മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും, എന്നാൽ ചിലർക്കെങ്കിലും മീനിന്റെ മണത്തോട് ഒട്ടും പ്രിയമുണ്ടാകുകയില്ല. അതിന്റെ പേരിൽ മീൻ വാങ്ങുന്നത് തന്നെ ഒഴിവാക്കുന്നവരുമുണ്ട്. എന്നാൽ ഇനി അങ്ങനെ മീൻ വാങ്ങാതിരിക്കണ്ട. ചെറിയ ചില പൊടികൈകൾ പ്രയോഗിച്ചാൽ മതി ആ മണം കൈകളിൽ നിന്നും പാത്രത്തിൽ നിന്നും പാടെ മാറ്റാൻ സാധിക്കും.
മീനിന്റെ മണം ഒഴിവാക്കുന്നതിനായി വിനാഗിരി ഏറ്റവും മികച്ചൊരു മാർഗമാണ്. അതിനു വേണ്ടി ഒരു ലായനി തയാറാക്കിയെടുക്കണം. കുറച്ചു വെള്ളമെടുത്തു അതിലേക്ക് വിനാഗിരി ഒഴിക്കണം. ഉപയോഗിച്ച പാത്രങ്ങൾ, കത്തി, സിങ്ക്, നമ്മുടെ കൈകൾ എന്നിവ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം നേരത്തെ തയാറാക്കിയ വിനാഗിരി വെള്ളം കൂടി ഒഴിച്ച് കഴുകാം. മീനിന്റെ ഗന്ധം മാറ്റാൻ ഏറ്റവും എളുപ്പത്തിലുള്ള മാർഗമാണിത്. ഈ ലായനിയിൽ വിനാഗിരിയ്ക്കു പകരം ചെറുനാരങ്ങ നീര് ചേർത്തും തയാറാക്കാവുന്നതാണ്. ഉപ്പും ചെറുനാരങ്ങയുടെ നീരും ചേർത്തും പാത്രങ്ങൾ കഴുകിയെടുക്കാവുന്നതാണ്. ഉപ്പിനു പകരമായി ബേക്കിങ് സോഡ വേണമെങ്കിലും ഉപയോഗിക്കാം.
സിങ്കിൽ വച്ചോ കൗണ്ടർ ടോപ്പിൽ വച്ചോ ആണ് മീൻ വെട്ടി വൃത്തിയാക്കി എടുത്തതെങ്കിൽ ഒരു പാത്രത്തിൽ കുറച്ചു വിനാഗിരിയെടുത്തു മേല്പറഞ്ഞ സ്ഥലങ്ങളിൽ വച്ചുകൊടുക്കാം. കുറച്ചു സമയം കഴിയുമ്പോൾ മീനിന്റെ ഗന്ധം കുറയും. മീൻ വൃത്തിയാക്കിയതിനു ശേഷം കൈകളിലെ മണം മാറുന്നതിനായി നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം വെളിച്ചെണ്ണ കുറച്ചെടുത്തു കൈകളിൽ തേച്ചാൽ മതിയാകും. വെളിച്ചെണ്ണയ്ക്ക് പകരമായി നാരങ്ങ മുറിച്ച് ഒരു കഷ്ണം കൈകളിൽ ഉരച്ചുകൊടുക്കുന്നതും മീൻ മണത്തെ കുറയ്ക്കാൻ സഹായിക്കും. മല്ലിപ്പൊടിയും മീൻ മണം കൈകളിൽ നിന്നും അകറ്റാനുള്ള ഒരു വഴിയാണ്. മല്ലിപ്പൊടി കൈകളിലെടുത്തു നല്ലതുപോലെ ഉരച്ചാൽ മീനിന്റെ ഗന്ധം കൈകളിൽ നിന്നും മാറുന്നതായിരിക്കും. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ മീൻ വെട്ടിയതിനു ശേഷം കൈകളിൽ കോൾഗേറ്റ് പേസ്റ്റു പുരട്ടിയാലും മീൻ മണം മാറി കിട്ടും.
English Summary: Ways to Get Rid of The Fishy Smell On Your Hands