ. തോടുകളയാതെ തവയിൽ ഗ്രിൽ ചെയ്തതാണ്. ചുവപ്പുകണ്ടാൽതോന്നും ഭയങ്കര എരിവാണെന്ന്. അല്ല. നേരിയ എരിവ്.

 

ചെമ്മീനുണ്ടാക്കുമ്പോൾ എരിവാണെങ്കിലും പുളിയാണെങ്കിലുമെന്ത്? ചെമ്മീനല്ലേ... തായ് ചില്ലിയുടേതാണ് എരിവ്. സൂക്ഷ്മം. ചെറിയ ഉള്ളിയും വെളുത്തുള്ളി അല്ലികളും ചേർത്ത് അരച്ചതാണു രുചിയുടെ രഹസ്യമെന്നു തോന്നാം. തീർന്നില്ല. തേങ്ങാപ്പാലിന്റെ സുഖം എവിടെയൊക്കെയോ അരിച്ചുവരുന്നുണ്ട്.

 

ദേശീയപാതാ ബൈപാസിൽ ചളിക്കവട്ടത്തുള്ള ഗ്രാൻഡ് എൻട്രീ ഭക്ഷണശാലയിൽ അരിച്ചുകയറുന്ന രുചിക്കൂട്ടങ്ങളിൽ ഒന്നുമാത്രമാണു ചെമ്മീൻ വൈൽഡ് ഗ്രിൽഡ്. തേങ്ങാപ്പാലിന്റെ രുചി വരുന്നതു തേങ്ങാപ്പാൽപ്പൊടി ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർന്നു നൈസായി ചെമ്മീനിൽ നന്നായി പിടിച്ചതുകൊണ്ടാണെന്നു പറഞ്ഞുതരും എക്സിക്യുട്ടീവ് ഷെഫ് സിയാവുദ്ദീൻ. ചെമ്മീൻ കഴിഞ്ഞാൽപിന്നെ ഫിഷ് കാന്താരി പരീക്ഷിക്കാം. എരിവു പേടിക്കേണ്ടതില്ല. കുത്തലില്ല, കത്തലില്ല. എരിവിന്റെ പൊള്ളലിനു പകരം തീയുടെ അടുത്തു നിൽക്കുമ്പോഴുള്ള ഫീൽ മാത്രം. കഴിച്ചിട്ടു കുറച്ചുനേരം ചുമ്മാതിരുന്നാൽ എരിവു നീറിപ്പിടിക്കുന്നത് അനുഭവിക്കാം.

 

ഫ്യൂഷൻ റസ്റ്ററന്റാണു ഗ്രാൻഡ് എൻട്രീ. വിവിധ രുചികളുടെ സമന്വയമാണ്. വിദേശ രുചികളും തനതു വിഭവങ്ങളും ചേർന്നുള്ള മേളം. മംഗോളിയൻ ബീഫ് റിബ്സ് അതിനൊരു ഉദാഹരണമാണ്. സംഗതി ആവിയിൽ പാകപ്പെടുത്തുന്നതാണ്. ചൈനീസ്. സോ സോഫ്റ്റ്... കൊച്ചിക്കാരുടെ ഭാഷയിൽ ‘ക്ടാവിന്റെ എറച്ചി’ പോലെ. ഡാർക് സോയ സോസിൽ സിസ്മെ ഓയിൽ, ടുമാറ്റോ കെച്ചപ്, മുളകരപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന ബീഫാണ്. വലിയ കഷണങ്ങൾ. തൊട്ടാൽ മൃദുവായി അടർന്നുപോരും. നാവിൽ അലിഞ്ഞുപോകും. പിന്നെയൊരു സീക്രട്ട് ചേരുവയുമുണ്ട്. അതു പറഞ്ഞുതരില്ല സിയാവുദ്ദീൻ. ഗ്രാൻഡ് എൻട്രീ രാവിലെ 11 മുതൽ രാത്രി 12 വരെ തുറന്നിരിക്കും.

 

English Summary : Enjoy the taste of prawns in Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com