മീൻ വൃത്തിയാക്കാൻ ചിരട്ട മതി; ഇത്ര സിംപിളോ? ഇതെന്തൊരു െഎഡിയ

Mail This Article
മീൻ കറിയും മീൻ വറുത്തതുമൊക്കെ ഉണ്ടെങ്കിൽ ഊണ് കിടിലൻ. കറി വച്ചും വറുത്തുമൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും മീൻ വെട്ടി വൃത്തിയാക്കിയെടുക്കുക എന്നത് സ്വല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് അടുക്കളയിലെത്തിയ പുതുമുഖങ്ങൾക്ക്. അങ്ങനെയുള്ളവർ ഇനി മടിച്ചു മാറി നിൽക്കേണ്ട. വളരെ എളുപ്പത്തിൽ ഏതു മീനും കത്തി പോലുമില്ലാതെ വെട്ടി, വൃത്തിയാക്കിയെടുക്കുന്നത് എങ്ങനെയെന്നു കാണാം. ആയിഷാസ് ഡ്രീം വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് എളുപ്പത്തിൽ മീൻ വൃത്തിയാക്കിയെടുക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ധാരാളം ചെതുമ്പലുണ്ട് കിളിമീനിന്. ഇത് ഒരു കട്ടിങ് ബോർഡിൽ വച്ച് എങ്ങനെ കട്ട് ചെയ്ത്, ചെതുമ്പലുകൾ കളഞ്ഞു വൃത്തിയാക്കി എടുക്കാം എന്നാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. കട്ടിങ് ബോർഡിന്റെ അറ്റത്ത് അടിയിലായി ഒരു പ്ലാസ്റ്റിക് കവർ വച്ചാൽ മീൻ വെട്ടുമ്പോൾ വരുന്ന അവശിഷ്ടങ്ങൾ ആ കവറിലേക്ക് മാറ്റാം. ആദ്യം തന്നെ മീനിന്റെ ചിറകുകളും വാലും ഒരു കത്രിക ഉപയോഗിച്ച് മുറിച്ചു കളഞ്ഞതിനു ശേഷം ഒരു ഗ്രേറ്റർ കൊണ്ട് മീനിന്റെ മുകളിലുള്ള ചെതുമ്പലുകളിലൂടെ നല്ലതുപോലെ മുകളിലേയ്ക്കും താഴേയ്ക്കും അല്പം ബലത്തോടെ ഗ്രേറ്റ് ചെയ്യുന്നതുപോലെ ചെയ്യാം. ചെതുമ്പലുകൾ തെറിക്കാതെ വളരെ എളുപ്പത്തിൽ മീനിന്റെ പുറം ഭാഗങ്ങൾ വൃത്തിയാകുന്നത് കാണുവാൻ സാധിക്കും. തലകൂടി മുറിച്ചു മാറ്റി, മീനിന്റെ വയറു ഭാഗത്തുള്ള അഴുക്കുകൾ കൂടി കളയണം. കിളി മീൻ പോലുള്ളവ വൃത്തിയാക്കാൻ ഗ്രേറ്റർ ഏറെ ഉപകാരപ്രദമാണ്.
ഫ്ലാറ്റിലൊക്കെ താമസിക്കുന്നവർക്ക് മത്തി അല്ലെങ്കിൽ ചാള പോലുള്ള മീനുകൾ വൃത്തിയാക്കാതെ ലഭിച്ചാൽ അത് വെട്ടിയെടുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കത്തിയോ കത്രികയോ പോലുമില്ലാതെ മത്തി വൃത്തിയാക്കാം എന്ന് കേട്ടാൽ ചിലരെങ്കിലും അദ്ഭുതപ്പെടും. കുറച്ചു വലുപ്പമുള്ള പാത്രത്തിൽ മീൻ ഇട്ടതിനുശേഷം മുങ്ങി കിടക്കുന്ന പോലെ വെള്ളമൊഴിക്കുക. പത്തു മിനിറ്റ് നേരം അങ്ങനെ വച്ചതിനുശേഷം ഒരു ചിരട്ടയെടുക്കുക. ആ ചിരട്ട കൊണ്ടാണ് മീനിന്റെ ചെതുമ്പലുകൾ കളയാൻ പോകുന്നത്. മീൻ വെള്ളത്തിലേക്ക് താഴ്ത്തി പിടിച്ചുകൊണ്ടു ചിരട്ടയുടെ വായ്‌ഭാഗം കൊണ്ട് ചെതുമ്പലുകൾക്ക് മുകളിൽ നല്ലതുപോലെ ഉരയ്ക്കുക. മീൻ വൃത്തിയാകുന്നത് കാണുവാൻ സാധിക്കും. മീനും ചിരട്ടയും പാത്രത്തിലെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ചെതുമ്പലുകൾ പുറത്തേയ്ക്കു തെറിക്കാനുള്ള സാധ്യത വളരെ കുറവാണ്. എല്ലാ മത്തിയും ഇത്തരത്തിൽ ചെതുമ്പലുകൾ കളഞ്ഞതിനു ശേഷം ഒരു കത്രികയോ കത്തിയോ ഉപയോഗിച്ച്, മീനിന്റെ തലയും വയറിലെ അഴുക്കുകളും വാലും ചിറകുകളുമൊക്കെ നീക്കം ചെയ്യാവുന്നതാണ്.
English Summary: How To Cut Fish at Home