മകൻ പത്താം ക്ലാസ് ജയിച്ചു, വീട്ടുടമയ്ക്ക് മാമ്പഴം സമ്മാനിച്ച് ജോലിക്കാരി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Mangoes
Image Source: Twitter
SHARE

വേനൽക്കാലമെന്നത് മാമ്പഴക്കാലം കൂടിയാണ്. നല്ല പഴുത്ത മാങ്ങ ചെറു കഷ്ണങ്ങളാക്കി മുറിച്ചും, ജ്യൂസായും പലതരം മധുര വിഭവങ്ങളിൽ പ്രധാനക്കൂട്ടായും എന്തിനേറെ പറയുന്നു രുചികരമായ കറിയായി വരെ നാം ഉപയോഗിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തു ചർച്ചയായത് രണ്ടു പഴുത്ത മാമ്പഴങ്ങളാണ്. വീട്ടിൽ ജോലിക്കു വരുന്ന സ്ത്രീ വീട്ടുടമസ്ഥനു നൽകിയ ആ മാമ്പഴത്തിനു പിന്നിൽ ചെറുതല്ലാത്തൊരു കാര്യമുണ്ട്. മാമ്പഴം സ്വീകരിച്ച ഉടമ, ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ കാര്യമെന്തെന്നു കുറിച്ചിട്ടപ്പോൾ സൈബർ ലോകത്തിനും പെരുത്തുസന്തോഷം. കമന്റുകളിലൂടെ അവർ അത് പ്രകടിപ്പിച്ചപ്പോൾ പങ്കുവച്ച പോസ്റ്റും വൈറലായി. 

തന്റെ കുട്ടി പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷം പങ്കിടാൻ വേണ്ടിയാണു ജോലിക്കാരി വീട്ടുടമയ്ക്കു മാമ്പഴങ്ങൾ സമ്മാനമായി നൽകിയത്. തന്റെ കുഞ്ഞിന്റെ ജയത്തിൽ ഏറെ അഭിമാനിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന അവർ മാമ്പഴങ്ങൾ വാങ്ങിയാണ് ഉടമയ്ക്ക് സമ്മാനിച്ചത്. ഉത്കർഷ് ഗുപ്‌ത എന്നയാളാണ് തനിക്ക് ഇത്രയേറെ മധുരതരമായ ഒരു സമ്മാനം ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ചിത്രമടക്കം പങ്കുവച്ചത്. കൂടെ ഇങ്ങനെയൊരു കുറിപ്പും എഴുതിയിരുന്നു. ''വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീ ഇന്ന് ഞങ്ങൾക്ക് രണ്ടു മാമ്പഴങ്ങൾ സമ്മാനിച്ചു. അവരുടെ കുട്ടി പത്താം തരം പരീക്ഷ വിജയിച്ചതിന്റെ സന്തോഷത്തിലുള്ളതായിരുന്നു അത് '' ഹൃദയത്തിന്റെയും സന്തോഷത്താൽ നിറഞ്ഞ ഇരുകണ്ണുകളുടെയും ഇമോജികളും കുറിപ്പിനൊപ്പം ചേർത്തിരുന്നു.

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പും ചിത്രവും ചുരുങ്ങിയ സമയത്തിനുള്ളിലാണ് സോഷ്യൽ ലോകം ഏറ്റെടുത്തത്.  ധാരാളം പേർ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ''ഇതേറെ മധുരമുള്ളതും ചിന്തനീയവുമാണെന്ന്'' ഒരാൾ എഴുതിയപ്പോൾ ഇതുപോലുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള അനുഭവങ്ങൾ  പലരും ട്വീറ്റിന് താഴെ പങ്കുവച്ചു. ആ കുട്ടിയ്ക്ക് ഒരു നല്ല ഭാവിയുണ്ടാകട്ടെ എന്നാശംസിച്ചവരും കുറവല്ല.  

English Summary: Man Receives Two Mangoes As Gift From House Help, The Reason Will Melt Your Heart

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA