ADVERTISEMENT

ജോലി സംബന്ധമായി പുതിയൊരു സ്ഥലത്ത് ചെല്ലുമ്പോൾ ആ നാട്ടിലെ ഭക്ഷണം തുടക്കത്തിൽ കൗതുകമായിരിക്കുമെങ്കിലും പതുക്കെ മടുക്കാൻ തുടങ്ങും. സ്വന്തമായി പാചകം തുടങ്ങുകയോ അല്ലെങ്കിൽ നമ്മുടെ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റ് കണ്ടുപിടിക്കുകയോ മാത്രമേ പിന്നെ വഴിയുള്ളൂ. ലണ്ടനിൽ താമസിച്ച നാളുകളിൽ നാട്ടുരുചി തേടി കണ്ടെത്തിയ അനുവം പങ്കുവയ്ക്കുകയാണ് എൻ. മുകുന്ദൻ.

.

ജോലി സംബന്ധമായി ലണ്ടനിൽ കുറച്ച് നാൾ കഴിയേണ്ടി വന്നു. കുടുംബം നാട്ടിലേക്കു പോയതോടെയാണ് രുചിയേറിയ വീട്ടുഭക്ഷണത്തിന്റെ വില മനസ്സിലാക്കിയത്. കിട്ടുന്ന ഭക്ഷണവുമായി പലരും ഒത്തുപോകുമ്പോൾ എനിക്കെന്തോ വല്ലാത്ത മടുപ്പു തോന്നാറുണ്ട്. ചോറ്, സാമ്പാർ, മീൻ കറി, ചിക്കൻ കറി, മോര്.. അങ്ങനെ നമ്മുടെ വിഭവങ്ങൾ കഴിക്കാനായിരുന്നു മോഹം. ആകെ വലഞ്ഞിരുന്നപ്പോളാണ് കാളിയുടെ മെസ്സിനെ കുറിച്ച് കേൾക്കുന്നത്. അവിടെപ്പോയി കഴിക്കുന്ന ആരെയും പരിചയമില്ല. ഒന്നു തപ്പിയപ്പോൾ കാളിയുടെ കോൺടാക്റ്റ് നമ്പർ കിട്ടി.

 

ഒരുച്ചക്ക് നല്ല സമയം നോക്കിത്തന്നെ ആളെ വിളിച്ചു. മെസ് സർവീസ് വൈകിട്ടാണുള്ളത്. വൈകിട്ട് ബെൻഡിഷ് റോഡിലുള്ള അപ്പാർട്മെന്റിൽ എത്താൻ പറഞ്ഞു. വൈകിട്ട് എട്ടു മണിയോടെ ഞാൻ കാളിയുടെ അപ്പാർട്മെന്റിൽ എത്തി. ഡോർ ബെൽ അടിച്ചപ്പോഴേക്കും കിച്ചൻ ഏപ്രൺ ധരിച്ച ഒരാൾ വന്നു വാതിൽ തുറന്നു. ഞാൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ കാളി എന്നെ അകത്തേക്ക് ക്ഷണിച്ചു.

 

ruchikadha-series-n-mukundan-memoir-author-image-four

ഒരു ചെറിയ ഇടനാഴി വഴി നേരേ ചെന്ന് എത്തുന്നത് അടുക്കളയിലാണ്. ഭക്ഷണം ഉണ്ടാക്കലും കഴിക്കലും എല്ലാം ആ അടുക്കളയിൽത്തന്നെ. അടുക്കളിയിലെ ടിവിയിൽ ഏതോ തമിഴ് സിനിമ ഓടുന്നുണ്ട്. എട്ടര കഴിയും ഭക്ഷണം തയാറാവാൻ, എന്നോട് കാത്തിരിക്കാൻ പറഞ്ഞിട്ട് കാളി അടുക്കളപ്പണിയിൽ മുഴുകി. 

 

ഏകദേശം രാത്രി എട്ടരയാകുമ്പോഴാണ് ഭക്ഷണം തയാറാകുന്നത്. അന്ന് ഒരാഴ്ചത്തെ ഭക്ഷണത്തിനു നാൽപത് പൗണ്ടായിരുന്നു കാളി ചാർജ് ചെയ്തിരുന്നത്. ഞായർ മുതൽ വെള്ളി വരെ മാത്രം പ്രവർത്തനം. പൈസ മുൻ‌കൂർ നൽകണം. ശനി അവധി.

