സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന പ്രോട്ടീനിന്റെ ഏറ്റവും മികച്ച ശേഖരമുള്ള ചെറുധാന്യമാണ് ക്വീൻവ. ആരോഗ്യപ്രദവും പോഷകങ്ങൾ നിറഞ്ഞതുമാണിത്. ഫൈബർ കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ധാരാളം അവശ്യ പോഷകങ്ങളും ഇതിൽ സമൃദ്ധമാണ്. ക്വീൻവ കഴിക്കാനായി തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടുതൽ വെന്തുപോയാൽ കുഴഞ്ഞു പോകുക മാത്രമല്ല, ഇതിലെ ഗുണകരമായ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ വേവ് കുറഞ്ഞു പോയാലോ ദൃഢത കൂടുതലാകും ദഹനത്തിനും പ്രയാസകരമാണ്. ഡയറ്റ് പിന്തുടരുന്നവർ ക്വീൻവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. എങ്ങനെ നല്ല രീതിയിൽ ഈ ചെറുധാന്യം വേവിച്ചെടുക്കാമെന്നു നോക്കാം.
കഴിക്കാനായി തയാറാക്കുന്നതിന്റെ ആദ്യപടി നല്ലതുപോലെ കഴുകിയെടുക്കുക എന്നതാണ്. സാപോനിൻ എന്ന് പേരുള്ള ഒരു പ്രത്യേക ആവരണം ഈ ധാന്യത്തിനു മുകളിലായി കാണാവുന്നതാണ്. നല്ലതുപോലെ കഴുകി ഈ ആവരണം കളഞ്ഞെടുക്കണം. അല്ലാത്ത പക്ഷം ചെറിയൊരു കയ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഒരു അരിപ്പയിലേയ്ക്ക് മാറ്റിയ ക്വീൻവ വീണ്ടും തണുത്ത വെള്ളത്തിൽ കൈ ഉപയോഗിച്ച് നല്ലതുപോലെ തിരുമ്മി കഴുകണം. ഇപ്രകാരം ചെയ്യുന്നത് ധാന്യത്തിലെ എല്ലാ അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും.
ക്വീൻവ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൃത്യമായ അളവാണ്. ഒരു കപ്പ് ക്വീൻവ വേവിച്ചെടുക്കാനായി രണ്ടു കപ്പ് വെള്ളമൊഴിക്കണം. അതാണ് വേവാൻ ആവശ്യമായ അളവ്. ഒരു നുള്ള് ഉപ്പ് കൂടി ചേർക്കുന്നത് നല്ലപോലെ വെന്തുകിട്ടാൻ സഹായിക്കും. ഒരു പാനിലോ സോസ്പാനിലോ വെച്ച് പാകം ചെയ്തെടുക്കാം. വെള്ളം കൂടി ചേർത്ത് ക്വീൻവ നല്ലതുപോലെ തിളപ്പിച്ചതിനു ശേഷം തീ കുറച്ച് പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ പാകം ചെയ്യാം. ഈ സമയത്തു നേരത്തെ ചേർത്ത വെള്ളം മുഴുവൻ വലിച്ചെടുത്ത ധാന്യം മൃദുവാകും. പതിനഞ്ചു മിനിറ്റ് ചെറിയ തീയിൽ പാകം ചെയ്തതിനുശേഷം വെന്തോ എന്ന് നോക്കാവുന്നതാണ്. വെള്ള നിറത്തിൽ തന്നെയാണ് കാണപ്പെടുന്നതെങ്കിൽ കുറച്ചു സമയം കൂടി ചെറിയ തീയിൽ വേവിച്ചെടുക്കണം.
അടുപ്പിൽ നിന്നും മാറ്റിയതിനുശേഷം അഞ്ചു മിനിറ്റ് അടച്ചു തന്നെ വെയ്ക്കാം. കൂടുതൽ ജലാംശമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യുന്നതുവഴി അതുകൂടി ധാന്യം വലിച്ചെടുക്കും. അഞ്ചുമിനിറ്റിനുശേഷം തുറന്നു ഒരു സ്പൂണോ ഫോർക്കോ ഉപയോഗിച്ച് ചെറുകട്ടകളുണ്ടെങ്കിൽ അത് ഉടച്ചെടുക്കാം. പാകത്തിന് വെന്ത ക്വീൻവ ഉപയോഗിച്ച് രുചികരമായ വിഭവങ്ങൾ തയാറാക്കിയെടുക്കാവുന്നതാണ്.
English Summary: How to Cook Perfect Quinoa