ADVERTISEMENT

പുതിയ ജീവിത, തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതാണോ മാനസിക പിരിമുറുക്കം? അല്ല എന്നു തന്നെയാണ് ഉത്തരം. എല്ലാക്കാലത്തും മനുഷ്യൻ മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ പണ്ടുകാലത്ത് അതിനെ എങ്ങനെയാണ് മനുഷ്യർ അതിജീവിച്ചിരുന്നതെന്ന് നോക്കേണ്ടതുണ്ട്. നല്ല ഭക്ഷണമാണ് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മികച്ച ഔഷധം. നമ്മുടെ പൂർവികർ ഇക്കാര്യങ്ങൾ തിരിച്ചറിയുകയും കലർപ്പില്ലാത്ത ഭക്ഷണത്തിലൂടെ ഇതിനെ മറികടക്കുകയും മനഃശാന്തി നേടുകയും ചെയ്തിരുന്നു.

 

അതിരാവിലെ ഉറക്കമുണർന്ന് നടക്കാൻ പോയശേഷം തിരിച്ചെത്തി, പോഷക സമ്പന്നവും ലളിതവുമായ ഭക്ഷണം കഴിച്ച് ദിനചര്യകളിൽ സജീവമാകുക. ആരോഗ്യകരമായ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിഞ്ഞ ശേഷം നേരത്തേ കിടന്നുറങ്ങുക. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എന്നാൽ ഇതു മിക്കവർക്കും സ്വപ്നം മാത്രമായി മാറുന്ന സ്ഥിതിയാണ്. അതിസമ്മർദവും ജോലിത്തിരക്കുകളും കാരണം സമയത്തു ഭക്ഷണം കഴിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. പുതിയ കാലത്തെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും വൈകിയുള്ള ഉറക്കവും അന്തരീക്ഷ മലിനീകരണവും ലഹരി ഉപയോഗവും കീടനാശിനി കലർന്ന ഭക്ഷണവുമെല്ലാം മനസികവും ശാരീരികവുമായ സമ്മർദങ്ങൾക്ക് കാരണമായി മാറുന്നു.

 

എങ്ങനെ ഇതൊഴിവാക്കാനാവും. ആഹാരം കഴിക്കാതിരിക്കുക എന്നതാണോ എളുപ്പത്തിലുള്ള പരിഹാരമാർഗം. കാപ്പി, മദ്യം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ്, ഫ്രൈഡ് ഫുഡ്, മൈദ, പഞ്ചസാര ഇവയെല്ലാം ഭക്ഷണത്തിലൂടെ കൂടിയ അളവലി‍ൽ ശരീരത്തിലെത്തുന്നതോടെ ക്ഷീണവും ഉറക്കക്കുറവും നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. സമ്മർദമുണ്ടാകുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുകയോ മുകളിൽ പറഞ്ഞ തരത്തിലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ പോഷകക്കുറവു കാരണം ശരീരത്തിൽ മെറ്റബോളിക് അനുപാതം കുറയുന്നു. കുറച്ചു സമയം കഴിഞ്ഞാൽ വിശപ്പ് കൂടാനുമിത് ഇടയാക്കും. മാത്രമല്ല, പോഷകമൂല്യമില്ലാത്ത ഭക്ഷണ ശീലത്തിലൂടെ രോഗങ്ങളുടെ പിടിയിലകപ്പെടാനുള്ള സാധ്യതയും കൂടുന്നു.

 

വെള്ളം കുടിക്കാൻ മറക്കുക, ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കുക, എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക ഇതെല്ലാം അനാരോഗ്യകരമായ ശീലമാണ്. മാനസിക സമ്മർദം മൂലമുണ്ടാകുന്ന ദേഷ്യം, ഉത്കണ്ഠ, വിഷാദം ഇതെല്ലാം കുറയ്ക്കാൻ നല്ല ഭക്ഷണ ശീലത്തിനാവും. വാഴപ്പഴം സമ്മർദം വേഗത്തിൽ കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇതിൽ ധാരാളമായി ട്രിപ്റ്റോപെൻ, ടൈറസീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം കീടനാശിനികൾ കുറവുള്ള ജൈവഭക്ഷണവും കഴിക്കാൻ ശ്രമിക്കുക. കീടനാശിനികൾ ന്യൂറോ ടോക്സിനുകളാണെന്നോർക്കണം. ഇതു ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുകയും ചെയ്യും.

