മഹാരാജാവേ...ഒരു പൂരി മസാല; കോഫി ഹൗസിലെ ആദ്യാനുഭവം

HIGHLIGHTS
  • രസകരമായ രുചി അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Manorama Online Pachakam Ruchikadha Series - Puri Masala
Photo Credit : Nabaraj Regmi / Shutterstock.com
SHARE

ഏറെ കൊതിപ്പിച്ച വിഭവം ആദ്യമായി രുചിച്ച ദിനം മറക്കാനാകുമോ? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ കുവൈത്തിൽനിന്നു ടിംറ്റോ രവീന്ദ്രൻ.

കുട്ടിക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം ആർഭാടമായിരുന്നു. കല്യാണ വിരുന്നുകൾക്കു പോകുമ്പോഴാണ് പുതിയ രുചികൾ രുചിക്കുന്നത്. ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചുവെന്ന് ചില കൂട്ടുകാർ വീമ്പു പറയുമ്പോൾ ഞങ്ങൾ കൊതിയോടെ കേട്ടിരിക്കും. സ്കൂളിലേക്ക് പോകുന്ന വഴിയിലെ ചായക്കടയിലെ ചില്ലുകൂട്ടിൽ കാണുന്ന ഇഡലി, പുട്ട്, ദോശ എന്നിവയായിരുന്നു ഞങ്ങളെ കൊതിപ്പിച്ച പലഹാരങ്ങൾ. തിരികെ വരുമ്പോൾ അതേ ചില്ലുകൂട്ടിൽ ഉണ്ടംപൊരി, പരിപ്പുവട, ഉള്ളിവട, പഴംപൊരി എന്നിവ കാണും. ചില്ലുക്കൂട്ടിലെ ‘ഭാവ വ്യത്യാസമില്ലാത്ത’ രണ്ടു താരങ്ങളാണ് മ​ഞ്ഞ നിറത്തിലുള്ള മടക്കും വെട്ട് കേക്കും ! ചില അവസരങ്ങളിൽ ചായക്കടയിൽ പോയി പലഹാരങ്ങൾ രുചിക്കാൻ അവസരം കിട്ടിയുണ്ടെങ്കിലും ഇന്ത്യൻ കോഫി ഹൗസിൽ പോയ ആദ്യാനുഭവമാണ് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. 

കോഫി ഹൗസിലെ വെയിറ്റർമാരുടെ വേഷമാണ് എന്നെ ശരിക്കും അമ്പരപ്പിച്ചത്. വെളുത്ത വലിയ തൊപ്പിയും വലിയ ബെൽറ്റുമെല്ലാം ചേർന്നൊരു ’റോയൽ’ ഫീൽ. എറണാകുളം ബ്രോഡ്‌വേയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ (Indian Coffee House) മുൻപിലൂടെ പോകുമ്പോൾ അകത്തേക്ക് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. തലപ്പാവും മറ്റും കണ്ടിട്ട് ഭക്ഷണത്തിനും വില കൂടുതലാകുമെന്നാണ് ഞാൻ കരുതിയത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അത്യാവശ്യം പോക്കറ്റ് മണി കിട്ടിത്തുടങ്ങിയിരുന്നു. അങ്ങനെ ആദ്യമായി ഇന്ത്യൻ കോഫി ഹൗസിൽ കയറി. രാവിലെ പതിനൊന്നു മണി കഴിഞ്ഞത് കൊണ്ടാകും വലിയ തിരക്കില്ലായിരുന്നു. കാപ്പിമണം തങ്ങി നിന്ന മുറിയിൽ കൂടുതലും കുടുംബങ്ങളായിരുന്നു. ജുബധാരികളായ ചിലർ അങ്ങിങ്ങായി കാപ്പി കുടിക്കുന്നു. 

തലപ്പാവ് വച്ച് വെയിറ്റർ നിറചിരിയുമായി എന്റെ അടുത്തേക്കു വന്നു. എന്താ കഴിക്കാൻ വേണ്ടതെന്നു ചോദിച്ചതിനു മറുപടിയായി ‘മഹാരാജാവേ.... ഒരു പൂരി മസാല’ എന്നു പറയാനാണ് തോന്നിയത്. പക്ഷേ വെയിറ്റർ ചേട്ടനോട് ഭയം കലർന്ന ബഹുമാനം കൊണ്ട് ‘പൂരി മസാല’ എന്നാണു പറഞ്ഞത്. പോക്കറ്റിലെ കാശ് തികയുമോ എന്നായിരുന്നു എന്റെ പേടി. പോക്കറ്റിൽ കിടന്ന രണ്ട് അമ്പതിന്റെ നോട്ടുകൾ ഇടയ്ക്കിടെ ഞാൻ തപ്പി നോക്കിക്കൊണ്ടിരുന്നു. പൂരി മസാല വന്നതും പിന്നെ ഒന്നും നോക്കിയില്ല, അങ്ങ് നന്നായി ആക്രമിച്ചു. കാപ്പിയും കുടിച്ച് അവസാനം ബില്ല് വന്നപ്പോൾ ആശ്വാസമായി. എന്റെ കീശയ്ക്ക് താങ്ങുന്ന റേറ്റ്. തലപ്പാവ് വെച്ച വെയിറ്റർമാർ വിളമ്പുന്നതു കൊണ്ട് വിഭവങ്ങൾക്കു റേറ്റ് കൂടുമെന്നാണ് ഞാൻ അതുവരെ കരുതിയത്. അങ്ങനെ തലപ്പാവ് പേടി കോഫി ഹൗസിന്റെ ആദ്യ രുചിയിൽ അലിഞ്ഞില്ലാണ്ടായി.

പൂരിയുടെ കൂടെ കിട്ടിയ കറിയാണ് കോഫി ഹൗസ് രുചിയുടെ ആരാധകനാക്കിയത്. കോഫി ഹൗസിലെ ഏതു വിഭവത്തിലും ബീറ്റ്റൂട്ടിന്റെ സാന്നിധ്യമുണ്ടാകും. ഒരു പക്ഷേ ബീറ്റ് റൂട്ട് പിശുക്കില്ലാതെ ഉപയോഗിക്കുന്ന സ്ഥാപനം കോഫി ഹൗസുകളാണ്. പീന്നിട് ജോലി നേടി ആദ്യ ശബളം കിട്ടിയപ്പോഴും നേരേ കോഫി ഹൗസിലേക്കാണു പോയത്. ഏത് കീശയ്ക്കും താങ്ങാവുന്നതാണ് കോഫി ഹൗസിലെ ഭക്ഷണത്തിന്റെ നിരക്കെന്നാണ് എന്റെ അഭിപ്രായം. പൂരി മസാല, മസാല ദോശ, കട്‌ലറ്റ്, ബോംബേ ടോസ്റ്റ്, ഒാംലൈറ്റ്... മെനുവിലും വലിയ മാറ്റമില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

Manorama Online Pachakam Ruchikadha Series - Timto Raveendran Memoir
ടിംറ്റോ രവീന്ദ്രൻ

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Timto Raveendran Memoir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS