എട്ട് മണിക്കൂർ വെന്തുപാകമായ ‘മുട്ടി’, നൂൽപ്പൊറോട്ട...അങ്ങനെയൊന്നും രുചി മറക്കാനാവില്ലെന്റെയിഷ്ടാ

HIGHLIGHTS
  • എല്ലാം കഴിച്ചുതീർത്തു കൈ കഴുകിയശേഷം ഒന്നു മണത്തുനോക്കണം
al-saj-kitchen-aluva-mutti
മുട്ടി, നൂൽപ്പൊറോട്ട, പത്തിരി
SHARE

മുട്ടി കിട്ടിയില്ലെങ്കിൽ മുട്ടനടി. തീരദേശത്തെ ലത്തീൻ കത്തോലിക്കാ വീടുകളിൽ കല്യാണത്തലേന്നു പോട്ടിയും മുട്ടിയും അഥവാ മുട്ടിച്ചാറുസദ്യ എന്ന രസികൻ പരിപാടി ഉണ്ടായിരുന്നു. കാർന്നോൻമാർക്കു മുട്ടി (പോത്തിന്റെ കാൽ) കിട്ടിയില്ലെങ്കിൽ അലമ്പുറപ്പ്. എന്തെങ്കിലുമൊരു കാര്യത്തിൽ കുറ്റം കണ്ടുപിടിച്ച്, അതിന്റെ പേരിൽ ശബ്ദമുയർത്തി, വാക്കേറ്റമുണ്ടാക്കി, ‘അടിച്ചുപിരഞ്ചാൽ’ സന്തോഷമായി. 

പണ്ടത്തെ കഥ മറക്കാം. മുട്ടിക്കു മുട്ടില്ലാത്തൊരു സ്ഥലം പറഞ്ഞുതരാം. ആലുവാപ്പുഴയുടെ തീരത്ത്,  തോട്ടുമുഖത്ത് മഹിളാലയം ജംക്‌‌ഷനിൽ അൽ സാജ് ഭക്ഷണശാല. മുട്ടൻ മുട്ടി അഥവാ പോത്തിൻകാലിന്റെ പെരുന്നാളുണ്ണാവുന്ന സ്ഥലം. ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ നോൺ വെജ് പെരുന്നാൾ ആഘോഷിക്കാവുന്ന ഇടം.

സംഗീതമൊന്നുമല്ല അൽ സാജിന്റെ സൂപ്പർ ഹിറ്റ്. അതു പോത്തിൻകാൽ തന്നെയാണ്. വെട്ടിയാൽ മുറിയാത്ത ഗ്രേവിയിൽ, തട്ടിയാലും മറിയാത്ത മുട്ടിയിൽ, തൊട്ടാൽ വേർപെടുന്നത്ര വെന്ത ഇറച്ചിയുമായി ഒരു വലിയ തളിക. അതിനൊപ്പം കഴിക്കാൻ രുചിയുടെ നൂൽമഴ പോലെ നൂൽപ്പൊറോട്ട. നല്ല നിലാവുപോലത്തെ പത്തിരി. 

പോത്തിൻകാലാണു താരമെന്നു പറഞ്ഞാൽപ്പോരാ, വന്നുകഴിക്കുക തന്നെവേണം. ചേരുവകളെക്കുറിച്ചു കേട്ടാൽ മാജിക്കൊന്നുമില്ല. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, മസാലപ്പൊടി എന്നിങ്ങനെ പൊടിപാറുന്നു. ചെറിയ ഉള്ളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിങ്ങനെ ഉള്ളിമേളം. ഇവയെല്ലാംകൂടി എങ്ങനെ ഇത്ര രുചികരമായ കുറുക്കുചാറാകുന്നു? അവിടെയാണു തീയുടെ ജാലവിദ്യ. നേരിയ തീയിൽ 8 മണിക്കൂർ വെന്തുവരുമ്പോൾ വഴറ്റിയ ചെറിയ ഉള്ളി അലിഞ്ഞുചേരും. സവാള–ഇഞ്ചി–മുളക്–വെളുത്തുള്ളി അരപ്പു തിളച്ചുമറിഞ്ഞു പോത്തിൻകാലിൽ വട്ടംപിടിച്ച് അതിന്റെ നെയ്യൂറ്റി പാത്രത്തിലാകെ നിറഞ്ഞങ്ങനെ.... 

വെട്ടാൽ മുറിയാത്ത ഗ്രേവിയെന്നു പറഞ്ഞതു ചുമ്മാതല്ല. നാലുവിരൽചേർത്തു കോരിയാൽ അതിങ്ങുപോരും. വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങും. നാവിൽ തുള്ളിചേർക്കാം. അഞ്ചാറിഞ്ചു നീളമുള്ള മുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇറച്ചി കത്രികകൊണ്ടു മുറിച്ചിട്ടുതരും. കണ്ടുപേടിക്കരുത്. 8 മണിക്കൂർ വെന്തുപാകമായ ഇറച്ചിയാണ്.  സോ സോഫ്റ്റ്. നൂൽപ്പൊറോട്ടയ്ക്കൊപ്പം നൂൽപരുവത്തിൽ പോത്തിൻകാലിലെ ഇറച്ചി നുണഞ്ഞുചവയ്ക്കാം. മുട്ടിക്കുള്ളിലെ മജ്ജ നുണയാം. എല്ലാം കഴിച്ചുതീർത്തു കൈ കഴുകിയശേഷം ഒന്നു മണത്തുനോക്കണം. കൊതിയൻമാരുടെ മനസ്സുവീണ്ടും വീണ്ടും ഇളകിയാടും വീണ്ടുംവീണ്ടും കഴിക്കാൻ. ഇറച്ചിയുടെ സ്വാദിറങ്ങി വേരുപിടിച്ചതിന്റെ മണം അങ്ങനെയെങ്ങും വിട്ടുപോകില്ലെന്റെയിഷ്ടാ...മണം മറക്കില്ല, രുചി മറക്കാനാവില്ല.

തവയിൽ പൊരിച്ചെടുത്ത നീരാളിയാണു സാജിലെ മറ്റൊരു  മാന്ത്രിക വിഭവം. വറ്റൽമുളക്, വിനാഗിരി, ഒലിവെണ്ണ, മുളകുപൊടി, തക്കാളിസോസ് തുടങ്ങിയവയും ഷെഫിന്റെ ചില രഹസ്യക്കൂട്ടുകളും ചേർന്നു പൊ‍തിഞ്ഞ നീരാളിയാണു തീൻമേശമേൽ വർണപ്പകിട്ടോടെ എത്തുന്നത്. നീരാളി കഴിച്ച് എരിഞ്ഞെന്നു തോന്നിയാൽ ചക്ക  ജ്യൂസ് കഴിച്ചു മധുരിച്ചു മടങ്ങാം. വരട്ടിവച്ച ചക്ക പാലി‍ൽ നേർപ്പിച്ച് അടിച്ചുണ്ടാക്കുന്നതാണു ചക്ക ജ്യൂസ്.

അറുന്നൂറോളം ഇരിപ്പിടങ്ങളുള്ള അൽ സാജിൽ ഉച്ചയ്ക്കൊരു വിഐപിയുണ്ട്. ചട്ടിച്ചോറ്. രാവിലെ 11 മുതൽ രാത്രി 11 വരെ തുറന്നിരിക്കും അൽസാജ്.

Content Summary : Eat Edam - Al Saj Kitchen Aluva - Mutti & Chatti Chor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA