സാലഡ് എന്നു കേൾക്കുമ്പോൾ കേരളത്തിൽ ജീവിക്കുന്ന ശരാശരി മലയാളിക്ക് അത്ര ആവേശമൊന്നും തോന്നണമെന്നില്ല. എരിവിന്റെയും പുളിയുടെയും വികാരത്തുടിപ്പില്ലാത്ത, കൊഴുപ്പിന്റെ മാദകത്തികവില്ലാത്ത ഒരു സാധനം. പല കാരണങ്ങളാൽ ഡയറ്റിങ് എന്ന ചര്യയിലൂടെ കടന്നുപോകുന്നവർക്ക് ആശ്രയമാകുന്നു എന്നല്ലാതെ ആവേശഭരിതമല്ലാത്ത വിഭവം എന്നും കരുതുന്നവർ ഒട്ടേറെ.
പക്ഷേ, ഇന്ത്യൻ ഷാർഗ്രിൽ പനീർ എന്നൊരു വിഭവമുണ്ട്. സാലഡ് തന്നെ. രസമുകുളങ്ങൾ നിറയെ ആവേശം വിതറുന്ന സാലഡ്. മോണയ്ക്കുള്ളിൽ എരിവ്, ചുണ്ടിലും എരിവ്. സൂക്ഷ്മമായി ചാട്ട് മസാലയുടെ മാജിക്കുണ്ട്. പൈനാപ്പിളിന്റെ മധുരമൂറും. കാക്കനാട് നിലംപതിഞ്ഞിമുകൾ രാജഗിരിവാലി കോൺഫിഡന്റ് ജെം ബിസിനസ് ബിൽഡിങ്ങിലെ ഹെൽത്തിഡയറ്റ് ഭക്ഷണശാലയിലാണ് ഇന്ത്യൻ ഷാർഗ്രിൽ പനീർ സാലഡുള്ളത്.
ഹെൽത്തിഡയറ്റിൽ സകലതും സാലഡ് പരുവത്തിലാണ്. ഓരോ സാലഡും അസാധ്യമെന്നു തോന്നിക്കാവുന്ന കോമ്പിനേഷൻസ് നിറഞ്ഞതും. പേരുസൂചിപ്പിക്കുന്നതുപോലെ പനീർ മുഖ്യമായതാണ് ഇന്ത്യൻ ഷാർഗ്രിൽ. പക്കാ ഇന്ത്യൻ സാലഡ്. ചാട്ട് മസാലയുടെ ഒളിഞ്ഞുനോട്ടം അതിനെ സ്പെഷൽ ആക്കുന്നു. കശ്മീരി ചില്ലിയുടെ നിറവും മൂന്നു നിറത്തിലുള്ള ക്യാപ്സിക്കം പകരുന്ന നേരിയ എരിവിന്റെ രുചിനാരുകളുമുണ്ട്. ഹിമാലയൻ റോക്ക് സോൾട്ട് പിങ്ക് നിറത്തിൽ ഉപ്പുപടർത്തുന്നു. ഉള്ളി, ചൈനീസ് കാബേജ് തുടങ്ങിയവയുടെയും സാന്നിധ്യമുണ്ട്. പൈനാപ്പിൾത്തുണ്ടുകൾ സർപ്രൈസ് തരുന്നു. ചില സുഗന്ധവ്യഞ്ജനങ്ങളുടെ അകമ്പടിയുള്ള ടൊമാറ്റോ സോസാണ് ഈ വിഭവത്തിന്റെ ബേസ് ഡ്രസിങ്. പോരാത്തതിന് നാരങ്ങാപിഴിഞ്ഞു ചേർക്കുകയുമാവാം.