 

എട്ടരയ്ക്ക് ഭക്ഷണം തയാറായാൽ അവിടെത്തന്നെ ഇരുന്ന് അത്താഴം കഴിക്കാം. വിളമ്പിവച്ചിരിക്കുന്ന ഏതു വിഭവവും എടുക്കാം. കഴിക്കുന്ന പാത്രം നമ്മൾ തന്നെ കഴുകി വയ്ക്കണം.  ഭക്ഷണ ശേഷം പിറ്റേ ദിവസത്തേക്കുള്ള പ്രാതലും ഉച്ച ഭക്ഷണവും പൊതിഞ്ഞെടുക്കാം. ഭക്ഷണത്തിന്റെ അളവൊക്കെ നമുക്കു തന്നെ തീരുമാനിക്കാം. ആരും വേണ്ടതിൽ കൂടുതൽ ഒരിക്കലും എടുക്കാറില്ല. ലണ്ടനിലെ തണുത്ത കാലാവസ്ഥ കാരണം ഭക്ഷണം പിറ്റേ ദിവസം വൈകിട്ട് ആയാലും ചീത്തയാവില്ല.

 

ഇനി കാളിയുടെ മെസ്സിലെ മെനു പരിചയപ്പെടാം.

 

ruchikadha-series-n-mukundan-memoir-author-image-two

ഞായർ മുതൽ വ്യാഴം വരെ ദിവസവും പൊന്നി അരിയുടെ ചോറ്. ധാരാളം നോർത്ത് ഇന്ത്യൻ വെജിറ്റേറിയൻസ് ഉള്ളത് കൊണ്ട് കാളി  ദിവസവും വെജും നോൺ വെജും തയാറാക്കും,

 

ruchikadha-series-n-mukundan-memoir-author-image-three

തിങ്കൾ - മട്ടൺ കറി, കാബേജ്, ചപ്പാത്തി, പരിപ്പ് കറി 

ചൊവ്വ - ചിക്കൻ കറി, ചെറുപയർ, ചപ്പാത്തി, സാമ്പാർ 

ബുധൻ - മുട്ടക്കറി, ആലു ഗോപി, ചപ്പാത്തി, പുളി കുളമ്പ് 

വ്യാഴം - മീൻ കറി, മിക്സ് വെജ് ഡ്രൈ, ചപ്പാത്തി, മോര് കുളമ്പ് 

വെള്ളി - ഈ ദിവസം ആണ് എല്ലാരും കാത്തിരിക്കുന്നത്. കാളി സ്പെഷൽ ചിക്കൻ ദം ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയും 

 

ചിക്കൻ ബിരിയാണിയാണ് കാളിയുടെ സിഗ്നേച്ചർ രുചി. നാവിൽ വച്ചാൽ അലിഞ്ഞു പോകുന്ന മൃദുവായ ചിക്കൻ കഷ്ണങ്ങൾ. ഒരു പ്ലേറ്റ് നിറയെ കഴിച്ചാലും വയറ്റിൽ വളരെ ലൈറ്റ് ആയി കിടന്നോളും. സ്പെഷൽ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ വെള്ളി വൈകിട്ട് മെസ്സിൽ എത്തും. ബിരിയാണിക്കു മാത്രം പ്രത്യക നിരക്ക്.

 

ഒരു ടിഫിൻ ബോക്സിൽ ചോറും കറിയും നിറയ്ക്കും. മൂന്നു ചപ്പാത്തിയും അതിനു വേണ്ട കറിയും എടുക്കും. ചപ്പാത്തിയും കറിയും പ്രാതലായി കഴിക്കും. ചോറ് ഓഫിസിൽ പോയി അവ്നിൽ ഒന്നു കൂടി ചൂടാക്കി കഴിക്കും. ഓഫിസിലെ മലയാളി ഗാങ്ങിന്റെ കൂടെയാണ് ഉച്ച ഭക്ഷണം.

 

പിന്നീട് രണ്ടു തവണ ലണ്ടനിൽ പോയപ്പോഴും കാളിയുടെ അടുത്തായിരുന്നു ഭക്ഷണം. വെള്ളിയാഴ്ച പാഴ്സൽ എടുക്കുന്ന ബിരിയാണി അവധി ദിവസമായ ശനിയാഴ്ച ബ്രഞ്ച് ആകും. ഇപ്പോഴും കാളിയുടെ മെസ് ഉണ്ടെന്നാണ് അറിവ്. നാൽപത് പൗണ്ട് എന്നുള്ളത് കൂടിയിട്ടുണ്ടാവാനും സാധ്യതയുണ്ട്.. ഏതായാലും ഒന്നേ പറയാനുള്ളൂ, കാളിയുടെ കൈപ്പുണ്യം കൊണ്ട് ലണ്ടൻ ദിനങ്ങൾ പട്ടിണി കിടക്കാതെയും പോക്കറ്റ് കാലിയാകാതെയും കഴിഞ്ഞു.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Manorama Online Pachakam Ruchikadha Series - N. Mukundan Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com