അടുക്കള മാലിന്യത്തില്‍ നിന്നും ഒരിക്കലും റോസാപ്പൂക്കളുടെ സുഗന്ധമൊന്നും വരാന്‍ പോകുന്നില്ലെന്ന് നമുക്കറിയാം. എന്നാല്‍, ഒരു വീട് മുഴുവനും അഴുക്കുചാല്‍ പോലെ തോന്നിപ്പിക്കാന്‍, മാലിന്യങ്ങള്‍ നിറഞ്ഞ ഒരൊറ്റ വേസ്റ്റ് ബിന്‍ ഉണ്ടായാല്‍ മതി അടുക്കളയില്‍. ഇത് ഒഴിവാക്കാന്‍ ചില ടിപ്പുകള്‍ പരീക്ഷിച്ചാലോ?
പ്രതിരോധം പ്രധാനം
പച്ചക്കറി മാലിന്യങ്ങള്‍ പോലെയല്ല, മത്സ്യവും മാംസവും വൃത്തിയാക്കിക്കഴിഞ്ഞാല്‍ ബാക്കി വരുന്ന മാലിന്യങ്ങള്‍. ഇവയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഏറ്റവും ദുർഗന്ധം വമിക്കുന്നത്, അതിനാൽ മത്സ്യം, മാംസം എന്നിവയുടെ മാലിന്യങ്ങള്‍ വേസ്റ്റ് ബിന്നില്‍ ഇടാതെ അപ്പപ്പോള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തുക.
ബേക്കിംഗ് സോഡ
മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും. അതിനായി 1/2 കപ്പ് ബേക്കിംഗ് സോഡ, 1/3 കപ്പ് എപ്സം സാൾട്ട്, 1/4 കപ്പ് വെള്ളം, പത്ത് തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍ എന്നിവ ചേർത്ത് ഐസ് ക്യൂബ് ട്രേകളിലേക്ക് ഒഴിച്ച് ഫ്രീസറില്‍ വയ്ക്കുക. ഇത് ഓരോ തവണയും മാലിന്യം നിറയ്ക്കുന്നതിനു മുന്‍പ്, ബിന്നിന്‍റെ അടിയില്‍ ഓരോന്നായി വയ്ക്കാം. ഇത്രയും കഷ്ടപ്പെടാന്‍ വയ്യെങ്കില്‍ മാലിന്യങ്ങള്‍ക്ക് മുകളിലായി അല്‍പ്പം ബേക്കിംഗ് സോഡ വിതറുക.
നാരങ്ങത്തൊലി കളയല്ലേ
ഉപയോഗിച്ചു കഴിഞ്ഞ നാരങ്ങയുടെ തൊലികൾ വലിച്ചെറിയുന്നതിനുപകരം, ബിന്നിനും ലൈനറിനും ഇടയിൽ വയ്ക്കുക. ദുര്‍ഗന്ധം ഒരു പരിധി വരെ കുറയ്ക്കാന്‍ ഇങ്ങനെ സാധിക്കും.
ഉപ്പ് വിതറാം
വേസ്റ്റ് ബിന്നില്‍ നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ ഏറ്റവും എളുപ്പവും ചിലവു കുറഞ്ഞതുമായ മാര്‍ഗ്ഗമാണ് ഉപ്പ് വിതറുക എന്നത്. മാലിന്യങ്ങള്‍ക്ക് മുകളില്‍ ഉപ്പിട്ടാല്‍ അധികം ദുര്‍ഗന്ധം പുറത്തേക്ക് വരില്ല.
പതിവായി വൃത്തിയാക്കുക
ഏകദേശം രണ്ടാഴ്ച കൂടുമ്പോൾ, അല്ലെങ്കിൽ ചോർച്ചയോ മണമോ കാണുമ്പോഴെല്ലാം വേസ്റ്റ്ബിന്നിന്‍റെ ഉള്ളിൽ പതിവായി തുടയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ദുര്‍ഗന്ധം വമിക്കുന്നത് തടയുക മാത്രമല്ല, വേസ്റ്റ് ബിന്‍ കുറേക്കാലം ഉപയോഗിക്കാനും പറ്റും.
English Summary: Tips to avoid waste dustbin smell from Kitchen