 

നമ്മുടെ ആചാര്യന്മാർ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനുള്ള പരിഹാരമായി പറയുന്ന അശ്വഗന്ധ, തുളസി എന്നിവ മാനസിക സമ്മർദം കുറയ്ക്കാൻ വളരെ നല്ലതാണ്. അശ്വഗന്ധ മെറ്റബോളിസം (പോഷണാപചയാപചയം), രോഗപ്രതിരോധ സംവിധാനം, ഹോർമോൺ സംവിധാനം എന്നിവയെ സമീകരിക്കും. കൊളസ്ട്രോൾ അനുപാതം കുറയ്ക്കാനും മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും സഹായിക്കും. പച്ചക്കറികളിലെ കാൽഷ്യം, മഗ്നീഷ്യം എന്നിവ മസിൽ അയയുന്നതിനു സഹായിക്കും. എള്ള്, അത്തിപ്പഴം, ഇരുണ്ട പച്ചനിറത്തിൽ ഇലകളുള്ള പച്ചക്കറികൾ, ഉലുവ ഇല, സ്പിനാച്ച് ഇല എന്നിവയും നല്ലതാണ്.

 

കൊഴുപ്പ് സമ്മർദം കുറയ്ക്കാൻ നല്ലതാണ്. നമ്മുടെ മാനസികനില നിയന്ത്രിക്കുന്നത് തലച്ചോറാണ്, ഇതു കൊഴുപ്പ് ഉപയോഗിച്ചാണു നിർമിക്കപ്പെട്ടിരിക്കുന്നത്. കൊഴുപ്പു കഴിക്കുമ്പോൾ സെററ്റോറിൻ ഉണ്ടാകുന്നു. ഇത് ഫീൽഗുഡ് ഹോർമോണാണ്. പശുവിന്റെ നെയ്യ്, വെളിച്ചെണ്ണ, വാൾനട്ട്, ഫ്ലാക്സ് സീഡ്, നട്സുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സെററ്റോറിൻ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ഇത് അനാവശ്യമായി ആഹാരം കഴിക്കുന്നതു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. സ്നാക്സ് ആയി എള്ള്, സൂര്യകാന്തി, മത്തൻകുരു എന്നിവ കഴിക്കാം. ഇതു തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ധാന്യങ്ങളും പൂർണമായി തവിടുനീക്കാത്ത അരിയും കഴിക്കുന്നത് നല്ലതാണ്. ഇതിലുള്ള വൈറ്റമിൻ ബി ഊർജം നൽകുകയും വയറുനിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നു. പയറുവർഗങ്ങളിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

 

വയറിന് പ്രശ്നമുണ്ടായാൽ അതു തലച്ചോറിനെയും ബാധിക്കും. ഇതു സമ്മർദമുണ്ടാകുന്ന കാരണങ്ങളിലൊന്നാണ്. വയറിന്റെ ആരോഗ്യത്തിനായി തൈര്, ദോശ, ഇഡ്ഢലി തുടങ്ങിയവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുകയും ഊർജം നൽകുകയും ചെയ്യും.

 

ജങ്ക് ഫുഡ് കഴിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനുമാവും. നാരങ്ങ, മാങ്ങ, പേരയ്ക്ക, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയവയൊക്കെ കഴിക്കുന്നതു നല്ലതാണ്. ഇതോടൊപ്പം സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിൽ വൈറ്റമിൻ ഡി 3 ഉൽപാദനത്തെ സഹായിക്കും. ഇതു വിഷാദം കുറയ്ക്കും. വ്യായാമം, ശ്വസന വ്യായാമം, സംഗീതം, നൃത്തം എന്നിവയെല്ലാം സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഫ്രൈഡ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, റെഡ് മീറ്റ്, സോഫ്റ്റ് ഡ്രിങ്ക്, മധുരം, കൃത്രിമ മധുരം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അനുപാതത്തിൽ വളരെ വേഗത്തിൽ മാറ്റംവരുത്തുന്നവയാണ്. ഉത്കണ്ഠ, ദേഷ്യം, തലവേദന എന്നിവ ഇതിലൂടെ ഉണ്ടാകുന്നു. കഫീൻ, ലഹരി എന്നിവയെക്കൂടി പടിക്കുപുറത്താക്കിയാൽ സമ്മർദമില്ലാത്ത സന്തോഷം നിറഞ്ഞ ദിനങ്ങളാണ് മുന്നിലുള്ളത്.

Content Summary : Food and nutrition, Health benefits of eating well.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com