എല്ലാ കറികളിലും ചേര്‍ക്കുന്ന ഒന്നല്ല കായം. എന്നാല്‍ സാമ്പാറും രസവും പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കായം കൂടിയേ തീരൂ. സ്ഥിരമായി ഉപയോഗിക്കാത്തത് കാരണം തന്നെ, പലപ്പോഴും കറിയില്‍ ഇടേണ്ട സമയമാകുമ്പോള്‍ മാത്രമായിരിക്കും 'കായം തീര്‍ന്നു പോയല്ലോ' എന്ന് ഓര്‍ക്കുന്നത്! ഇങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍, കായത്തിന് പകരം ചേര്‍ക്കാവുന്ന ചില തട്ടിക്കൂട്ട് ചേരുവകളും സൂത്രപ്പണികളുമുണ്ട്. എന്തുതന്നെ പറഞ്ഞാലും അടുക്കളയില്‍ ഒരു രുചിക്ക് പകരമാകാന്‍ മറ്റൊന്നിനു കഴിയില്ല. എന്നിരുന്നാലും 'കറിക്ക് എന്തോ ഒരു കുറവുണ്ടല്ലോ' എന്ന് തോന്നിപ്പിക്കാതിരിക്കാന്‍ ഈ ടിപ്പുകള്‍ സഹായിക്കും.
ജീരകവും മല്ലിയും
മല്ലിയും ജീരകവും നന്നായി പൊടിച്ചു ചേര്‍ത്താല്‍ കറികള്‍ക്ക് ഒരു പ്രത്യേക രുചി ലഭിക്കും. കായത്തിന്‍റെ രുചി ലഭിക്കില്ലെങ്കിലും ഈ കൂട്ട് ചേര്‍ത്താല്‍, കറിയില്‍ കായം ഇട്ടില്ലെന്നു അത്രപെട്ടെന്ന് മനസ്സിലാകില്ല.
വെളുത്തുള്ളി പൊടി
കായത്തിനുള്ള മറ്റൊരു പകരക്കാരൻ വെളുത്തുള്ളി പൊടിയാണ്. ഉണക്കി പൊടിച്ച വെളുത്തുള്ളി ഇട്ടാല്‍, കറികള്‍ക്ക് പ്രത്യേക രുചിയും സ്വാദും ലഭിക്കും.
ഉള്ളിത്തണ്ട്
കായത്തെപ്പോലെ കുത്തുന്ന രുചി ഇല്ലെങ്കിലും, ഭക്ഷണത്തിന് സൂക്ഷ്മമായ ഒരു സുഗന്ധം നൽകാൻ ഉള്ളിത്തണ്ടിനു കഴിയും. സലാഡുകൾ, സൂപ്പുകൾ, സോസുകൾ എന്നിവയെല്ലാം ഇതുപയോഗിച്ച് ഉണ്ടാക്കാം.
ഉള്ളി പൊടി
വെളുത്തുള്ളി പൊടി പോലെ തന്നെ, ഉണക്കിയ ഉള്ളിയില്‍ നിന്നാണ് ഉള്ളി പൊടി ഉണ്ടാക്കുന്നത്. കായത്തിന്‍റെ അസാന്നിധ്യം അറിയിക്കാതെ, വിവിധ വിഭവങ്ങള്‍ക്ക് മനോഹരമായ രുചി പകരാന്‍ ഇതിനു കഴിയും.
പെരും ജീരകം
പെരുംജീരകം വിത്തുകൾക്ക് ഒരു പ്രത്യേക മണവും സ്വാദും ഉണ്ട്. കായത്തിന്‍റെ രുചിയുമായി ഒരു സാമ്യവും ഇല്ലെങ്കിലും, അല്‍പ്പം പെരുംജീരകം വറുത്തു പൊടിച്ചിട്ടാല്‍ കറികളില്‍ കായം ഇല്ലാത്ത കാര്യം ഓര്‍ക്കുകയേ ഇല്ല!
English Summary: Don't Have Hing? These 5 Ingredients Will Do The Trick