നോൺ വെജ് കൊതിയൻമാർക്കായി ഹോം മെയ്ഡ് ചിക്കന് സോസേജ്– ആപ്പിൾ സാലഡുണ്ട്. പതിവു സോസേജിൽനിന്നു വ്യത്യസ്തമാണു ഹെൽത്തി ഡയറ്റിലെ ചിക്കൻ ചേരുവ. അൽപം പരുപരുപ്പ് ഫീൽ പകരുന്ന ചിക്കൻ സോസേജ്. ഇതിന്റെ കൂടെ നിരത്തുന്നതു വാൽനട്സ്, ചുവപ്പും പച്ചയും നിറത്തിലുള്ള ആപ്പിളിന്റെ തുണ്ടുകൾ, മാതളനാരകത്തിന്റെ അല്ലികൾ, റോമൻ ലെറ്റ്യൂസ് എന്നിവയാണ്. എള്ളിന്റെ തുള്ളിക്കളിയാണു മറ്റൊരു പ്രത്യേകത. തെബാസ്കോ ചേർത്തു കനമുള്ളൊരു ഫ്ലേവർ വരുത്തിയ മയോണൈസ് ക്രീം സോസ് ആണു ഡ്രസിങ് ആയി അവതരിക്കുന്നത്. ആപ്പിളും സോസേജും ലെറ്റ്യൂസും ചേർത്തു ക്രീം സോസിൽ മുങ്ങിക്കഴിക്കുമ്പോൾ സാലഡ് ആരാധകരല്ലാത്തവരും ത്രസിക്കും.
23 ഇനങ്ങളുള്ളൊരു സാലഡും ഇവിടെ കിട്ടും. ചേരുവകളുടെ പട്ടിക നീണ്ടതാണ്. ചിലതുമാത്രം പറഞ്ഞുനിർത്താം. മാതളനാരകം, കീൻവ, സ്വീറ്റ് കോൺ, ഫ്ലാക്സ് സീഡ്, ബേബി കോൺ, ലെറ്റ്യൂസ്, റെഡ് കാബേജ്, റോമൻ ലെറ്റ്യൂസ്, ഐസ്ബർഗ് ലെറ്റ്യൂസ്, പെന്നെ പാസ്ത, 3 തരം ക്യാപ്സിക്കം. ബ്രോക്ലി, പപ്പായ, പൈനാപ്പിൾ, ആപ്പിൾ, ബേബി പൊട്ടേറ്റോ, സ്വീറ്റ് പൊട്ടേറ്റോ, ഒലിവ്, പിസ്താഷ്യോ, കപ്പലണ്ടി… മുക്കിക്കഴിക്കാൻ തൗസൻഡ് ഐലൻഡ് മയോണൈസാണുള്ളത്. ആകെ കിടിലൻ സാധനങ്ങൾ. തീർന്നില്ല, പുളിയും സോയ് സോസും സിട്രസ് നീരും ഇഞ്ചി–വെളുത്തുള്ളി സത്തും വറ്റൽ മുളകിന്റെ തരികളും ചേർന്നുള്ള സ്വീറ്റ് ചില്ലി ഡ്രസിങ്ങുമുണ്ട്.
കാലറി കണക്കുകൂട്ടി പരിമിതപ്പെടുത്തിയ ഈ സാലഡുകളിൽ ഓരോന്നിലും 400 ഗ്രാമിൽ അധികം മാംസം ഉണ്ടാവില്ല എന്ന പ്രത്യേകതയുമുണ്ട്.
ഹെൽത്തി ഡയറ്റ് ഭക്ഷണശാലയ്ക്ക് ആകെ ഒരു പോരായ്മയേയുള്ളൂ. ഇരുന്നു കഴിക്കാൻ സ്ഥലം കുറവ്. പക്ഷേ 15 കിമീ ചുറ്റളവിൽ എവിടെയും വിഭവങ്ങൾ എത്തിച്ചുകൊടുക്കും. രാവിലെ 7.30 മുതൽ രാത്രി 9.30 വരെ സാലഡുകൾ ഓർഡർ ചെയ്യാം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഹെൽത്തി ഡയറ്റിന്റെ കൗണ്ടറുണ്ട്.
Content Summary : Indian sharjeel paneer salad.