ADVERTISEMENT

മീനോ ചിക്കനോ എന്തുമാകട്ടെ ഭൂരിപക്ഷം പേർക്കും കറിവച്ചു കഴിക്കുന്നതിലും പ്രിയം വറുത്തു കഴിക്കുന്നത് തന്നെയായിരിക്കും. വറുത്തതിന്റെ രുചിയൊന്നും എത്ര നന്നായി കറിവച്ചാലും കിട്ടുകയില്ലെന്നാണ് ഇത്തരക്കാരുടെ ഭാഷ്യം. വറുത്തെടുക്കുന്നതു കറി വയ്ക്കുന്നതിലും എളുപ്പമാണെങ്കിലും, സമയം കുറവ് മതിയെങ്കിലും അവ തയാറാക്കിയ പാത്രം കഴുകിയെടുക്കുക പ്രയത്നം തന്നെയാണ്. അടുക്കളയിലെ സിങ്കിലും കഴുകാനെടുത്ത സ്‌ക്രബറിലുമെല്ലാം പാത്രത്തിലെ എണ്ണയും ബാക്കിയായ മസാലയുമൊക്കെ പറ്റിപിടിച്ചിരിക്കും. പിന്നീട് സിങ്കും സ്ക്രബറും കൂടി വൃത്തിയാക്കേണ്ടി വരും. ഇവിടെ നേരത്തെ ലാഭിച്ച സമയം നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇനി ഇത്തരം കാര്യമോർത്ത് ചിക്കനും മീനുമൊന്നും വറുത്തു കഴിക്കാതിരിക്കണ്ട. വളരെ എളുപ്പത്തിൽ, കുറച്ചു സമയത്തിനുള്ളിൽ തന്നെ പാത്രങ്ങൾ നല്ല വൃത്തിയായി കഴുകിയെടുക്കാം. റെസ്മീസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വളരെ ഉപകാരപ്രദമാകുന്ന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

മീനോ ചിക്കനോ വറുത്ത എണ്ണമയമുള്ള പാത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം. അടുക്കളയിലെ സിങ്കിലും കഴുകുന്ന സ്‌ക്രബറിലുമൊന്നും എണ്ണയോ കരിഞ്ഞു പിടിച്ച മസാലയോ ഒന്നുംതന്നെ ഇല്ലാതെ. അതിനുവേണ്ടത് ഐസ് ക്യൂബുകൾ മാത്രമാണ്. മൂന്നോ നാലോ ഐസ് ക്യൂബുകൾ വറുക്കാൻ ഉപയോഗിച്ച പാത്രത്തിലേക്ക് ഇട്ടതിനുശേഷം കുറച്ച് ഡിഷ്‌വാഷ് ലിക്വിഡ് കൂടി ഒഴിച്ച് കൊടുക്കുക. അതിനു ശേഷം നല്ലതുപോലെ പാത്രം ചുറ്റിക്കുക. കുറച്ചു സമയം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കാണുവാൻ സാധിക്കും.പാത്രത്തിലെ എണ്ണയും കരിഞ്ഞു പിടിച്ച മസാലയുമൊക്കെ ഇളകിപ്പോരുന്നത്. പാത്രത്തിലെ എണ്ണമയം മുഴുവനും ഐസ് ക്യൂബുകളിൽ പറ്റിപിടിച്ചെന്നു കാണുമ്പോൾ അത് ഒഴിച്ച് കളയാം. തുടർന്ന് വെള്ളമൊഴിച്ചു കഴുകുമ്പോൾ തന്നെ മനസിലാകും എണ്ണമയം ഒട്ടും തന്നെയില്ല എന്ന്. ഇനി സ്‌ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഒന്നുരച്ചു കഴുകിയാൽ പാത്രം വൃത്തിയായി കിട്ടും.

 

തോരനോ മെഴുകുപുരട്ടിയോ ഉണ്ടാക്കിയപ്പോൾ പാത്രത്തിൽ കരിഞ്ഞു പിടിച്ചെങ്കിൽ ഇനി വിഷമിക്കണ്ട, കുറച്ചു ബേക്കിംഗ് സോഡയും ചെറുനാരങ്ങയുടെ തൊലിയുമുണ്ടെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. കരിഞ്ഞു പിടിച്ച പാത്രത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ വിതറിയിട്ടതിനു ശേഷം നാരങ്ങയുടെ തോട് ഉപയോഗിച്ച് നല്ലതുപോലെ ഉരയ്ക്കാം. പാത്രത്തിനടിയിൽ ഒട്ടിപിടിച്ചതെല്ലാം ഇളകിപ്പോരുന്നതായി കാണുവാൻ സാധിക്കും. ഇനി അല്പം വെള്ളം കൂടിയൊഴിച്ചു നല്ലതു പോലെ ഉരച്ചു കഴുകാം. പാത്രം വൃത്തിയായി ഇട്ടും. എന്നിട്ടും പൂർണ തൃപ്തി വന്നില്ലെങ്കിൽ ഡിഷ്‌വാഷ് ലിക്വിഡ് ഒഴിച്ച് സ്‌ക്രബർ ഉപയോഗിച്ച് തേച്ചുരച്ചു കഴുകിയാൽ പാത്രം പുതിയതുപോലെ വെട്ടിത്തിളങ്ങും. 

 

അധികം ആയാസമില്ലാതെ, ഡിഷ്‌വാഷ് ലിക്വിഡ് അധികം ഉപയോഗിക്കാതെ കഴുകിയെടുക്കാൻ കഴിയുന്നു എന്നതാണ് ഈ രണ്ടു വിദ്യകളുടെയും പ്രത്യേകത. അടുക്കളയിലെ സിങ്കോ സ്‌ക്രബറോ ഒന്നും വൃത്തികേടാകുകയുമില്ല എന്നൊരു ഗുണം കൂടിയുണ്ട്. 

English Summary: How to clean kadai with ice cube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com