ബാക്കി വന്ന തേങ്ങാമുറി കേടാകാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

1253803465
Image Credit: September15/Istock
SHARE

തേങ്ങാമുറി പാതി അരച്ച ശേഷം ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കാറുണ്ടോ? വേഗം തന്നെ എടുത്തില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകും. ഇത് ഒഴിവാക്കാനായി തേങ്ങ നന്നായി സംഭരിക്കേണ്ടത് പ്രധാനമാണ്. തേങ്ങ കേടായിപ്പോകാതെ സൂക്ഷിച്ചുവയ്ക്കാന്‍ ചില പൊടിക്കൈകള്‍ അറിയാം.

പുതിയ തേങ്ങ നോക്കി വാങ്ങുക

കടയില്‍ പോയി തേങ്ങ വാങ്ങുമ്പോള്‍ അധികം പഴക്കമില്ലാത്തത് നോക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ദൃഢമായ പുറംതോട് ഉള്ളതും നല്ല ഭാരം ഉള്ളതും ദൃശ്യമായ വിള്ളലുകളോ ചോർച്ചയോ ഇല്ലാത്തതുമായ തേങ്ങ വേണം വാങ്ങാന്‍. കുലുക്കി നോക്കി, ഉള്ളില്‍ വെള്ളം ഉണ്ടെന്ന്  ഉറപ്പുവരുത്തുകയും വേണം.

മുറിക്കാത്ത തേങ്ങകള്‍ മുറിയില്‍ത്തന്നെ സൂക്ഷിക്കുക

പൊട്ടിക്കാത്ത തേങ്ങകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഇത് അവയുടെ ഗുണവും രുചിയും മോശമാകാൻ ഇടയാക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് അകലെയായി, തണുത്തതും വരണ്ടതുമായ സ്ഥലമാണ് ഇത് സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം.

പൊട്ടിച്ച തേങ്ങ ഫ്രിജില്‍ വയ്ക്കുക

ഉപയോഗശേഷം ബാക്കിവരുന്ന തേങ്ങാമുറി ഉടന്‍തന്നെ ഫ്രിഡ്ജില്‍ വയ്ക്കുക. ഇതിനായി, പ്ലാസ്റ്റിക് അല്ലെങ്കിൽ വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. തേങ്ങാവെള്ളം സൂക്ഷിക്കാന്‍ പ്രത്യേകം വായു കടക്കാത്ത പാത്രം ഉപയോഗിക്കുക. ഇത്, ബാക്ടീരിയയുടെയും യീസ്റ്റിന്‍റെയും വളർച്ച മന്ദഗതിയിലാക്കുന്നു.

ഫ്രീസ് ചെയ്യുക

സാധാരണ ഗതിയില്‍ തേങ്ങ നമ്മള്‍ എല്ലാ കറികളിലും ഉപയോഗിക്കുന്നതിനാല്‍, ഫ്രീസറില്‍ വയ്ക്കേണ്ട ആവശ്യം വരാറില്ല. ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് മാത്രമേ ഉപയോഗിക്കൂ എന്നുണ്ടെങ്കില്‍ തേങ്ങ ചിരകിയോ പൂളുകളാക്കിയോ ചതച്ചോ ഒരു സീൽ ചെയ്യാവുന്ന ഫ്രീസർ ബാഗിൽ വയ്ക്കുക. ഇത് ഫ്രീസറില്‍ വയ്ക്കും മുന്‍പ്, ബാഗ് അധിക വായു ഞെക്കിക്കളയുക. ഇങ്ങനെ ശീതീകരിച്ച തേങ്ങ രുചിയിലും ഘടനയിലും കാര്യമായ നഷ്ടം കൂടാതെ മാസങ്ങളോളം നിലനിൽക്കും.

ഉണക്കി സൂക്ഷിക്കാം

തേങ്ങ അരച്ച് ബേക്കിംഗ് ഷീറ്റിൽ നേർത്ത പാളിയായി പരത്തുക. ഈ ഷീറ്റ് കുറഞ്ഞ താപനിലയിൽ അവനില്‍ വച്ച് പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെ ചൂടാക്കുക. ഇങ്ങനെ ഉണക്കിയ തേങ്ങ ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.

വെളിച്ചെണ്ണ പുരട്ടാം

വെളിച്ചെണ്ണയ്ക്ക് പ്രകൃതിദത്തമായ ആന്‍റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. തേങ്ങാമുറി ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുന്‍പ് അല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. ഇത് തേങ്ങയുടെ ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, മനോഹരമായ സുഗന്ധം നൽകുകയും ചെയ്യുന്നു.

English Summary: Does Coconut Go Bad? How To Store It To Last Longer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS