കാപ്പൂച്ചിനോ, എസ്പ്രസ്സോ, മോക്ക... ഇതൊക്കെ എന്താണ്? ഏതു കോഫിയാണ് നല്ലത്?

Cappuccino
Image Credit: polinaloves/shutterstock
SHARE

കാപ്പി എന്നത് വെറുമൊരു പാനീയമല്ല, അതൊരനുഭവമാണ്. അതിന്‍റെ സുഗന്ധവും രുചിയും നമ്മുടെ, മൂഡിനനുസരിച്ച് ഓരോരോ അനുഭൂതിയാണ് നല്‍കുക. ബ്ലാക്ക് കോഫി മുതല്‍ തുടങ്ങി ഒരു നൂറായിരം തരം കാപ്പികള്‍ ലഭ്യമാണ്. ഇതില്‍ത്തന്നെ ആരോഗ്യകരവും അല്ലാത്തതുമായ ഓപ്ഷനുകളുണ്ട്. ഇത്തരത്തിലുള്ള കാപ്പികളെക്കുറിച്ച് കൂടുതല്‍ അറിയാം.

കാപ്പികള്‍ പലതരം

1. കട്ടന്‍കാപ്പി അഥവാ ബ്ലാക്ക് കോഫി

കാപ്പികളുടെ കൂട്ടത്തില്‍ ഏറ്റവും ആരോഗ്യകരമെന്ന് കരുതപ്പെടുന്ന ഓപ്ഷനാണ് ബ്ലാക്ക് കോഫി. കുറഞ്ഞ കലോറിയും ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഇതിനുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബ്ലാക്ക് കോഫി, തലച്ചോറിനെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുകയും ടൈപ്പ് 2 പ്രമേഹം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അമിതമായി കട്ടന്‍കാപ്പി കുടിക്കുന്നത് ശരിയായ ഉറക്കം ഇല്ലാതാക്കും എന്നതിനാല്‍ മിതമായി മാത്രം കുടിക്കേണ്ടത് പ്രധാനമാണ്.

2. അമേരിക്കാനോ

എസ്പ്രെസോയുടെ ഒരു ഷോട്ടില്‍ ചൂടുവെള്ളം ചേർത്ത് ഉണ്ടാക്കുന്ന നേർപ്പിച്ച കാപ്പിയാണ് അമേരിക്കാനോ. കഫീൻ  കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഫി നല്ലതാണ്. എസ്പ്രസ്സോയുടെ ബോൾഡ് ഫ്ലേവറിനൊപ്പം വരുന്ന ഈ കോഫിയ്ക്ക് മധുരം കുറവായതിനാല്‍ കലോറിയും കുറവാണ്. കാപ്പിയുടെ യഥാർത്ഥ സത്ത ആസ്വദിക്കാനുള്ള ഒരു വിവേകപൂർണ്ണമായ ഓപ്ഷനാണ് അമേരിക്കാനോ.

3. എസ്പ്രെസ്സോ

കാപ്പിയുടെ ലോകത്തെ പവര്‍ഹൗസാണ് എസ്പ്രെസ്സോ എന്ന് പറയാം. പാലും മറ്റും ചേര്‍ക്കാതെയുള്ള ശുദ്ധമായ കോഫിയാണിത്‌. ഒരു ഷോട്ട് എസ്പ്രെസ്സോയില്‍ ഉള്ള കഫീനിന്‍റെ സാന്ദ്രത വളരെ കൂടുതലാണ്.മിതമായ അളവിൽ കഴിക്കുമ്പോൾ, അധിക കലോറി ഇല്ലാതെ തന്നെ വേഗത്തില്‍ ഊർജ്ജം നൽകാൻ എസ്പ്രെസോയ്ക്ക് കഴിയും.

4. ലാറ്റെ

എസ്പ്രെസ്സോയും പാലും ചേര്‍ത്തുണ്ടാക്കുന്ന ലാറ്റെ കോഫി, കുറച്ചു കൂടി സന്തുലിതമായ രുചി ഇഷ്ടമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. പാലില്‍ കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉള്ളപ്പോള്‍ത്തന്നെ, അധിക കലോറിയും പൂരിത കൊഴുപ്പും കൂടിയുണ്ട്. ഇത് അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൊഴുപ്പ് കുറഞ്ഞതോ അല്ലെങ്കില്‍ സസ്യാധിഷ്ഠിതമായ പാലോ ഇതിനായി ഉപയോഗിക്കുക.

5. ഫ്ലേവർഡ് കോഫി

സുഗന്ധമുള്ള കോഫി പാനീയങ്ങളില്‍ പലപ്പോഴും, പഞ്ചസാര, സിറപ്പുകൾ, വിപ്പ്ഡ് ക്രീം എന്നിവയും ഉണ്ടാകും. കാപ്പി എന്ന വെറുമൊരു പാനീയത്തെ  ഉയർന്ന കലോറിയുള്ള മധുരപലഹാരമാക്കി മാറ്റാന്‍ ഇവയ്ക്ക് കഴിയും. അതിനാല്‍, ഇത്തരം കോഫി കുറഞ്ഞ അളവില്‍ മാത്രം കുടിക്കുകയോ പഞ്ചസാരയില്ലാതെ കുടിക്കുകയോ ചെയ്യുക.

6. മോക്കാസ്, ഫ്രാപ്പുച്ചിനോസ്

മോക്കാസും ഫ്രാപ്പുച്ചിനോസും കോഫി ലോകത്തെ ഏറ്റവും പ്രിയപ്പെട്ട രണ്ടു ഇനങ്ങളാണ്. കോഫിയിൽ ചോക്ലേറ്റ്, കാരമൽ, ഐസ്ക്രീം എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഈ പാനീയങ്ങളിൽ സാധാരണയായി പഞ്ചസാര, പൂരിത കൊഴുപ്പുകൾ, കലോറികൾ എന്നിവ കൂടുതലാണ്. അതിനാല്‍ ഇവ എപ്പോഴും കഴിക്കുന്നത് നല്ലതല്ല. മാത്രമല്ല, കുറഞ്ഞ അളവില്‍ മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. 

6. കാപ്പൂച്ചിനോ

പരമ്പരാഗതമായ ഇറ്റാലിയൻ കാപ്പിയാണ് കാപ്പൂച്ചിനോ. എസ്പ്രസ്സോ, ചൂട് പാൽ, പാലിന്‍റെ പത എന്നിവ ചേർത്താണ് ഇതുണ്ടാക്കുന്നത്. ഇതില്‍ പാലിന് പകരം ക്രീമും സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത് ലാറ്റെ കോഫിയെക്കാളും അളവ് കുറവും, മുകളില്‍ പതയുടെ കട്ടികൂടിയ ഒരു ലെയറോട് കൂടിയതുമായിരിക്കും. ക്രീമും പാലും മധുരവുമെല്ലാം ചേരുന്നതിനാല്‍ ഇതും എന്നും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. 

കോഫി ആരോഗ്യകരമാക്കാന്‍ ഇവ ശ്രദ്ധിക്കാം

കുറഞ്ഞ അളവില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും അമിതമായി ഇത് കുടിക്കുന്നത് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം.  പ്രതിദിനം 50 മുതൽ 100 ​​മില്ലിഗ്രാമിൽ കൂടുതൽ കഫീൻ, അതായത് രണ്ടോ മൂന്നോ കപ്പില്‍ കൂടുതല്‍ കാപ്പി ഉള്ളില്‍ ചെല്ലുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. കാപ്പിയുടെ ഉപഭോഗം സാവധാനം കുറച്ചുകൊണ്ടു വരികയും വേണം.

കാപ്പിക്കൊപ്പം ഉള്ളില്‍ചെല്ലുന്ന പഞ്ചസാരയും കൃത്രിമ മധുരവും ഭാവിയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും എന്നതിനാല്‍, യാതൊരുവിധ മധുരവും ചേര്‍ക്കാത്ത കട്ടന്‍കാപ്പി കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മധുരമില്ലാത്ത കട്ടന്‍കാപ്പിക്ക് രുചി നല്‍കാന്‍, മഞ്ഞൾ, കറുവാപ്പട്ട, ജാതിക്ക, മധുരമില്ലാത്ത കൊക്കോ പൗഡർ എന്നിവ ഉപയോഗിക്കുക. അങ്ങനെ കാപ്പിയ്ക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണം ലഭിക്കും.

കാപ്പിക്കൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് കഫീനിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

English Summary: What is a Cappuccino? How to Make Cappuccino Coffee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS