ADVERTISEMENT

മസാലകൂട്ടുകളെല്ലാം പാകത്തിന് ചേർത്ത് തയാറാക്കിയ കറികൾ രുചിച്ചു നോക്കുമ്പോൾ ഉപ്പ് കൂടിയെങ്കിൽ എല്ലാം പാളിപോയ സങ്കടത്തിലാകും വീട്ടമ്മമാർ. അയ്യോ ഇനി എന്തു ചെയ്യും? കറി കളയണോ അതോ അൽപം വെള്ളം ഒഴിക്കണോ എന്നുവരെ ചിന്തിക്കും. വിഷമിക്കേണ്ട ചില പൊടികൈകൾ ഉണ്ട്. കറിയുടെ രുചി ഒട്ടും ചോരാതെ ഉപ്പു കുറയ്ക്കാം. എങ്ങനെയെന്നല്ലേ? ഇൗ ട്രിക്കുകൾ പരീക്ഷിച്ചു നോക്കാം.

 

 

∙ കറിയിൽ ഉപ്പുകൂടുമ്പോൾ പണ്ടുകാലത്ത് കഴുകി വൃത്തിയാക്കിയ കരിക്കട്ടകൾ ചേർക്കാറുണ്ട്. അര മണിക്കൂറോളം കറിയിൽ ഇട്ടതിനു ശേഷം കരിക്കട്ട മാറ്റാം. കറിയിലെ ഉപ്പു കുറഞ്ഞു വരും.

 

∙വേവിച്ച ചോറ് കിഴികെട്ടി കറിയിൽ മുക്കിയിടാം. കുറച്ച് സമയത്തിന് ശേഷം മാറ്റാം. ചോറിന് പകരം കുഴച്ച ചപ്പാത്തിമാവ് കിഴികെട്ടിയും ഇടാം.

∙തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ച് കറിയിലിടാം. കറിയിലെ അമിതമായ ഉപ്പ് തക്കാളി വലിച്ചെടുക്കും. 

∙തോരനു ഉപ്പ് കൂടിയാൽ തേങ്ങ ചേർത്ത് കൊടുക്കാം. കൂടാതെ തേങ്ങയൊടൊപ്പം ഉള്ളി ചെറുതായി അരിഞ്ഞതും ചേർക്കാം

∙ ഒാംലറ്റ് തയാറാക്കുമ്പോൾ ഉപ്പു കൂടിയാൽ മുട്ട പൊട്ടിച്ച് ബീറ്റ് ചെയ്യുമ്പോൾ കുറച്ച് പാലോ വെള്ളമോ ചേർത്ത് അടിച്ചെടുക്കാം. ശേഷം ഒാംലറ്റ് തയാറാക്കാം. അല്ലെങ്കിൽ മുട്ട ബീറ്റ് ചെയ്യുമ്പോൾ ഉള്ളിയും തക്കാളിയും കാപ്സിക്കവുമൊക്കെ ചേർത്ത് കൊടുത്താലും മതി. 

∙  ഉരുളകിഴങ്ങ് മുറിച്ച് കറികളിൽ ചേർക്കാം. 10 അല്ലെങ്കില്‍ 15 മിനിറ്റിന് ശേഷം കറിയിൽ നിന്ന് കിഴങ്ങ് എടുത്തു മാറ്റാം. കറിയിലെ ഉപ്പ് കുറയും.

∙ കറിയിൽ തേങ്ങാപാൽ ചേർത്ത് കൊടുക്കാം.

∙ ഒരു ചെറിയ സ്പൂൺ നെയ്യ് കറിയിലേക്ക് ചേർത്ത് കൊടുക്കാം. 

∙ കറിയുടെ അളവിന് അനുസരിച്ച്  ഒരു സ്പൂൺ സിഡർ വിനഗറും ഒരു സ്പൂൺ പഞ്ചസാരയും ചേർക്കാം.

∙കോളിഫ്ളവർ പാവയ്ക്ക വെണ്ടയ്ക്ക പടവലങ്ങ എന്നീ തോരനുകളിലേക്ക് ഗ്രേറ്റ് ചെയ്ത ചീസ് ചേർത്ത് കൊടുക്കാം. ഉപ്പ് കുറയുക മാത്രമല്ല രുചിയും കൂടും. 

∙അധികം പുളിയില്ലാത്ത തൈര് ചേര്‍ക്കുന്നതും ഗുണകരമാണ്. എത്ര ഉപ്പാണോ കൂടിയത്, അതിനനുസരിച്ച് ചേര്‍ക്കാം

∙ഉള്ളിയോ സവാള മുറിച്ചതോ കറിയില്‍ ഇട്ടുവയ്ക്കാം. കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും.

English Summary: Tricks to reduce excess salt in curries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com