സ്ട്രീറ്റ് ഫുഡിന് പേരുകേട്ട ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള തെരുവോര കച്ചവടക്കാരുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വന്‍ ഹിറ്റാകാറുണ്ട്. കുറച്ചുദിവസം മുന്‍പ്, വൻതോതിൽ പാവ് ഭാജി പാകം ചെയ്യുന്നതിന് പേരുകേട്ട ഒരു തെരുവ് ഭക്ഷണ സ്റ്റാൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു ഫലൂദ സ്റ്റാളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഫുഡ് ബ്ലോഗർ രാജ് പട്ടേലാണ് "ഫ്ലയിംഗ് ഫലൂദ" എന്ന പേരില്‍ ഈ രസകരമായ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.
ഒരേ സമയം അഞ്ചു ഗ്ലാസ് ഫലൂദ തയാറാക്കുന്ന കച്ചവടക്കാരനാണ് ഈ വിഡിയോയിലെ താരം. ഒരു കൈയ്യിൽ പിടിച്ചിരിക്കുന്ന കപ്പുകളിൽ എല്ലാ ചേരുവകളും ഒന്നൊന്നായി ചേർക്കുന്നു. അതിനു ശേഷമാണ് ഐസ്ക്രീം 'പറക്കുന്ന' കാഴ്ച. ഓരോ ഫലൂദയിലും മൂന്ന് വീതം സ്കൂപ്പ് ഐസ്ക്രീം വായുവില്‍ ചുഴറ്റിയെറിഞ്ഞ്, കൃത്യമായി ഗ്ലാസിലേക്ക് തന്നെ വീഴ്ത്തുന്ന, കച്ചവടക്കാരന്‍റെ അപാര കഴിവാണ് പിന്നീട് കാണുന്നത്. മാംഗോ, പിസ്താഷിയോ, ബ്ലാക്ക് കറന്‍റ് എന്നിങ്ങനെ മൂന്നു ഫ്ലേവറുകളിലുള്ള ഐസ്ക്രീം സ്കൂപ്പുകള്‍ ആണ് ഇങ്ങനെ എറിയുന്നത്.
ചൗക്ക് ബസാറിലെ ഹനുമാന്‍റെ ഫലൂദ ഷോപ്പിൽ നിന്നുള്ള ഈ വീഡിയോ, സോഷ്യൽ മീഡിയയിൽ ഇതുവരെ 9 ലക്ഷത്തിലധികം ആളുകൾ കണ്ടു. "ഇന്ത്യയിൽ ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള തെരുവ് ഭക്ഷണം" എന്നാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ ഒരാൾ ഇതിനെ വിശേഷിപ്പിച്ചത്.
വിചിത്രമായ കോംബിനേഷനുകളില്‍ ഉള്ള ഭക്ഷണം അല്ലാത്തതു കൊണ്ട് കാണുമ്പോള്‍ സമാധാനമുണ്ടെന്ന് കുറേപ്പേര്‍ ഇതിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ചുഴറ്റിയെറിയുമ്പോള്‍ ഐസ്ക്രീം സീലിംഗ് വരെ എത്തുന്നതിനെക്കുറിച്ചും കുറേപ്പേര്‍ പറയുന്നുണ്ട്. 'ഡിസര്‍ട്ട് ജോക്കി ഓഫ് ഇന്ത്യ' എന്നും ഒരാള്‍ കച്ചവടക്കാരനെ വിളിക്കുന്നത് കാണാം. 'ഐസ്ക്രീം വേണ്ട, ഈ ഷോ കാണാന്‍ മാത്രം കാശ് തരാം' എന്നാണു ഇയാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
English Summary: Surat Has A Flying Falooda Where Street Vendors Fling Ice Cream In Thin Air