ADVERTISEMENT

സ്കൂൾ തുറന്നുകഴിഞ്ഞാൽപ്പിന്നെ കുട്ടികളുടെ പഠനം പോലെ തന്നെ അമ്മമാർക്ക് ടെൻഷനാണ് ഭക്ഷണമൊരുക്കൽ. സമയവും കാലവുമില്ലാതെ കളിക്കിടെ എപ്പോഴെങ്കിലുമൊക്കെ ഓടിവന്നു എന്തെങ്കിലും കഴിച്ചും കൊറിച്ചും നടന്നിരുന്ന അവധിക്കാലത്ത് അതൊരു പ്രശ്നമേ അല്ലായിരുന്നു. ഇനി അങ്ങനെ അല്ല,  കുട്ടി ഭക്ഷണം നാലുനേരമോ മൂന്നു നേരമോ ആയി ചുരുങ്ങും.  ചില മടിയന്മാരെ സമയത്ത് വല്ലതും കഴിപ്പിച്ച് ഒരുക്കി വിടാൻ പെടുന്ന പാട് അമ്മയ്ക്കു മാത്രമറിയാം. കൊടുത്തുവിടുന്ന ഭക്ഷണം മതിയാകുമോ, ഭക്ഷണം മുഴുവൻ കഴിക്കുന്നുണ്ടോ എന്നൊക്കെ പിന്നെയും സംശയം.  ദിവസവും  ഭക്ഷണം പോഷകസമൃദ്ധമാക്കുന്നതോടൊപ്പം രുചിയും വൈവിധ്യവും ഉറപ്പാക്കാനും നോക്കാം. 

∙ ശരീരപോഷണത്തിന് അഞ്ചു ഗ്രൂപ്പുകളിൽ പെട്ട പോഷണം അത്യാവശ്യമാണ്. 

  • ധാന്യങ്ങൾ – അരി, ഗോതമ്പ്, റാഗി തുടങ്ങിയവ
  • പയറുവർഗങ്ങൾ – പരിപ്പ്, കടല, ചെറുപയർ, ഉഴുന്ന്, സോയ, രാജ്മ തുടങ്ങിയവ
  • പാൽ, പാലുൽപ്പന്നങ്ങൾ, മൽസ്യം, മാംസം, മുട്ട– പാൽ തൈര് പാൽക്കട്ടി, ഇരച്ചി, മീൻ, മുട്ട
  • ഫലവർഗങ്ങൾ – പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ

എണ്ണ, പഞ്ചസാര – നെയ്യ്, എണ്ണ, പഞ്ചസാര, ശർക്കര തുടങ്ങിയവ. ഇവയെല്ലാം നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കുട്ടി ഭക്ഷണം പോഷകസമൃദ്ധമാക്കാൻ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. 

∙ രാവിലെ തിരക്കിനിടയിൽ ഭക്ഷണം ഉപേക്ഷിക്കരുത്. പ്രഭാത ഭക്ഷണം ഉപേക്ഷിക്കുന്ന കുട്ടികൾ പഠനനിലവാരത്തിൽ പിന്നോട്ടുപോകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ദോശ, ഇഡ്ഡലി, പുട്ട്, അപ്പം, ചപ്പാത്തി ഇവ കറികളോടൊപ്പം നൽകാം. പാലും കൂടിയായാൽ ഭക്ഷണം സമ്പൂർണമായി. 

∙ തുടർച്ചയായി ഓരേ വിഭവം തന്നെ രാവിലെ കഴിക്കുന്നത് കുട്ടികൾക്ക് മടുപ്പാകും. സ്ഥിരമായി, ബ്രഡ്, നൂഡിൽസ് ഇവ നൽകുന്നതും ആരോഗ്യകരമല്ല

 ∙പ്രഭാതഭക്ഷണത്തിനായി തയാറാക്കുന്ന വിഭവങ്ങൾ തന്നെ ലഞ്ച് ബോക്സിലും നൽകാതിരിക്കുകയാണ് ഉത്തമം. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. ചോറിനൊപ്പം പച്ചക്കറി വിഭവങ്ങളും മോരും നൽകാം. ആഴ്ചയിൽ നാലുദിവസമെങ്കിലും  ഒരോ മുട്ട കുട്ടിയുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. 

∙വെജിറ്റബിൾ പുലാവ്, സ്‌റ്റഫ്‌ഡ് ചപ്പാത്തി, തക്കാളിച്ചോറ്, സ്റ്റഫ്ഡ് ദോശ  ഇവയൊക്കെ കുട്ടികളുടെ ലഞ്ച് ബോക്സിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. പോഷകമൂല്യവും ഉറപ്പ്.

കുട്ടികൾക്ക് ആവശ്യമായ അളവ് മാത്രം കൊടുത്തയയ്ക്കുക. നിർബന്ധിച്ചോ കണ്ണുരുട്ടിയോ കഴിപ്പിക്കണ്ട.

∙ ചെറിയ കുട്ടികൾക്ക് സ്നാക് സമയത്തേക്കായി പായ്‌ക്കറ്റിൽ വരുന്ന ഭക്ഷണസാധനങ്ങൾ നൽകാതിരിക്കുകയാണ് ഉചിതം.  അണ്ടിപ്പരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാം. അല്ലെങ്കിൽ വീട്ടിൽ തയാറാക്കുന്ന പലഹാരങ്ങൾ ആകാം.

