ADVERTISEMENT

ചില വിഭവങ്ങൾ ഒറ്റ നോട്ടത്തിൽ ഒരുപോലെയിരിക്കും. കല്യാണ സദ്യയ്ക്കു ചെന്നാൽ പലപ്പോഴും ഭക്ഷണ പ്രേമികൾക്ക് ആശയക്കുഴപ്പം സംഭവിക്കാം. ഭക്ഷണം വായിൽവച്ചു കഴിയുമ്പോഴായിരിക്കും ഉദ്ദേശിച്ച വിഭവമല്ലെന്നു തിരിച്ചറിയുന്നത്. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് ഫൈസൽ നാലകത്ത്.

 

അന്നും ഇന്നും ചിക്കൻ വിഭവങ്ങളോട് പ്രിയമാണ്. കാരണം മാസങ്ങളുടെ ഇടവേളകളിലായിരിക്കും ചിക്കൻ വിഭവങ്ങൾ വീട്ടിൽ വയ്ക്കുക. അടുത്ത ബന്ധുക്കൾ വിരുന്നിനു വരുമ്പോൾ സ്പെഷൽ വിഭവമായി ചിക്കൻ കറി മേശപ്പുറത്തു വരും. ബന്ധുക്കൾ പോയി കഴിഞ്ഞാവും വീട്ടിലുള്ളവർക്ക് വിളമ്പുക. കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നെങ്കിലും കൊതി മാറുന്നതു വരെ കഴിക്കാനൊന്നും അന്ന് സാധിച്ചിരുന്നില്ല. ചിക്കൻ കറിയുടെ ധാരാളിത്തമൊന്നും അക്കാലത്ത് ഞങ്ങളുടെ അടുക്കളയിലുണ്ടായിരുന്നില്ല. ചോറിന് ഒന്നോ രണ്ടോ കറികൾ കാണും. ഓരോ മാസവും ഏതെങ്കിലും ബന്ധു വിരുന്നിനു വരാൻ ഞങ്ങൾ കുട്ടികൾ പ്രാർഥിക്കുമായിരുന്നു. പിന്നീട് കല്യാണങ്ങളാണ് ആകെയുള്ള പ്രതീക്ഷ. നെയ്ചോറും കോഴിക്കറിയും ബിരിയാണിയുമല്ലൊം വയറു നിറച്ചു കഴിക്കാൻ കിട്ടുന്ന അവസരം. അന്നത്തെ കല്യാണങ്ങൾക്ക് വിളമ്പുന്നവർക്കും മുന്നിലിരിക്കുന്ന വ്യക്തികളുടെ മനസ്സും വയറും ഒരു പോലെ നിറയ്ക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് കല്യാണങ്ങൾക്ക് പോകാൻ വളരെ ഉത്സാഹിച്ചിരുന്നു. അങ്ങനെ അടുത്ത ബന്ധുവിന്റെ കല്യാണ ദിവസമെത്തി. ഞാനും സഹോദരനും കല്യാണത്തിന് ഉൽസാഹത്തോടെ പോയി. ഉച്ചഭക്ഷണം വധുവിന്റെ വീട്ടിൽനിന്നു കഴിച്ച് വൈകുന്നേരത്തെ സൽക്കാരത്തിനു വേണ്ടി വരന്റെ വീട്ടിലെത്തി.  

 

ആദ്യ പന്തിയിൽ സീറ്റ് കിട്ടാത്തതുകൊണ്ട് രണ്ടാമത്തെ പന്തിയിൽ ആദ്യമേ ഇരിക്കാൻ വേണ്ടി ഞാനും സഹോദരനും അനുയോജ്യമായ സ്ഥലം കണ്ടെത്തി. മെനുവിൽ ചിക്കൻ 65 ഉണ്ടെന്ന് ആരോ പറഞ്ഞതു കേട്ട് ഞങ്ങളുടെ മനസ്സിൽ ല‍ഡു പൊട്ടി. രണ്ടാം പന്തിയിൽ ചിക്കൻ 65 അങ്ങനെ ഞങ്ങളുടെ അടുക്കലെത്തി. ചെറിയ തവിയിൽ കഷ്ണങ്ങൾ‍ ഞങ്ങളുടെ പാത്രത്തിൽ വിളമ്പി. 

 

ഒരു കഷ്ണം കൊതിയോടെ വായിൽ ഇട്ടപ്പോൾത്തന്നെ ഞങ്ങൾ പരസ്പരം നോക്കി ആ സത്യം മനസ്സിലാക്കി. 

Manorama Online Pachakam Ruchikadha Series - Faizal Nalakath Memoir
ഫൈസൽ നാലകത്ത്

 

സഹോദരൻ പരിസരം മറന്ന് അൽപം സ്വരമുയർത്തി പറഞ്ഞു, എടാ ഇത് ചിക്കൻ പൊരിച്ചത് അല്ലാട്ടാ.... ചില്ലി ഗോബി പൊരിച്ചതാണെന്ന്...

 

മണവാളനും മണവാട്ടിയും ഒഴികെ പന്തലിലുള്ളവർ എല്ലാം അത് കേട്ടെന്നാണ് എന്റെ വിശ്വാസം

 

ഇന്നും ചില്ലി ഗോബി കാണുമ്പോൾ അന്നത്തെ കല്യാണ വിരുന്ന് എനിക്ക് ഒാർമ വരും.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - Faizal Nalakath Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com