റബർ ടൗൺ റൗണ്ട് ടേബിൾ 121 സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനത്ത് നാളെ മുതൽ 29 വരെ നടക്കും. നാളെ വൈകിട്ട് 6.30നു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 46 സ്റ്റാളുകളിലായി 300 തരം വിഭവങ്ങളുടെ രുചിലോകമാണ് ഒരുങ്ങുന്നത്. ചെട്ടിനാട്, ഹൈദരാബാദ് പാചക രീതികളിലുള്ള വിഭവങ്ങൾ, കോഴിക്കോട്ടെയും തലശ്ശേരിയിലെയും സ്പെഷൽ വിഭവങ്ങൾ, ഷാപ്പ് കറികൾ, പലതരം ദോശകൾ എല്ലാമുണ്ടാകും. തായ്, മലയ്, ഇന്തൊനീഷ്യൻ വിഭവങ്ങൾ, ബേക്കറി സാധനങ്ങൾ, കൊറിയൻ, ലെബനിസ് മെഡിറ്ററേനിയൻ, അഫ്ഗാൻ, ഇറാനിയൻ രുചികൾ, അൽഫാം, അറബിക് ഗ്രിൽസ്, ബർഗർ, അമേരിക്കൻ വിഭവങ്ങൾ തുടങ്ങി കുട്ടനാടൻ കറികൾ വരെയുണ്ട്.
ശുചിത്വം ഉറപ്പാക്കാനും മറ്റുമായി മുനിസിപ്പൽ മൈതാനത്ത് പ്രത്യേക പ്ലാറ്റ്ഫോം കെട്ടിയുയർത്തി അതിലാണു സ്റ്റാളുകളെന്ന് സംഘാടകർ അറിയിച്ചു.
വൃത്തിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും നൽകും. നാഗമ്പടം ബസ് സ്റ്റാൻഡ് റോഡിലാണു പ്രധാന പ്രവേശന കവാടം. കുര്യൻ ഉതുപ്പ് റോഡിൽ നിന്നും പ്രവേശനം അനുവദിക്കും.
പ്രവേശനം പാസ് മൂലം. രണ്ട് പ്രവേശനകവാടത്തിനു സമീപവും ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
വാഹന പാർക്കിങ് ഇൻഡോർ സ്റ്റേഡിയത്തിൽ. കുട്ടികൾക്കു വിനോദത്തിനായി പ്രത്യേക വിഭാഗങ്ങളുണ്ട്. കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയാണു പ്രവേശനം.
സമാപനം 29നു വൈകിട്ട് 6.30നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേളയിൽ നിന്നുള്ള ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പാറച്ചാലിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനത്തിനാവും വിനിയോഗിക്കുക.
Content Summary : A cullinary paradise of Kerala foods at Kottayam, Food Festival 2023.