∙നാലുമണി പലഹാരങ്ങളും വീട്ടിലുണ്ടാക്കാം. പുഴുങ്ങിയുടച്ചതോ ചിക്കിപ്പൊരിച്ചതോ ആയ മുട്ടയും വേവിച്ച പച്ചക്കറികളും റൊട്ടിക്കുള്ളിൽ വച്ചു സാൻഡ്‌വിച്ച് തയാറാക്കാം. കാരറ്റ് അല്ലെങ്കിൽ പുതിനയില അരച്ച് അൽപ്പം ഉപ്പു ചേർത്തു ബ്രെഡിനുള്ളിൽ വച്ചു ചെറുതായി മൊരിച്ചു നൽകാം. വെജിറ്റബിൾ കട്‌ലറ്റ്, ബ്രെഡ് പൊരിച്ചത് സമൂസ ഇവ വീട്ടിൽ തയാറാക്കാം.

 നാടൻ പലഹാരങ്ങളായ അട, കിണ്ണത്തപ്പം, അവലും പഴവും, പഴംപൊരി, വട ഇവയും ഇടയ്ക്കു പരീക്ഷിക്കാം

∙ ചായ, കാപ്പി ഇവ അധികം വേണ്ട. സീസൺ അനുസരിച്ച് അധികം പഞ്ചസാര ചേർക്കാതെ ജ്യൂസുകളും നാരാങ്ങാവെള്ളം, മോരുംവെള്ളം ഇവയും ഇടയ്ക്ക് നൽകാം.

∙ ചിക്കൻ, മീറ്റ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ബേക്കറി പലഹാരങ്ങൾ, നിറമുള്ള പാനീയങ്ങൾ, മിഠായികൾ ഇവ കഴിവതും ഒഴിവാക്കണം.

∙ എല്ലാത്തരം ഭക്ഷണവും കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കുക ന്നതാണ് ഏറ്റവും പ്രധാനം. ഒരു വിഭവം ഇഷ്ടമാണെന്നുവച്ച് അത് മാത്രം സ്ഥിരമായി നൽകുന്നത് നല്ലതല്ല. 

∙കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് അമ്മമാർ ഉറപ്പുവരുത്തണം. വൃത്തിയുള്ള വാട്ടർ ബോട്ടിലുകളിൽ തിളപ്പിച്ചാറിയ വെള്ളം നൽകാം. ജീരകവെള്ളം, മല്ലി, പതിമുഖം, രാമച്ചം, അയമോദകം ഇവയിലേതെങ്കിലും മാറി മാറി നൽകാം.

ചോറ്റുപാത്രം ശ്രദ്ധയോടെ 

കുട്ടികൾക്കുവേണ്ടി തിരഞ്ഞെടുക്കുന്ന ചോറ്റുപാത്രത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. പല നിറങ്ങളിൽ, ആകൃതിയിൽ മനംകവരുന്ന  പ്ലാസ്‌റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിലും മികച്ച തരം പ്ലാസ്‌റ്റിക് കൊണ്ട് ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ചൂടുള്ള ഭക്ഷണം പ്ലാസ്‌റ്റിക് പാത്രത്തിൽ നൽകുന്നത് ആരോഗ്യപരമായി ദോഷം ചെയ്യും. ചെറിയ കാസറോൾപോലുള്ള പാത്രങ്ങൾ ചൂട് നിലനിർത്തും. കുട്ടി സ്‌കൂളിൽനിന്നു കഴുകി കൊണ്ടുവരുന്ന പാത്രം വൈകുന്നേരം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ അമ്മമാർ ശ്രദ്ധിക്കണം. 

∙ഭക്ഷണം കാണുമ്പോഴേ ഓടി ഒളിക്കുന്ന കുറുമ്പന്മാരെ കൊണ്ടു വലഞ്ഞിരിക്കുകയാണോ. അൽപം ഭാവനയൊക്കെ ചേർത്ത് ഒന്നു പരിശ്രമിച്ചു നോക്കൂ.

ചപ്പാത്തിക്ക് വിവിധ രൂപങ്ങൾ നൽകാം. പൂച്ചക്കുട്ടിയോ ചിരിക്കുന്ന മൊട്ടത്തലയനോ അങ്ങനെ എന്തും. ചപ്പാത്തി പരത്തിയ ശേഷം കണ്ണിന്റെയും മൂക്കിന്റെയും വായുടെയും എല്ലാം ഭാഗത്ത് തുളകളിട്ട് അൽപം മാവുകൊണ്ട് ചെവി ഒക്കെ വച്ച്... ചുട്ടെടുക്കാം. ഉരുളക്കിഴങ്ങിനൊപ്പം കാരറ്റ്, ബീറ്റ്റൂട്ട് ഇവ ചേർത്ത് പല നിറങ്ങളിൽ കറികളുണ്ടാക്കാം. 

ഭക്ഷണം ഉണ്ടാക്കുമ്പോൾ കുട്ടികളെയും ഒപ്പം നിർത്തി ചെറിയ ജോലികളിൽ ഒക്കെ ചേർത്താൽ അതു കഴിക്കാനും അവർക്ക് ഒരു ഇഷ്ടം തോന്നും.

Content Summary : Here's what you should include in your kids' menu to keep them smart and healthy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com