വില 24 കോടി, മാണിക്യവും രത്‍നവും പതിപ്പിച്ച ടീപോട്ട്; അതിശയിച്ച് കാഴ്ചക്കാർ
Mail This Article
ചായ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിയിട്ട് കാലമേറെയായി. ഭൂരിപക്ഷം ഇന്ത്യക്കാരും ദിവസത്തിൽ ഒരു ചായ എങ്കിലും കുടിക്കുന്നവരായിരിക്കും. വിവിധ തരത്തിലുള്ള ചായകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാണ്. മസാല ചായ, ഏലയ്ക്ക ചായ, ഇഞ്ചി ചായ തുടങ്ങി നീണ്ട ലിസ്റ്റ് തന്നെയുണ്ട്. എന്നാൽ ചായ അല്ല ഇവിടെ താരം. ചായ പകർന്നു നൽകുന്ന ഒരു ടീപോട്ടാണ്. ഏറ്റവും വിലയേറിയത് എന്ന ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കിയാണ് ഇവൻ വേറിട്ടു നിൽക്കുന്നത്. ഏകദേശം 24 കോടി രൂപയാണ് 2016 മുതൽ തന്നെ ഈ ലോക റെക്കോർഡ് സ്വന്തം പേരിലാക്കി വെച്ചിരിക്കുകയാണ് ഈ ടീപോട്ടിന്റെ വില.
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ടീപോട്ട് റെക്കോർഡ് സ്വന്തമാക്കുന്നത് 2016 സെപ്റ്റംബർ 6 നായിരുന്നു. ''ദി ഈഗോയിസ്റ്റ്'' എന്ന് പേരിട്ടിരിക്കുന്ന ടീപോട്ട് കമ്മീഷൻ ചെയ്തിരിക്കുന്നത് യു കെ ആസ്ഥാനമായുള്ള എൻ. സെറ്റിയ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനയാണ്. സ്പോൺസർ ചെയ്തിരിക്കുന്നതോ ന്യൂബൈ ടീസ് ഓഫ് ലണ്ടനും. 3 മില്യൺ യു എസ് ഡോളർ (ഏകദേശം 24 കോടി രൂപ) വിലവരുന്ന ടീപോട്ടിന്റെ നിർമാണത്തിനു പുറകിൽ ഫുൾവിയോ സ്‌കാവിയ എന്ന ഇറ്റാലിയൻ ആഭരണ വ്യാപാരിയാണ്. 1658 രത്നങ്ങൾ വജ്രം പതിപ്പിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ മൂല്യം ഇത്രയും വർധിപ്പിക്കുന്നത്. കൂടാതെ 18 കാരറ്റ് സ്വർണവും ഗോൾഡ് പ്ലേറ്റ് ചെയ്ത വെള്ളിയുമൊക്കെ ടീപോട്ടിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഫോസിലൈസ് ചെയ്ത മാമോത്തിന്റെ കൊമ്പ് പാത്രത്തിന്റെ കൈപിടിയായപ്പോൾ തായ്‌ലൻഡിൽ നിന്നും മ്യാന്മറിൽ നിന്നുമുള്ള 386 പരമ്പരാഗത മാണിക്യമാണ് ലിഡിന്റെ മാറ്റുവർധിപ്പിക്കുന്നത്.
വിലകൊണ്ടു മാത്രമല്ല, ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും ടീപോട്ട് മൂല്യമേറിയത് തന്നെയാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ. സെറ്റിയ ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് പ്രശസ്തമായത്. വിദ്യാഭ്യാസം, ആത്മീയ പ്രവർത്തനങ്ങൾ, മെഡിക്കൽ റിസർച്ച് എന്നീ പ്രവർത്തനങ്ങളിലെല്ലാം ഈ സംഘടന സജീവമാണ്. അമൂല്യമായ ടീപോട്ടിന്റെ രൂപകൽപന നടത്തിയിരിക്കുന്നത് ന്യൂബൈ ടീസിന്റെ സ്ഥാപകനും ചെയർമാനുമായ നിർമൽ സേത്തിയ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ചായകളോടുള്ള ആദരസൂചകമായാണ് ടീപോട്ട് നിർമിച്ചിരിക്കുന്നത്.
English Summary: India's iconic food claims a spot in the list of best lamb dishes in the world