ADVERTISEMENT

പച്ചക്കറിസദ്യയുണ്ടു മടുത്തവരോടു ചിലതു പറയാനുണ്ട്. സദ്യയ്ക്കു സദ്യതന്നെ ശാന്തി എന്നു സലിംകുമാർ സ്റ്റൈലിൽ ഡയലോഗ്. മടുപ്പുമാറ്റാൻ ഉശിരനൊരു മറുമരുന്ന്. സദ്യയുടെ വട്ടത്തിൽ അതേ ഭാവത്തിൽ, രൂപത്തിൽ മറ്റൊരു സദ്യ. കിടിലൻ നോൺ വെജ് സദ്യ. മട്ടനും ചിക്കനുമുണ്ട്, ബീഫും മീനും ഇല്ല. എങ്ങനെയുണ്ടെന്നു കഴിച്ചിട്ടു പറയുക.

 

ഇലയുടെ ആകൃതിയിലുള്ള തളികയിൽ കൃത്യം വലുപ്പത്തിൽ വെട്ടിയിട്ട ഇലയിലാണു ബിരിയാണിസദ്യ. ഉപ്പുമുതൽ പച്ചമോരുവരെ എണ്ണിയെടുത്താൽ 21 ഐറ്റംസുണ്ടാകും. നാരങ്ങാവെള്ളവും ചെറുപഴവും ഒക്കെയുണ്ട്. പക്ഷേ, അതൊന്നുമല്ല ഈ തളികയിലെ താരങ്ങൾ.  സ്റ്റാർട്ടറുകളാണ്. രുചിയുടെ വെടിമരുന്നു നിറച്ച വിഭവങ്ങൾ.

 

ഡിണ്ടിഗൽ തലപ്പാക്കട്ടി ഭക്ഷണശാലകളിലാണ് ഈ നോൺ വെജ് സദ്യയുടെ ഓണം അരങ്ങേറുന്നത്. വിഭവങ്ങളുടെ പട്ടിക ഇങ്ങനെ: ഉപ്പ്, അച്ചാർ, മധുരമുള്ളതും അല്ലാത്തതുമായ ഏത്തയ്ക്കാ ചിപ്സ്, പഴം, കോഴിക്കാൽ റോസ്റ്റ്, കോഴി പൊരിച്ചത്, മട്ടൻ സുക്ക, ചിക്കൻ 65, സോയ വറവൽ,  കോല ഉറുണ്ട, റെയ്ത്ത, ചിക്കൻ കുളമ്പ്, മയോണൈസ്, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, പപ്പടം, കരിപ്പെട്ടി പായസം, ഗുലാബ് ജാമൂൻ, പച്ചമോര്, ലൈം ജ്യൂസ്.

 

സ്റ്റാർട്ടറുകളിൽ ഏതിൽ ആദ്യം പിടിക്കണം എന്നു ചോദിച്ചാൽ തലപ്പാക്കട്ടി ഷെഫ് പറയും, തളികയിൽ ഇടത്തുനിന്നു പിടിച്ചോളാൻ. ആദ്യം കോഴിക്കാൽ റോസ്റ്റാണ്. കാഴ്ച്ചയ്ക്കു ഫ്രൈ എന്നു തോന്നും. അല്ല, സിംപ്ലനാണ്. മൃദുവായി വെന്ത പക്കാ റോസ്റ്റ്. കയ്യിലെടുത്തു കടിക്കണം. കടിക്കുമ്പോൾ കോഴിയുടെ രസച്ചാറ് ഊറിവന്നു നിങ്ങളെ രസിപ്പിക്കും, ആവേശഭരിതനാക്കും. അടുത്തത് ഈർക്കിലിൽ കോർത്തു വറുത്തെടുത്ത കോഴിയിറച്ചിയാണ്. കാഴ്ചയ്ക്കു മുളകു ബജിപോലെ. പിന്നെ വരുന്നു, മട്ടൻ സുക്ക. എല്ലുള്ള കഷണമാണ്. വറുത്തു ബോറാക്കിയിട്ടില്ല. നല്ല പാകം, നളപാകം. എല്ലും  കടിച്ചുതിന്നാൻ തോന്നും. നേർത്ത മസാലക്കൂട്ടിൽ പൊതിഞ്ഞുവച്ചിരിക്കുകയാണ് ആട്ടിറച്ചിക്കഷണത്തെ. അടുത്ത  വിഭവത്തിൽ  പിടിക്കുമ്പോൾ സംശയം തോന്നാം, വീണ്ടും ചിക്കൻ? അല്ല, അസ്സൽ സോയ പീസ്. വറവൽ. തനി തമിഴ്ശൈലിയിൽ. പിന്നെ 65. സ്റ്റാർട്ടറുകളിലെ അവസാനത്തേതു കോല ഉറുണ്ടയാണ്. ഉണ്ട തന്നെ. എല്ലുനീക്കിയ ആട്ടിറച്ചി ചെറിയ അവലോസുണ്ട വലുപ്പത്തിൽ മുരുമുരാ പൊരിച്ചുവച്ചിരിക്കുന്നു. ഇത്രയും സാധനങ്ങൾ അച്ചടക്കത്തോടെ കഴിക്കണം. പിന്നെ, ചെറിയ ഓട്ടുകിണ്ണത്തിൽ നിറച്ചുവച്ച രണ്ടുതരം ബിരിയാണി. മട്ടനും ചിക്കനും. ആദ്യം ഏതുവേണമെന്ന് ഇഷ്ടമനുസരിച്ചു തീരുമാനിക്കാം. രണ്ടും തമിഴ് ശൈലിയിലാണ്. മലബാർ ബിരിയാണിയോ മട്ടാഞ്ചേരി ബിരിയാണിയോ തലശ്ശേരി ബിരിയാണിയോ ഇഷ്ടപ്പെടുന്നവർ അവ മറന്നിട്ടുമാത്രം ഇതിൽപ്പിടിക്കുക.  തമിഴ്മസാലകളുടെ മണം, നെയ്മണത്തിൽ കലർന്നുയരും. കയ്യിൽ നെയ് പറ്റുമെന്നു പേടിവേണ്ട. മട്ടനായാലും ചിക്കനായാലും ഒറ്റപ്പീസേ ഉണ്ടാവൂ.

വെജ് സദ്യ മതിയെന്നുള്ളവർക്ക് അതും വിളമ്പുന്നുണ്ട്. പരിപ്പുവടയും വെജ് റോളും പനീറും ബേബി കോണും ഗോബിയുമെല്ലാമുണ്ട്. വെജ് ബിരിയാണിയും പിനീർ ബിരിയാണിയുമാണു മെയിൻ. കളമശേരിയിൽ കണ്ടെയ്നർ റോഡിലുള്ള കടയിലും പനമ്പിള്ളി നഗർ ശാലയിലും ഈ സ്പെഷൽ സദ്യകളുണ്ടാകും. ഇന്നുംനാളെയുംകൂടി മാത്രം. നേരത്തെ വിളിച്ചുപറഞ്ഞാൽ സംഗതി റെഡിയാക്കിവച്ചിട്ടുണ്ടാകും. 

 

ഒന്നുകൂടി പറയാം. ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി സദ്യയ്ക്ക് വിലയൽപം കൂടുതലാണ്. നോൺവെജ്: 749 രൂപ. വെജ്: 499.

 

Content Summary : Dindigul thalappakatti biriyani sadhya, Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com