ADVERTISEMENT

ഭക്ഷണമൊഴിവാക്കി വണ്ണം കുറയ്ക്കുന്നതും ആരോഗ്യകരമായി ഭാരം കുറയ്ക്കുന്നതും രണ്ടാണ്. മെലിയാനുള്ള ആഗ്രഹത്തിൽ ഫാഡ് ഡയറ്റ്, കാലറി തീരെ കുറഞ്ഞ ഭക്ഷണ രീതികൾ, സ്റ്റിറോയിഡുകൾ, സപ്ലിമെന്ററികൾ തുടങ്ങിയവ ശീലമാക്കാറുണ്ട് പലരും. അവ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ഇവയൊക്കെ ശരീരത്തിനു ദോഷകരമാണ്. ശരീരത്തിനു ദോഷം ചെയ്യാതെ, ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാൻ കഴിയും? ജീവിത ശൈലിയിലെ മാറ്റം, ഭക്ഷണ തിരഞ്ഞെടുപ്പിലെ പുരോഗതി, ഉറക്ക സമയത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ ശ്രദ്ധിക്കണം. ആരോഗ്യകരമായി ഭാരം കുറയ്ക്കണം എന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഇതാ.

1. കൊഴുപ്പ് പാടേ ഒഴിവാക്കരുത്

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ആദ്യം കൈ വയ്ക്കുന്ന ഒന്നാണ് ആഹാരത്തിലെ കൊഴുപ്പ്. ഇത് വലിയ അബദ്ധത്തിലേക്കാവും നയിക്കുക. ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ സൂക്ഷ്മ പോഷകങ്ങൾ രൂപപ്പെടുന്നതു തന്നെ കൊഴുപ്പ്, ധാന്യകം, മാംസ്യം എന്നിവ ചേർന്നാണ്. വിറ്റാമിനുകളായ എ, കെ, ഡി എന്നിവ അടക്കമുള്ളവ ആഗിരണം ചെയ്യുന്നതിനും നമ്മുടെ ശരീരത്തിന് കൊഴുപ്പ് ആവശ്യമാണ്. കൊഴുപ്പിനെ പൂർണ്ണമായി ഉപേക്ഷിച്ചാൽ, ആവശ്യമായ ഊർജം മാത്രമല്ല, ആവശ്യം വേണ്ട ധാതുക്കൾ,സൂക്ഷ്മ പോഷണങ്ങൾ എന്നിവയുമാണ് ശരീരത്തിന് നിങ്ങൾ നിഷേധിക്കുന്നത്.

2. ഗ്ലൂട്ടൻ ഫ്രീ  ഡയറ്റ്

സീലിയാക് രോഗ ലക്ഷണങ്ങളെ ഒഴിവാക്കാൻ ഇത്തരം ഭക്ഷണരീതി സഹായിക്കും എന്നതൊഴിച്ചാൽ, ഭക്ഷണത്തിൽനിന്നു ഗ്ലൂട്ടൻ ഒഴിവാക്കുന്നത് ഭാരം കുറയ്ക്കും എന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ആളുകളുടെ ഈ ആശയക്കുഴപ്പം മുതലെടുത്തുകൊണ്ടു തന്നെയാണ് നിരവധി കമ്പനികൾ  ഗ്ലൂട്ടൻ ഫ്രീ സ്നാക്സുകൾ, കേക്കുകൾ, ചോക്ലേറ്റ് ബാറുകൾ എന്നിവ വിപണിയിൽ എത്തിച്ചത്. ഇവയിൽ ഗ്ലൂട്ടൻ കുറവായിരിക്കും എന്നതു ശരി തന്നെ, പക്ഷേ അളവിൽ കവിഞ്ഞ പഞ്ചസാര, ഉപ്പ് എന്നിവ ഒപ്പം ഉണ്ടാകും. ഉയർന്ന ഗ്ലൈക്കമിക് ഇൻഡക്സ് ഉള്ള ഇത്തരം പദാർഥങ്ങൾ ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർധനയ്ക്കു കാരണമാകും. ഇതിനു പുറമേ, കൃത്രിമ മധുരപദാർഥങ്ങൾ, പ്രീസർവേറ്റീവുകൾ, നിറങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

3. കഠിനമായ പട്ടിണി

വിശന്നിട്ടും ആഹാരം കഴിക്കാതെ പട്ടിണി കിടക്കുന്നത് ശാരീരിക നിലയെ ബാധിക്കും., മാനസിക സമ്മർദ്ദത്തിനും ആശങ്കകൾക്കും ക്രമരഹിത ഭക്ഷണശീലത്തിനും കാരണമാകും. ഏറെനേരം പട്ടിണി കിടക്കുന്നതു ഭക്ഷണത്തോടുതന്നെ വിരക്തിയും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം, നമ്മുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കാനും ഭക്ഷണ ആഗിരണം മന്ദഗതിയിലാക്കാനും അങ്ങനെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റാനും കാരണമാകും.

4. സന്തുലിത ഭക്ഷണ രീതിയുടെ അഭാവം

കൃത്യമായ അനുപാതത്തിൽ എല്ലാ പോഷണങ്ങളും അടങ്ങിയ ഭക്ഷണ രീതിയെയാണ് സന്തുലിത ഡയറ്റ് എന്നു വിളിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലെ സൂക്ഷ്മ പോഷണങ്ങൾ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യകരമായ വികാസത്തിനും രോഗ പ്രതിരോധത്തിനും വഴി തുറക്കുമ്പോൾ മറ്റു പോഷകങ്ങൾ നമുക്കാവശ്യമായ ഊർജം നൽകുന്നു. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ധാന്യകങ്ങൾ (കാർബോഹൈഡ്രേറ്റ്) ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഊർജം ഇല്ലായ്മ, തലവേദന, തളർച്ച തുടങ്ങിയവയാണ് ഇതു തരുന്ന സമ്മാനം.

ഓർക്കുക, തടി കുറയുന്നതിന് കുറുക്കു വഴികൾ ഒന്നും തന്നെയില്ല. ജീവിതത്തിൽ ഉടനീളം ആവശ്യമായ അളവിൽ ശരീരഭാരം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ സന്തുലിത ഡയറ്റ് കൂടിയേ തീരൂ.

5. ഭീകര പ്രതീക്ഷകൾ

  ഒരാഴ്ച കൊണ്ടു പത്തു ശതമാനം ഭാരം കുറയ്ക്കും എന്ന മട്ടിലുള്ള അമിത പ്രതീക്ഷകൾ നിങ്ങൾക്കു തന്നെ പ്രതികൂലമാവുകയേ ഉള്ളൂ. ലക്ഷ്യങ്ങൾ നമുക്കു പ്രചോദനം നൽകും എന്നതു ശരിതന്നെ, എന്നാൽ ഓർക്കുക, പ്രതീക്ഷകളുടെ അമിത ഭാരം നിങ്ങളെ തളർത്താൻ ഇടവരരുത്. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നിരാശയിലേക്കും ഭാരം കുറയ്ക്കലിനു തന്നെയും ഭീഷണി ആകും എന്നു പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൊണ്ട് ഒന്നോ രണ്ടോ കിലോ ഞാൻ കുറയ്ക്കും എന്ന തരത്തിൽ ഉള്ള ലക്ഷ്യങ്ങളാണ് അഭികാമ്യം.

ഓർക്കുക

മൂല്യമുള്ള ഏതു നേട്ടത്തിനും ഒരു വിലയുണ്ട്. വിജയത്തിന് കുറുക്കു വഴികൾ ഒന്നും തന്നെയില്ല. ഭാരം കുറയ്ക്കൽ യാത്രയ്ക്കും ഇത് രണ്ടും ബാധകമാണ്.നന്നായി ഉറങ്ങി, മെച്ചപ്പെട്ട ഭക്ഷണം കഴിച്ചു ജീവിത രീതികളിൽ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ മികച്ച രീതിയിൽ ഭാരം കുറയ്ക്കാൻ കഴിയൂ.

Content Summary : Mistakes people commit while trying to lose weight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com