ക്രോക്കറി പാത്രങ്ങൾ ഊണ് മേശയ്ക്ക് പകിട്ട് നൽകുമെന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടാകില്ല. എന്നാൽ ആ തൂവെള്ള നിറത്തിലുള്ള സെറാമിക് പാത്രങ്ങളിൽ മഞ്ഞ കറ വീണാലോ? വീട്ടമ്മമാർക്ക് ആ കറ തലവേദന തന്നെയായിരിക്കും. എത്ര കഴുകിയാലും പോകുകയില്ല എന്ന പരാതിയുള്ളവർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. മഞ്ഞ നിറം പറ്റിയ ക്രോക്കറി പാത്രങ്ങൾ എളുപ്പത്തിൽ തന്നെ വൃത്തിയാക്കിയെടുക്കാം.
ബേക്കിങ് സോഡ
ഒരു ബൗളിൽ രണ്ടു ടേബിൾ സ്പൂൺ ബേക്കിങ് സോഡ എടുക്കുക. വളരെ കുറച്ചു വെള്ളമൊഴിച്ചു ഇത് പേസ്റ്റ് പരുവത്തിലാക്കിയെടുക്കുക. ഇനി ഒരു സ്‌ക്രബർ എടുത്തു ഇതിൽ മുക്കിയതിനുശേഷം ഈ പേസ്റ്റ് പാത്രങ്ങളിൽ തേച്ചു പിടിപ്പിക്കുക. പതിനഞ്ച് - ഇരുപത് മിനിറ്റുകൾ കഴിഞ്ഞു ഇളം ചൂടുവെള്ളത്തിൽ ഡിഷ്‌വാഷ് ലിക്വിഡോ സോപ്പോ ഉപയോഗിച്ച് കഴുകിയെടുക്കാം.
ടൂത്ത് പേസ്റ്റ്
ഒരു ടൂത്ത് ബ്രഷിൽ പേസ്റ്റ് എടുക്കുക. ഇത് നനച്ചതിനു ശേഷം പത്രങ്ങളിൽ കറകൾ ഉള്ള ഭാഗത്തു നന്നായി തേയ്ക്കുക. ഒരു മിനിറ്റോളം ഈ പ്രവർത്തി തുടരാം. അതിനു ശേഷം അഞ്ചു മിനിറ്റ് കറയുള്ള പാത്രങ്ങൾ മാറ്റിവെച്ചതിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിയെടുക്കാം. ടൂത്ത് പേസ്റ്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലീനർ ആണ്. പാത്രങ്ങളിലെ കറകൾ പോകാൻ വളരെ ഫലപ്രദവുമാണ്. ഇത് ക്രോക്കറിയിലെ മഞ്ഞ കറകളെ പാടെ മാറ്റാൻ സഹായിക്കും.
ഉപ്പും വിനാഗിരിയും
കറകൾ അകറ്റാൻ ഉപ്പും വിനാഗിരിയും ഫലപ്രദമായ മാർഗങ്ങളാണ്. ഒരു ബൗളിൽ രണ്ടു ടേബിൾ സ്പൂൺ ഉപ്പും നാല് ടേബിൾ സ്പൂൺ വിനാഗിരിയുമെടുക്കുക. ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് പാത്രങ്ങളിൽ ഈ പേസ്റ്റ് തേച്ചു പിടിപ്പിച്ചതിനു ശേഷം മാറ്റിവെക്കാം. പത്തു മിനിറ്റിനു ശേഷം നന്നായി കഴുകിയെടുക്കാം.
ചെറുനാരങ്ങ
ഒരു ബൗളിലേയ്ക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഈ നീരിലേയ്ക്ക് ഒരു ടൂത്ത് ബ്രഷ് മുക്കിയതിനുശേഷം പാത്രങ്ങളിലെ മഞ്ഞ കറയുള്ള ഭാഗങ്ങളിൽ നന്നായി തേക്കുക. പത്ത് മിനിറ്റ് ഈ പാത്രം മാറ്റിവെച്ചതിനു ശേഷം ചൂട് വെള്ളത്തിൽ കഴുകി, ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് ജലാംശം തുടച്ചെടുക്കാം.
ചൂട് വെള്ളം
ഒരു ബക്കറ്റിൽ ചൂട് വെള്ളമെടുക്കാം. തിളച്ച വെള്ളം ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ലതുപോലെ തിളച്ച വെള്ളത്തിൽ ക്രോക്കറി പാത്രങ്ങളിട്ടാൽ പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. പതിനഞ്ച് - ഇരുപത് മിനിറ്റ് ഈ വെള്ളത്തിൽ പാത്രങ്ങൾ മുക്കിവെച്ചതിനു ശേഷം സ്‌ക്രബർ ഉപയോഗിച്ച് കഴുകാം. സാധാരണ ഉപയോഗിക്കുന്ന ഡിഷ്‌വാഷ് സോപ്പ് തന്നെ ഉപയോഗിച്ചാൽ മതിയാകും.
English Summary: How to Keep your Crockery Clean and Sparkling