‘തൊട്ടാല്‍ കൈപൊള്ളുന്ന’ ഐസ്ക്രീം; സ്വര്‍ണവും ചീസുമാണ് ഇവിടുത്തെ താരം

expensive-ice-cream
Image Source: cellato Official Page
SHARE

ഒരു ഐസ്ക്രീം കഴിക്കാന്‍ എത്ര രൂപ ചെലവാക്കും? എത്രയായാലും മൂന്നക്കത്തിനപ്പുറത്തേക്ക് പോകില്ല ആ സംഖ്യ, അല്ലേ? എന്നാല്‍ ഈയിടെ ജപ്പാനില്‍ വിറ്റ ഒരു ഐസ്ക്രീമിന്‍റെ വില 5.2 ലക്ഷമായിരുന്നു! ഏറ്റവും വിലയേറിയ ഐസ്ക്രീം എന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡും ഈ ഐസ്ക്രീമിനാണ്.

രുചിയിലും ഈ ഐസ്ക്രീം കെങ്കേമന്‍

ജാപ്പനീസ് ഐസ്ക്രീം ബ്രാൻഡായ സെല്ലറ്റോ ആണ് ‘തൊട്ടാല്‍ പൊള്ളുന്ന’ ഈ ഐസ്ക്രീം നിര്‍മിച്ചത്. ബൈകുയ എന്ന് പേരിട്ട ഈ ഐസ്ക്രീമില്‍, ഇറ്റലിയിലെ ആൽബയിൽ നിന്നുള്ള വൈറ്റ് ട്രഫിള്‍ ആണ് പ്രധാന ചേരുവ. ഇതിനുതന്നെ, കിലോയ്ക്ക് ഏകദേശം 11,99,382 രൂപ വില വരും. പാർമിജിയാനോ-റെഗ്ഗിയാനോ, ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ, സേക്ക് ലീസ് എന്നിവയും ഐസ്ക്രീമിനായി ഉപയോഗിച്ചെന്ന് സെല്ലറ്റോയുടെ വെബ്‌സൈറ്റിൽ പറയുന്നു. വിലയില്‍ മാത്രമല്ല, രുചിയിലും ഈ ഐസ്ക്രീം കെങ്കേമന്‍ ആണെന്നാണ്‌ കഴിച്ചവരുടെ അഭിപ്രായം. വായില്‍ വയ്ക്കുമ്പോള്‍ത്തന്നെ വൈറ്റ് ട്രഫിളിന്‍റെ സുഗന്ധം അറിയാം, തുടർന്ന് പാർമിജിയാനോ റെജിയാനോയുടെ പഴരുചിയും നാവിലേക്കെത്തും.

expensive-ice-cream1
Image Source: cellato Official Page

ഏറ്റവും വിലകൂടിയ ഐസ്ക്രീം ഉണ്ടാക്കുക എന്നതു മാത്രമായിരുന്നില്ല സെല്ലറ്റോയുടെ ലക്ഷ്യം. ഐസ്ക്രീം രൂപത്തിൽ യൂറോപ്യൻ, ജാപ്പനീസ് ചേരുവകൾ സംയോജിപ്പിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. അതിനായി ഫ്യൂഷൻ പാചകരീതിക്ക് പേരുകേട്ട ഒസാക്കയിലെ റസ്റ്റോറന്റായ റിവിയിലെ പ്രധാന ഷെഫ് തദയോഷി യമദയെ നിയമിച്ചു. ഈ ഐസ്ക്രീം വികസിപ്പിച്ചെടുക്കാൻ ഒന്നര വർഷത്തിലേറെ സമയമെടുത്തു. ശരിയായ രുചിയിലെക്കെത്താനായി ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി. എല്ലാ പരിശ്രമങ്ങള്‍ക്കുമുള്ള സമ്മാനമായി ഗിന്നസ് വേൾഡ് റെക്കോർഡ് കമ്പനിയെ തേടിയെത്തി. 

ഈ റെക്കോര്‍ഡ് നേട്ടത്തോടെ, വൈവിധ്യമാര്‍ന്ന കൂടുതല്‍ രുചികള്‍ പരീക്ഷിക്കാനുള്ള ആവേശത്തിലാണ് കമ്പനി. ഭാവിയിൽ വ്യത്യസ്തമായ രീതിയില്‍ ഷാംപെയ്ൻ, കാവിയർ തുടങ്ങിയ കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കാൻ സെല്ലാറ്റോ പദ്ധതിയിടുന്നുണ്ട്. ഇതിനു മുന്‍പേ, ദുബായിലെ സ്‌കൂപ്പി കഫേ, 'ബ്ലാക്ക് ഡയമണ്ട്'  എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. 67578 രൂപ വിലയുള്ള വാനില ഐസ്‌ക്രീമിൽ ഇറ്റാലിയൻ ട്രഫിൾസ്, അംബ്രോസിയൽ ഇറാനിയൻ കുങ്കുമപ്പൂവ്, ഭക്ഷ്യയോഗ്യമായ 23 കാരറ്റ് ഗോൾഡ് ഫ്ലേക്കുകൾ എന്നിവയും ഉണ്ടായിരുന്നു. 

English Summary: The world’s most expensive ice cream is made with white truffle, edible gold and cheese

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS