സവാള ഗിരി ഗിരി ഗിരി....പാട്ടുംപാടി കണ്ണീരൊഴുക്കിയാണ് സവാള അരിയുന്നത്. ചിക്കനോ ബീഫോ നല്ല ഗ്രേവിയായി തയാറാക്കണമെങ്കിൽ സവാളയും ഉള്ളിയുമൊക്കെ കൂടുതൽ ചേർക്കണം. എണ്ണയിൽ മസാലയൊടൊപ്പം സവാള വഴറ്റിയെടുക്കുന്നതാണ് കറികൾക്ക് സ്വാദ് നൽകുന്നത്. ചെറിയ ഉള്ളിയെങ്കില്‍ പറയുകയും വേണ്ട. കരഞ്ഞുകൊണ്ട് സവാള അരിയാന്‍ മടിയാണ് മിക്കവർക്കും. എന്നാൽ ഇനി കണ്ണീര് പൊഴിക്കാതെ സുഗമമായി സവാള അരിയാം. എങ്ങനെയെന്നല്ലേ, ഇൗ ട്രിക്കുകൾ പരീക്ഷിച്ചു നോക്കാം.
സവാള വെള്ളത്തിലിടാം
സവാള തൊലി കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം രണ്ടായി മുറിച്ച് 10 മിനിറ്റ് നേരം വെള്ളത്തിൽ ഇട്ടുവയ്ക്കാം. ഇത് സവാളയിൽ നിന്നും ഗ്യാസ് പുറത്തേക്ക് വരുന്നത് തടയുന്നു. എന്നിട്ട് കനം കുറച്ച് അരിയാം. കണ്ണുനീറുകയില്ല. കൂടുതൽ നേരം വയ്ക്കരുത് സവാള വെള്ളം വലിച്ചെടുക്കും അരിയുമ്പോൾ വെള്ളം നിറഞ്ഞ പോലെയിരിക്കും.

ഫ്രിജിൽ വയ്ക്കാം
കഴുകി വൃത്തിയാക്കിക സവാള കണ്ടെയ്നറില്‍ അടച്ച് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം. പെട്ടെന്ന് സവാള അരിഞ്ഞെടുക്കണമെങ്കിൽ ഫ്രിജിലെ ഫ്രീസറിൽ 5 മിനിറ്റ് വച്ച് എടുക്കുകയുമാവാം. ഫ്രിജിലെ കൂളിങ് കൂട്ടി െഎസാകാതെ ശ്രദ്ധിക്കണം.
ആപ്പിൾ സിഡർ വിനഗർ
ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സിഡർ വിനഗറും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇടാം. കുറഞ്ഞത് 5 മിനിറ്റ് ഇട്ട് വയ്ക്കണം. അതുപോലെ, കട്ടിങ് ബോർഡിൽ ഈ വിനാഗിരി പുരട്ടുന്നതും നല്ലതാണ്. കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ ഇവ സഹായിക്കും.
English Summary: Avoid Tears while Cutting Onion