ഭാസ്കരേട്ടന്റെ കടയിലേക്കു സർബത്ത് പ്രേമികൾ ഒഴുകിയെത്തി; ഒരു മിൽക്ക് സർബത്ത് കൂടി...

HIGHLIGHTS
  • കോഴിക്കോടൻ രുചിയുടെ പര്യായങ്ങളിലൊന്നായിരുന്ന മിൽക്ക് സർബത്ത് കട അടച്ചുപൂട്ടി
sarbath-shop
കട മുറി ഒഴിയുന്നതിനായി ഭാസ്കരേട്ടൻ സർബത്ത് കടയിൽ നിന്നും സാധനങ്ങൾ മാറ്റുന്നു. ചിത്രം : മനോരമ
SHARE

അരനൂറ്റാണ്ടിലേറെ കോഴിക്കോടൻ രുചിയിൽ പാൽപുഞ്ചിരി കലർത്തിയ ആ കടയിൽ നിന്ന് അവസാനമായൊരു മിൽക്ക് സർബത്ത് കൂടി. ആ ആഗ്രഹവുമായി  ആളുകൾ തടിച്ചുകൂടിയതോടെ പാരഗൺ ഹോട്ടലിനു സമീപത്തെ ഭാസ്കരേട്ടന്റെ കടയ്ക്കു മുന്നിൽ തിരക്കോടു തിരക്കായി. കോടതി വിധി അനുസരിച്ചു  കട അടച്ചുപൂട്ടുകയാണെന്ന വിവരം അറിഞ്ഞാണു സർബത്ത് പ്രേമികൾ ഒഴുകിയെത്തിയത്. കടയ്ക്കു മുന്നിൽ നിന്നു സർബത്ത് കുടിക്കുന്നതിന്റെ സെൽഫിയെടുക്കാനും മിക്കവരും മറന്നില്ല.

വാടകക്കെട്ടിടം ഒഴിയുന്നതുമായി ബന്ധപ്പെട്ട കേസിൽ കെട്ടിട ഉടമയ്ക്ക് അനുകൂലവിധി വന്നതോടെയാണ് ഇന്നലെ രാത്രിയോടെ സർബത്ത് കട അടച്ചുപൂട്ടിയത്. താക്കോൽ ഇന്നു കോടതിയിലെ ആമീനെ ഏൽപിക്കും. അതോടെ തൽക്കാലത്തേക്കെങ്കിലും  മറഞ്ഞുപോകുകയാണ് കോഴിക്കോടൻ സഞ്ചാരികൾക്കു രുചിയേറ്റിയിരുന്ന ആ സർബത്ത് പെരുമ. ഓടുപാകിയ പഴഞ്ചൻ കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടംകൂടി സർബത്ത് നുണഞ്ഞു മനം കുളിർപ്പിക്കുന്ന കാഴ്ചയും ഇനിയില്ല. 

നടക്കാവ് ആറാംഗേറ്റിനു സമീപത്തെ കോഴിപ്പറമ്പത്ത് ഭാസ്കരൻ 1963 ൽ തുടങ്ങിയ സർബത്ത് കടയാണ് നഗരത്തിന്റെ ദാഹശമിനിയായി പ്രസിദ്ധമായത്. തുടക്കം മൂന്നാം ഗേറ്റിനടുത്തായിരുന്നു. പിന്നീട് പാരഗൺ ഹോട്ടലിനു സമീപത്തേക്കു മാറി. തിരക്കേറിയപ്പോൾ സഹോദരൻ കുമാരനും കടയിലെത്തി. അവരുടെ കാലശേഷം മക്കൾ മുരളി, ആനന്ദൻ, മനോജ് എന്നിവരാണു കട നടത്തുന്നത്. 

സർബത്ത്, സോഡാ സർബത്ത്, മസാല സോഡ എന്നിവയാണു  മറ്റു വിഭവങ്ങൾ. കടയിൽ വച്ചു തന്നെയാണ് പ്രത്യേക കൂട്ടിൽ സർബത്ത് ഉണ്ടാക്കിയിരുന്നത്. വേനൽക്കാലത്ത് ദിവസം 100 ലീറ്ററിലധികം പാൽ വേണ്ടി വന്നിരുന്നതായി മുരളി പറയുന്നു. ഒന്നര രൂപയ്ക്കു മിൽക്ക് സർബത്ത് വിറ്റകാലം  അദ്ദേഹത്തിന് ഓർമയുണ്ട്. ഒടുവിൽ 25 രൂപയായിരുന്നു വില. 

സർബത്തിന്റെ പെരുമ അറിഞ്ഞ് ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ, കലാ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ ഈ കടയിൽ എത്തിയിട്ടുണ്ട്. സാൾട്ട് ആൻഡ് പെപ്പർ, ഗൂഢാലോചന തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനും കട വേദിയായി. സിഎച്ച് മേൽപാലത്തിനു സമീപത്തെ മറ്റൊരു കടയിലേക്കു മാറാൻ ആലോചനയുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്നു മുരളി പറഞ്ഞു.

Content Summary : Bhaskarettans sarbath shop closed.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS