ADVERTISEMENT

പച്ചക്കറികളും പഴങ്ങളും മാത്രമല്ല, ബാക്കിവരുന്ന കറികളും ചോറും വരെ ഫ്രിജിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ. കേടുകൂടാതെ ഇരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പലരും സാധനങ്ങൾ ഫ്രിജിൽ കരുതിവെയ്ക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി സ്വാഭാവിക രുചി നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട്. അന്തരീക്ഷത്തിലെ ചൂടിൽ മുറികളിൽ സൂക്ഷിക്കേണ്ട ചില പച്ചക്കറികളും പഴങ്ങളുമൊക്കെ ഫ്രിജിൽ വെച്ചാൽ ചിലപ്പോൾ വിപരീതഫലമായിരിക്കും ലഭിക്കുക. അവയുടെ ശരിയായ ഗുണവും ഘടനയുമെല്ലാം  നഷ്ടപ്പെടും. ഫ്രിജിൽ വച്ചാൽ ചീത്തയായി പോകുന്ന പച്ചക്കറികളും പഴങ്ങളും ഏതൊക്കെയെന്നറിയാം. 

 

തക്കാളി 

 

തക്കാളി പെട്ടെന്ന് കേടുവരാത്ത പച്ചക്കറിയാണ് എങ്കിലും വാങ്ങി കൊണ്ട് വരുമ്പോൾ തന്നെ ഫ്രിജിലേക്ക് വയ്ക്കുകയും ചെയ്യും. ഇനി അങ്ങനെ ചെയ്യരുത്. തക്കാളിയുടെ മണവും ഘടന നഷ്ടപ്പെടും. സാധാരണ ഊഷ്മാവിൽ പുറത്തു സൂക്ഷിക്കുന്നതാണ് തക്കാളിയുടെ ശരിയായ ഗുണവും മണവും നിലനിർത്താൻ സഹായിക്കുക.

 

വെളുത്തുളളി 

 

ഒരിക്കലും ഫ്രിജിൽ വക്കരുതാത്ത ഒന്നാണ് വെളുത്തുള്ളി. എന്തുകൊണ്ടെന്നാൽ ഇവയ്ക്ക് മുള വരാനും അതുപോലെ തന്നെ മാർദ്ദവം നഷ്ടപ്പെട്ടു റബ്ബറു പോലെയാകാനും സാധ്യതയുണ്ട്. ജലാംശം തീരെയില്ലാത്ത, നേരിട്ട് ചൂടേൽക്കാത്തയിടങ്ങളിൽ വെളുത്തുള്ളി സൂക്ഷിക്കാവുന്നതാണ്.

 

പഴം 

 

പഴുത്ത പഴം ഒരിക്കലും ഫ്രിജിൽ വെയ്ക്കരുത്. ഇങ്ങനെ ചെയ്യുന്ന പക്ഷം തൊലി കറുത്തുപോകാനുള്ള സാധ്യതയുണ്ട്. തൊലി കറുത്താലും അകത്തെ പഴത്തിനു കേടുണ്ടാകുകയില്ല. കേടില്ലാത്ത പഴമാണെങ്കിൽ അതെപ്പോഴും സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. 

 

ഉള്ളി 

 

വെളുത്തുള്ളിയെ പോലെ തന്നെ ചുവന്നുള്ളിയും സവാളയും വായു സഞ്ചാരമുള്ള മുറിയിൽ, ജലാംശമില്ലാത്തയിടത്തു വെച്ചാൽ മതിയാകും. എളുപ്പത്തിൽ കേടായി പോകുമെന്ന പേടി വേണ്ടാത്ത പച്ചക്കറി കൂടിയാണിത്. ഉള്ളി ഫ്രിജിൽ വെച്ചാൽ അത് ചീത്തയാകാനും അതേസമയം തന്നെ അതിന്റെ യഥാർത്ഥ ഘടനയിൽ നിന്നും വ്യത്യാസം വരാനും സാധ്യതയുണ്ട്.

 

തേൻ 

 

വളരെ പെട്ടെന്നൊന്നും കേടുവരാത്ത ഒന്നാണ് തേൻ. അതുകൊണ്ടുതന്നെ ഫ്രിജിൽ വെയ്ക്കുകയും വേണ്ട. സാധാരണ ചൂടിൽ മുറിയിൽ തന്നെ വെച്ചാൽ മതിയാകും. ഫ്രിജിൽ വെയ്ക്കുമ്പോൾ തേനിൽ പരലുകൾ രൂപപ്പെടാനും ദൃഢത വർധിക്കാനുമിടയുണ്ട്.

 

അവകാഡോ 

 

പച്ചക്കറികൾ മാത്രമല്ല, ചില പഴങ്ങളും ഫ്രിജിൽ വെയ്ക്കുന്നത് നല്ലതല്ല. അവകാഡോ ഫ്രിജിൽ സൂക്ഷിച്ചാൽ അതിന്റെ പാകപ്പെടലിനെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നല്ലതുപോലെ പഴുക്കാത്ത അവകാഡോ ഫ്രിജിൽ വെയ്ക്കരുത്. എന്നാൽ പഴുത്തു പാകമായതു ഫ്രിജിൽ വച്ചാൽ കുറച്ചു ദിവസം കേടുകൂടാതെയിരിക്കും.

 

ഉരുളകിഴങ്ങ് 

 

ഫ്രിജിൽ വെയ്ക്കുന്ന ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് പഞ്ചസാരയായി മാറാനുള്ള സാധ്യതയുണ്ട്. ഇത് കിഴങ്ങിന്റെ രുചിയേയും ഘടനയെയും ബാധിക്കും. വലിയ ചൂട് ഏൽക്കാത്ത, ജലാംശം ഇല്ലാത്തയിടങ്ങളിൽ വയ്ക്കുന്നതാണ്‌ ഉചിതം.

 

ബ്രെഡ്‌ 

 

കടയിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ബ്രെഡ് കഴിച്ചതിനുശേഷം ഫ്രിജിൽ വെയ്ക്കുന്ന ഒരു ശീലം ചിലർക്കെങ്കിലുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ബ്രെഡിന്റെ മാർദ്ദവം നഷ്ടപ്പെടും. രുചിക്കുറവും അനുഭവപ്പെടും. ബ്രെഡ് അതിന്റെ യഥാർത്ഥ രുചിയിൽ കഴിക്കണമെന്നുള്ളവർ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാൽ മതിയാകും. 

English Summary: 7 Foods you should never refrigerate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com