മഴക്കാലമല്ലേ വീടുകളിൽ ഇൗച്ച ശല്യവും കൂടും. വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അടുക്കളയിൽ വരെ എത്തുന്ന ഇൗച്ച. ലോഷനുകള്‍ ഉപയോഗിച്ച് എത്ര വൃത്തിയാക്കിയിട്ടും ഇൗച്ച പോകുന്നില്ല എന്നതാണ് പരാതി. ഭക്ഷണത്തിലുൾപ്പടെ എവിടെയും ഇവ വന്നിരിക്കും. ഇൗച്ചയിലൂടെ പല സാംക്രമിക രോഗങ്ങളും ഇൗ മഴക്കാലത്ത് ഉണ്ടാകും. ഈച്ചകളെ ഒഴിവാക്കുന്നതിനായി വിപണിയിൽ നിരവധി സ്പ്രേകൾ ലഭ്യമാണ് അവയിൽ മിക്കതും കെമിക്കലുകൾ നിറഞ്ഞതായതിനാൽ മനുഷ്യർക്കും ഏറെ ദോഷകരമാണ്. വീട്ടിൽ നിന്നും ഇൗച്ചയെ തുരത്താൻ ഇൗ രീതികൾ പരീക്ഷിച്ചു നോക്കാം
∙ഒരു ഗ്ലാസ് വെള്ളത്തിൽ 2 സ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കാം. ശേഷം സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഇൗച്ച ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യാം. ഉപ്പിന്റെ ലവണാംശം ഈച്ചകളെ അകറ്റാൻ നല്ലതാണ്.
∙ഒരുപിടി പുതിനയും തുളസിയിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാ. സ്പ്രേ കുപ്പിയിൽ അരച്ച മിശ്രിതവും വെള്ളവും ചേർത്ത് ഇൗച്ച ഉള്ളയിടത്ത് തളിയ്ക്കാം.
∙കാൽ കപ്പ് വിനാഗിരിയും 3 സ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്യാം.
∙അര ഗ്ലാസ് വെള്ളവും അതേ അളവിൽ വിനാഗിരിയും മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഗ്രാമ്പു എസൻസ് 10 മില്ലി ഒഴിക്കാം. വീട്ടിൽ ഗ്രാമ്പൂ ഉണ്ടെങ്കിൽ അത് ഒരു പിടി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുത്ത വെള്ളം ചേർത്താലും മതി. അതിലേക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്ത് സ്പ്രേ കുപ്പിയിൽ ഒഴിച്ച് ഇൗച്ച ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യാം.
∙പച്ചകർപ്പൂരം പൊടിച്ച് ഇൗച്ച വരുന്ന ഭാഗത്ത് വിതറാം. കർപ്പൂരത്തിന്റെ മണത്തിൽ ഇൗച്ച പറന്നു പോകും.
∙ കുന്തിരിക്കം പുകച്ചാലും ഇൗച്ച ശല്യം ഒഴിവാക്കാവുന്നതാണ്.
English Summary: How to Get Rid of Houseflies at Home Naturally and Safely