ബോസിന്റെ ചീത്തകേട്ടതിന്റെ ഹാങ്ഓവർ തീർക്കാൻ രണ്ടു ചൂടു പൊറോട്ടയും ബീഫും കഴിച്ചതും വിവാഹവാർഷിക ദിനം മറന്നതിനു പരിഭവിച്ച ഭാര്യയെ സോപ്പിടാൻ ഫാമിലി പാക്ക് ഐസ്ക്രീമുമായി വീട്ടിലേക്കോടിയതും ആർത്തവത്തിനു മുന്നോടിയായുള്ള മൂഡ്‌മാറ്റത്തെ നേരിടാൻ ഡാർക്ക് ചോക്ലേറ്റ് വാങ്ങി സ്റ്റോക്ക് ചെയ്യുന്നതുമൊക്കെ നമ്മൾ കേട്ടിട്ടുണ്ടാകും, ചിലപ്പോഴൊക്കെ ചെയ്തിട്ടുമുണ്ടാകും. സത്യത്തിൽ, മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ ഭക്ഷണത്തിനു കഴിവുണ്ടോ? വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാകുമ്പോൾ അതു മുഴുവൻ ഭക്ഷണത്തോടു കാണിക്കുന്നത് ശരിയാണോ? ഇത്തരം സംശയങ്ങളെക്കുറിച്ചും ഭക്ഷണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മാനസികനില മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെക്കുറിച്ചും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജി.സൈലേഷ്യ പറയുന്നു:
∙ ഭക്ഷണം മാനസിക നിലയെ സ്വാധീനിക്കാറുണ്ടോ ?
ഒരു വ്യക്തിയുടെ മാനസികാവസ്ഥ അല്ലെങ്കിൽ മൂഡ് എന്നു പറയുന്നതിനെ സ്വാധീനിക്കുന്ന ഒരുപാടു ഘടകങ്ങൾ ഉണ്ട്. അതിൽ പലപ്പോഴും വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നതാണ് ഭക്ഷണം. നമ്മുടെ മൂഡിനെ സ്വാധീനിക്കുന്ന ഭക്ഷണപദാർഥങ്ങൾ ഉണ്ടോ അഥവാ നമ്മുടെ മൂഡ് മാറുമ്പോൾ ചില പ്രത്യേക ഭക്ഷണങ്ങളൊക്കെ കഴിക്കണമെന്ന് ആഗ്രഹം തോന്നാറുണ്ടോ എന്ന് സംശയം തോന്നാറില്ലേ. തീർച്ചയായും മനസ്സും ഭക്ഷണവും തമ്മിൽ ബന്ധമുണ്ട്. ഭക്ഷണത്തെ സംബന്ധിച്ച തിരഞ്ഞെടുപ്പുകൾ എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല. പക്ഷേ ചില പ്രത്യേക ഭക്ഷണങ്ങൾ നമ്മുടെ മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കും. ഉദാഹരണത്തിന് ഡാർക്ക് ചോക്ലേറ്റ് പോലെയുള്ള വസ്തുക്കൾ, ചില പ്രത്യേകതരം പഴങ്ങൾ, പ്രത്യേകിച്ച് പുളിയുള്ള പഴങ്ങൾ, തണ്ണിമത്തൻ ഇവയൊക്കെ നമ്മുടെ മൂഡ് എലിവേഷനെ സഹായിക്കും. എല്ലാത്തരം സീഡ്സ്, നട്സ് തുടങ്ങിയവയും മൂഡ് മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
∙ സ്ട്രസ് ഈറ്റിങ്ങിനെ എങ്ങനെ നേരിടണം ?

നമ്മള്‍ കുറച്ച് ഡൗൺ ആയിരിക്കുന്ന സമയത്ത് നമുക്കിഷ്ടമുള്ള മൂഡ് എലിവേറ്റ് ചെയ്യും എന്നു തോന്നുന്ന ഭക്ഷണം മിതമായ അളവിൽ കഴിക്കുന്നത് വളരെ നന്നായിരിക്കും. ഭക്ഷണം നമ്മുെട മാനസികാവസ്ഥയെ സ്വാധീനിക്കുമെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില ആള്‍ക്കാരിൽ മൂഡ് വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ഭക്ഷണത്തിന്റെ അളവ് അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതു കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് സ്ട്രെസ് ഈറ്റിങ്. മാനസിക സമ്മർദ്ദം ഉള്ളപ്പോൾ വലിച്ചു വാരി ഭക്ഷണം കഴിക്കുക, എത്ര കഴിച്ചാലും വയറ്റിലെ കത്തൽ നിലയ്ക്കാത്തതു പോലെ തോന്നി ആവശ്യത്തിൽ കൂടുതൽ കഴിക്കുകയും തടി വയ്ക്കുകയും ചെയ്യുക. ഇതൊക്കെ സ്ട്രെസ് ഈറ്റിങ്ങിൽ പെടും. ചില ആളുകൾ സമ്മർദ്ദം കാരണം ഭക്ഷണം കഴിക്കുകയും അതിനുശേഷം കുറ്റബോധം തോന്നി വായിൽ വിരലിട്ട് ഛർദിച്ചു കളയുകയും ചെയ്യാറുണ്ട്. ഈറ്റിങ് ഡിസോർഡർ പോലെയുള്ള കാര്യങ്ങളാണിതൊക്കെ.
വിഷാദം പോലെയുള്ള, സങ്കടം അനുഭവിക്കുന്ന അവസ്ഥയിൽ പലരും ജീവിതത്തോടു തന്നെ വിരക്തി തോന്നി ഭക്ഷണം ഒഴിവാക്കി പട്ടിണി കിടന്ന് സ്വയം പീഡിപ്പിക്കുന്നതും കാണാറുണ്ട്. അപ്പോൾ ഭക്ഷണവും മൂഡും തമ്മില്‍ വിഭജിക്കാനാകാത്ത ഒരു ബന്ധം ഉണ്ടെന്നുള്ളത് നമ്മൾ മനസ്സിലാക്കണം. സമയത്ത് ഭക്ഷണം കഴിക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും മനസ്സിന് സന്തോഷം തരുന്ന ഭക്ഷണം കഴിക്കുന്നതും മാനസികാരോഗ്യത്തിന് വളരെ സഹായകരമാണ്.
∙ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ വല്ലാതെ ദേഷ്യം വരാറുണ്ടോ ?

കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ പല ആളുകളുടെയും മൂഡ് വളരെ മോശമാകാറുണ്ട്. പലർക്കും ദേഷ്യമോ ഈർഷ്യയോ അനുഭവപ്പെടും. വിശന്നാൽ വയലന്റാകുന്ന തരം മനുഷ്യരും ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് മാനസികാരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ ആവശ്യമാണ്.
∙ കുഞ്ഞുങ്ങളെ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കണോ ?

പല്ല് വന്നു തുടങ്ങുന്ന പ്രായം മുതൽ കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയിൽ ശ്രദ്ധിക്കണം. കൃത്യസമയത്തു കൊടുക്കുക, ആരോഗ്യകരമായ ഭക്ഷണം കൊടുക്കുക, കൂടുതൽ ആസക്തിയുളവാക്കുന്ന (addictive) ഭക്ഷണമോ വല്ലാതെ ശരീരം തടിപ്പിക്കുന്ന ഭക്ഷണമോ ഫാസ്റ്റ് ഫുഡോ ജങ്ക് ഫുഡോ ഒക്കെ കുട്ടികൾക്കു പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് അന്വർഥമാക്കും വിധം, കുഞ്ഞുങ്ങളിൽ നല്ല ഭക്ഷണശീലം ഉണ്ടാക്കിയാൽ മാനസികാരോഗ്യത്തിന് ഉതകുന്ന വിധത്തിലുള്ള ഭക്ഷണശീലങ്ങളിലേക്ക് ഭാവിയിൽ അവർ തനിെയ എത്തും.
പക്ഷേ ഒരിക്കലും കുഞ്ഞുങ്ങളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. ഭക്ഷണത്തിന്റെ അളവിൽ സ്വന്തമായി തീരുമാനം എടുക്കാൻ അവർക്ക് അവസരം കൊടുക്കണം. നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുമ്പോൾ പല കുട്ടികളിലും പിൽക്കാലത്ത് അത് ഒരു നിസ്സഹായാവസ്ഥ ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. അതായത്, വേറൊരാൾ നിർബന്ധിക്കുകയാണെങ്കിൽ ഒരു കാര്യം ചെയ്യുന്ന മാനസികാവസ്ഥ. അതിനൊരു പ്രധാന കാരണം നിർബന്ധിച്ചുള്ള ഭക്ഷണം കഴിപ്പിക്കലാണ്. ഇത്തരം കാര്യങ്ങളൊക്കെ കുട്ടികളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം.
∙ ഭക്ഷണം തികയുമോ എന്തു ചിന്തിച്ച് കൂടുതൽ ഉണ്ടാക്കി പാഴാക്കാറുണ്ടോ ?

മനുഷ്യര്‍ രണ്ടു തരത്തിലുണ്ട്– ആധിയുള്ളവരും ഇല്ലാത്തവരും. ആധിയുള്ള പ്രകൃതക്കാര്‍ എപ്പോഴും സംശയത്തോടെയാണ് കാര്യങ്ങളെ സമീപിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിൽപോലും അതുണ്ടാകാം. ഭക്ഷണം എല്ലാവർക്കും തികയുമോ എന്നൊക്കെ ചിന്തിച്ച് ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുന്ന രീതി ചിലരിലെങ്കിലും ഉണ്ട്. നമ്മൾ ഭക്ഷണകാര്യത്തിൽ ഉൾപ്പെടെ മിതത്വം ശീലിച്ചാൽ, ഭക്ഷണം കുറഞ്ഞു പോയാലും ഫ്രൂട്ട്സോ വീട്ടിലുള്ള മറ്റെന്തെങ്കിലും ആഹാരസാധനങ്ങളോ കൊണ്ട് ആ കുറവ് നികത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ, അരവയർ ഭക്ഷണം കഴിക്കുക എന്ന രീതിയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാവുന്നതേയുള്ളൂ. ഭക്ഷണം പാഴാക്കി കളഞ്ഞാൽ, അതു കാണുന്ന കുട്ടികളിൽ ഒന്നിനെയും വിലമതിക്കാതിരിക്കുന്ന മനോഭാവമുണ്ടാകാം. അതുകൊണ്ടുതന്നെ ഭക്ഷണം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Content Summary : How does food affects our mental health.