ADVERTISEMENT

മാംസാഹാരികളായ മലയാളികളുടെ എല്ലാം പ്രിയപ്പെട്ട വിഭവമാണ് മീൻ. കടലും കായലും ഇഴുകിച്ചേർന്ന മലയാളി  ജീവിതക്രമത്തിൽ നമ്മുടെയെല്ലാം മേശകളിൽ വറുത്തും  പൊരിച്ചും കറിയായും മീൻ എന്നും  ഇടം പിടിക്കുന്നു. എന്നാൽ മീൻ വിഭവങ്ങൾ തയാറാക്കുന്ന ഏതൊരു വ്യക്തിയും ഏറ്റവും കൂടുതൽ സമയം എടുത്തു ചെയ്യുന്ന ഒരു പ്രവൃത്തിയാണ് മീൻ വൃത്തിയാക്കുക എന്നത്. അതിന്റെ ചെകിള അടക്കമുള്ള അനാവശ്യ ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് ഏറെനേരം എടുത്താണ് പലപ്പോഴും നാം മീൻ വൃത്തിയാക്കുക. ശരിയല്ലേ?

 

എന്നാൽ വെറും രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് ഒരു വലിയ ട്യൂണ (ചൂര) മത്സ്യത്തെ വൃത്തിയാക്കുന്ന ഒരു വിഡിയോ ജനശ്രദ്ധ  നേടുകയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ 26 മില്ല്യൺ ആളുകളാണു ഫെയ്സ് ബുക്കിൽ ഈ വിഡിയോ കണ്ടത്. യാക്കൂബ് എന്ന വ്യക്തി ട്യൂണ മത്സ്യത്തെ മുറിച്ച് ചെറു കഷണങ്ങളാക്കുന്ന വിഡിയോയാണിത്. ഒരു ശസ്ത്രക്രിയ വിദഗ്ദ്ധന്റെ മികവോടെയാണ്  മുള്ളുകൾ ഒന്നും പൊട്ടാതെ മാംസം മാത്രമായി മത്സ്യത്തിൽ നിന്നും ഇയാൾ മുറിച്ചു മാറ്റുന്നത്.

 

ആദ്യം തല ഉടലിൽ നിന്നും വേർപ്പെടുത്തുന്നു. തുടർന്ന് മീൻ തല ചെറു കഷ്ണങ്ങളാക്കി അടുത്തിരിക്കുന്ന പാത്രത്തിലേക്ക്.  മീൻ ഉടലിന്റെ വശങ്ങളിലെ ചെറു ചിറകുകൾ കത്തികൊണ്ടു കോതി ഒതുക്കിയ ശേഷം മത്സ്യത്തിന്റെ തൊലി ഉരിക്കുന്ന ഘട്ടമാണ് അടുത്തത്. പലപ്പോഴും ഏറെ സമയമെടുത്ത് നാം ഓരോരുത്തരും ചെയ്യുന്ന ഈ പ്രവർത്തിക്കായി യാക്കൂബിന് വേണ്ടി വരുന്നത് ഏതാനും സെക്കന്റുകൾ മാത്രമാണ്. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഒരു വശത്തിന്റെ മുകളിലും താഴെയുമായി ഒന്നോരണ്ടോ പോറലുകൾ. തുടർന്ന് അധിക ശ്രദ്ധയോടെ കൂടി ഒരിടത്തും മുറിയാതെ തൊലി അപ്പാടെ ഉരിച്ചെടുക്കുന്നു 

 

യാക്കൂബ് മീൻ കഷ്ണങ്ങളാക്കുന്നതും കാണേണ്ട കാഴ്ചയാണ്. മുള്ളിനു മുകളിലായി കൃത്യം കത്തികൊണ്ടു വരഞ്ഞ് ഒരു വശത്തെ മാംസം മൂന്ന് തുല്യ ഭാഗങ്ങളായാണ് അയാൾ മുറിക്കുന്നത്. രണ്ടു വശത്തെയും മാംസം വേർപെടുത്തിയ ശേഷം തുടർന്നു മുള്ളു മാത്രം മൂന്ന് തുല്യ കഷ്ണങ്ങളായും അയാൾ വീതം വയ്ക്കുന്നു. ചുരുക്കത്തിൽ അതീവ ശ്രമകരമായ ഈ ജോലി മികച്ച പെർഫെക്ഷനോടെയാണ് ഈ വിരുതൻ ചെയ്തു തീർക്കുന്നത്. അതുകൊണ്ടുതന്നെയാകണം കമന്റ് സെക്ഷനിൽ ഏറെ പേരാണ് യാക്കൂബിന്റെ  ഈ മികവിനെ പ്രകീർത്തിക്കുന്നത്.

 

ഇത്രയും മൂർച്ചയുള്ള കത്തി  ലഭിച്ചാൽ ഇതിലും നന്നായി തനിക്ക്  മീൻ മുറിക്കാൻ കഴിയുമെന്ന അവകാശവാദങ്ങളും ചിലർ നിരത്തുന്നുണ്ട്. വേറെ ചിലരാകട്ടെ ഈ ജോലി ഇത്രവേഗം ചെയ്തിട്ടും ഇയാൾക്ക് കൈവിരലുകൾ എല്ലാം ഉണ്ട് എന്നത് ആശ്ചര്യകരമാണ് എന്ന തമാശയും പങ്കുവയ്ക്കുന്നു.

 

Content Summary : Fishmonger Yokob shows us his amazing knife skills in the filleting and skinning of this baby tuna.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com