ഭക്ഷ്യ ശൃംഖലയിലും പ്ലാസ്റ്റിക് സാന്നിധ്യം; മനുഷ്യർക്കു ഭീഷണിയാകുമോ?

HIGHLIGHTS
  • മണ്ണിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ പ്ലാസ്റ്റിക് സംയുക്തങ്ങൾ ഭീഷണിയാകുമോ...
plastic-in-fish
Image Credit : tviolet / Shutterstock
SHARE

പരിസ്ഥിതിക്കും ആരോഗ്യത്തിനും ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഏറെനാളായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങി നാം കഴിക്കുന്ന പലതിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഉണ്ടെന്നും നാനോ പ്ലാസ്റ്റിക് സംയുക്തങ്ങൾ ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നുവെന്നും ഈസ്റ്റേൺ ഫിൻലൻഡ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ആയിരം നാനോ മീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള പ്ലാസ്റ്റിക്കുകളെയാണ് നാനോ പ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നത്. (മീറ്ററിനെ ഒരു ബില്യൻ കഷ്ണങ്ങളായി മുറിച്ചാൽ അതിലൊന്നിന്റെ നീളമാണ് നാനോമീറ്റർ).

എങ്ങനെയാണ് ഗവേഷണം നടന്നത്?

ഈ മാസം 12 ന് ജേണൽ നാനോ ടുഡേ എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനപ്രകാരം, ജന്തുജാലങ്ങളിലെ നാനോ പ്ലാസ്റ്റിക്കിന്റെ അളവ്, സാന്നിധ്യം എന്നിവ കണ്ടെത്തുന്നതിനായി നൂതനമായ മെറ്റാലിക് ഫിംഗർപ്രിന്റ് ബേസ്ഡ് രീതിയാണ് ഇവർ ഉപയോഗിച്ചത്.

ലെറ്റ്യുസ് പ്രാഥമിക ഉത്പാദകരും ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ പ്രാഥമിക ഉപഭോക്താക്കളും പ്രാണികളെയും മറ്റും കഴിക്കുന്ന റോച്ച് മത്സ്യം ദ്വിതീയ ഉപഭോക്താക്കളും ആയ, മൂന്നു തലങ്ങളുള്ള ഒരു ഭക്ഷ്യ ശൃംഖലയിലാണ് ഗവേഷകർ ഈ രീതി പ്രയോഗിച്ചത്.

പോളിസ്റ്റൈറീൻ (PS), പോളിവിനൈൽ ക്ലോറൈഡ് (PVC) തുടങ്ങി പരിസ്ഥിതിയിൽ സാധാരണമായി കാണുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാനോ പ്ലാസ്റ്റിക് സംയുക്തങ്ങൾ അടങ്ങിയ മണ്ണുമായി രണ്ടാഴ്ച ഗവേഷകർ ലെറ്റ്യൂസ് ചെടികൾക്ക് സമ്പർക്കം ഉറപ്പാക്കി. തുടർന്ന് ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവയ്ക്ക് ആഹാരമായി ഈ ചെടികൾ നൽകി. പ്രോട്ടീൻ സ്രോതസ്സായി ലോകമെമ്പാടും ഉപയോഗിക്കുന്ന ഇറച്ചിക്കോഴി, കാലികൾ എന്നിവയ്ക്ക് തീറ്റയായി നൽകുന്നതാണ് ഈ ലാർവ.

അഞ്ചുദിവസം ലെറ്റ്യുസ് ചെടികൾ ഭക്ഷണമായി നൽകിയ ഈ ലാർവകളെ അടുത്ത അഞ്ചുദിവസം റോഷ് മത്സ്യത്തിന് ഭക്ഷണമായി നൽകി. ശുദ്ധജലത്തിലും കായൽ ജലത്തിലും കാണപ്പെടുന്ന ഈ മത്സ്യങ്ങളെ പലപ്പോഴും ഭക്ഷണമായും ഇരകളായും മനുഷ്യർ ഉപയോഗിക്കാറുള്ളവയാണ്.

പ്ലാസ്റ്റിക്കിന്റെ ഭക്ഷ്യ ശൃംഖലയിലൂടെയുള്ള യാത്ര

തുടർന്ന് സ്‌കാനിങ് മൈക്രോസ്കോപ്പിലൂടെ ഗവേഷകർ ഈ മൂന്ന് ജീവജാലങ്ങളെയും വിശദമായി പരിശോധിച്ചു. ലെറ്റ്യുസ് ചെടിയുടെ വേരുകൾ മണ്ണിൽനിന്നു വലിച്ചെടുത്ത നാനോ പ്ലാസ്റ്റിക് സംയുക്തങ്ങൾ അവയുടെ ഇലകളിൽ വരെ എത്തിയതായി കണ്ടു. ലെറ്റ്യൂസിൽനിന്ന് അവ പ്രാണികളുടെ ശരീരത്തിലും കടന്നു.

ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവയിൽ നടത്തിയ പരിശോധനയിൽ അവയുടെ വായ്ക്കുള്ളിലും ദഹന വ്യവസ്ഥയിലും നാനോ പ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞു. എന്നാൽ ഇവ രണ്ടിലും പിവിസി സംയുക്തങ്ങളെക്കാൾ കുറഞ്ഞ അളവ് പിഎസ് നാനോ പ്ലാസ്റ്റിക് സാന്നിധ്യമാണ് ഉണ്ടായത്.

ജന്തുശരീരത്തിന്റെ സ്വാഭാവിക സുരക്ഷാ ഭിത്തികൾ കടന്ന് ഉള്ളിൽ പ്രവേശിക്കാൻ തങ്ങളുടെ വലുപ്പക്കുറവ് നാനോ പ്ലാസ്റ്റിക്കുകളെ സഹായിക്കുന്നു. മണ്ണിൽനിന്നു ചെടികൾ വലിച്ചെടുക്കുന്ന നാനോ പ്ലാസ്റ്റിക് സംയുക്തങ്ങളുടെ അളവ്‌ പരിശോധിച്ചാൽ മനുഷ്യന്റെ ഭക്ഷ്യ ശൃംഖലയിലും ശരീരത്തിലും എത്ര അളവിൽ പ്ലാസ്റ്റിക് വരാൻ സാധ്യതയുണ്ടെന്നു തിരിച്ചറിയാനാകും എന്ന പ്രതീക്ഷയും ഗവേഷകർ പങ്കുവയ്ക്കുന്നുണ്ട്.

ലെറ്റ്യൂസ് ചെടികൾ മണ്ണിൽനിന്നു വലിച്ചെടുക്കുന്ന നാനോ പ്ലാസ്റ്റിക് സംയുക്തങ്ങൾ നമ്മുടെ ഭക്ഷ്യ ശൃംഖലയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതായി ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ മുതിർന്ന ഗവേഷകൻ ഡോ. ഫാസൽ മോണിഖ് പറയുന്നു. ഈ പഠനങ്ങൾ മറ്റ് ചെടികൾക്കും വിളകൾക്കും ബാധകമാണ് എങ്കിൽ, മണ്ണിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ പ്ലാസ്റ്റിക് സംയുക്തങ്ങൾ മനുഷ്യനും സസ്യാഹാരികൾക്കും ഭീഷണി സൃഷ്ടിക്കാൻ ഇടയുണ്ട് എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.

Content Summary : The tiniest specks of plastic can enter the human food chain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA