ADVERTISEMENT

തൂശനിലയിട്ട് തുമ്പപൂ പോലെയുള്ള ചോറും സാമ്പാറും പരിപ്പും അവിയലും അച്ചാറുമൊക്കെ കൂട്ടി അടിപൊളി സദ്യ കഴിഞ്ഞാൽ പായസം കൂടി കഴിക്കണം എന്നാലേ ഓണം കെങ്കേമമാകുള്ളൂ. മലയാളികൾ മാത്രമല്ല, അങ്ങ് ഉത്തരേന്ത്യക്കാരും ഓണം ഗംഭീരമായി ആഘോഷിക്കും.  മലയാളികളെക്കുറിച്ചും സദ്യയെക്കുറിച്ചുമൊക്കെ പറയുമ്പോൾ നൂറുനാവാണ് പ്രിയതാരം നേഹ സക്സേനയ്ക്ക്. അഭിനയം മാത്രമല്ല മോഡലിങ് രംഗത്തും സ്റ്റാറാണ് താരം.  പുതിയ കാഴ്ചകളും സംസ്കാരവും പലരുചികളും നിറഞ്ഞ നാട്ടിലേക്കുള്ള യാത്ര നേഹയ്ക്ക് ഒരിക്കലും മടുക്കാറില്ല... ഇഷ്ടവിഭവത്തെക്കുറിച്ചും ഇത്തവണത്തെ ഓണത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമയിൽ പങ്കുവയ്ക്കുകയാണ് താരം. 

കേരളത്തെ ഇഷ്ടപ്പടുന്ന ഉത്തരേന്ത്യക്കാരി

പഞ്ചാബിക്കാരിയാണെങ്കിലും കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് നേഹ. ഉത്തരാഖണ്ഡിൽ ഡെറാഡൂണാണ് നാട്. അമ്മ ഡെറാഡൂണിലാണ്. കേരള ഇന്‍സ്ട്രിയുമായി 7 വർഷത്തോളം അടുപ്പമുണ്ട് നേഹയ്ക്ക്. നല്ലോണം മലയാളം സംസാരിക്കാനും മനസ്സിലാക്കുവാനും അറിയാം. അതിലുപരി മലയാളികളോടുള്ള സ്നേഹത്തെക്കുറിച്ചും പറയുന്നുണ്ട്. അമ്മമാത്രമേ നേഹയ്ക്കുള്ളൂ. പക്ഷേ കേരളത്തിലെത്തിയതോടെ ഒരുപാട് അമ്മമാരെയും മുത്തശ്ശിമാരെയും വലിയമ്മമാരെയും കിട്ടിയെന്നാണ് താരം പറയുന്നത്. എന്ത് വിശേഷം വന്നാലും വിഭവസമൃദ്ധമായ സദ്യ തയാറാക്കി വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. ഇവർ കാണിക്കുന്ന ആത്മാർത്ഥതയും സ്നേഹവും അത്രത്തോളം തന്നെ തിരിച്ചു കൊടുക്കുവാനും ഞാൻ ശ്രമിക്കാറുണ്ടെന്നും നേഹ പറയുന്നു. അമ്മമാരുടെ കൈപുണ്യത്തിൽ തയാറാക്കുന്ന എന്തിനും പ്രത്യേക സ്വാദാണ്. 

neha-1
Image Credit: Instagram-Neha Saxena

ഭക്ഷണകാര്യത്തിൽ ഞാനെവിടെ ആയാലും ഓകെയാണ്. കർണാടക, ആന്ധ്ര, കേരളം എവിടെയായാലും അന്നാട്ടിലെ വിഭവങ്ങൾ വളരെ രുചിയോടെ തന്നെ കഴിക്കാറുണ്ട്. ഭക്ഷണം കിട്ടുക എന്നത് തന്നെ ഭാഗ്യമായി കരുതുന്നയാളാണ് താനെന്നും നേഹ. ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്ന ആളുകളുണ്ട്. അവരുടെയൊപ്പമാണ് നമ്മളും കഴിയുന്നത്. ആഹാരം വേണ്ടാതെ കളയുക എന്നത് എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. കുക്കിങ് ഇഷ്ടമാണ്. കേരളത്തിലെ വിഭവങ്ങൾ തയാറാക്കാറുണ്ട്. അപ്പം, പുട്ട്, കടലക്കറി, സാമ്പാർ, എന്നുവേണ്ട സകലതും. ബെംഗളൂരുവിലാണ് താമസം. ഡെറാഡൂണിൽ എത്തിയാൽ അവിടുത്തെക്കാരിയാകും. എല്ലാം വിഭവങ്ങളുെ കഴിക്കുന്നതിനാ‍ൽ ഭക്ഷണകാര്യത്തിൽ പ്രശ്നമില്ല. അമ്മ ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട്. ഇവിടുത്തെ ഫൂഡും കഴിച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി.

ഇത്തവണത്തെ എന്റെ ഓണം

ഇത്തവണത്തെ ഓണത്തിന് കേരളക്കരയിൽ ഞാനില്ല എന്നതാണ് സങ്കടകരമായത്. നാട്ടിലാണ്.  മുമ്പ് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ചെറിയ അപകടം ഉണ്ടായിരുന്നു. കൈയ്ക്ക് ചെറിയൊരു പരിക്ക്. ഇപ്പോൾ കുഴപ്പമൊന്നുമില്ല, എന്നിരുന്നാലും ആയുവേദ ചികില്‍സയ്ക്കായി അമ്മയോടൊപ്പം ഡെറാഡൂണിലാണ് ഉള്ളത്. ഇത്തവണത്തെ ഓണസദ്യ നഷ്ടമായാലോ എന്നതാണ് വിഷമം. കേരളീയ വേഷത്തിൽ ഒരുങ്ങി വിഭവ സമൃദ്ധമായ സദ്യയും പായസവുമൊക്കെയായി ഇനി അടുത്ത ഓണത്തിൽ ആഘോഷമാക്കും. മോഹൻലാൽ സാറിന്റെ ഒപ്പം അഭിനയിച്ച ചിത്രമാണ് ഏറ്റവും പുതിയതായി വരാനുള്ളത്. ആ കാത്തിരിപ്പിലാണ്.

neha3
Image Credit: Instagram-Neha Saxena

കേരള വിഭവങ്ങളും തയാറാക്കും

അഭിനയം, മോ‍ഡൽ നൃത്തം,കരിയറിൽ ഇതുമാത്രമല്ല, സാധിക്കുന്നതെന്തും പഠിച്ചെടുക്കണം എന്നതാണ് നേഹയുടെ മോഹം. കുട്ടിക്കാലത്ത് തന്ന പാചകം പഠിച്ചിരുന്നു. അമ്മ ചെയ്യുന്നതൊക്കെയും കണ്ടു മനസ്സിലാക്കുവായിരുന്നു. പണ്ട് അമ്മ ജോലിയ്ക്ക് പോകുമ്പോൾ വീട്ടിലെത്തുമ്പോഴേക്കും വൈകുന്നേരത്തേയ്ക്കുള്ളതൊക്ക ഞാൻ തയാറാക്കുമായിരുന്നു. അതുകൊണ്ട് തന്നെ പാചകത്തെക്കുറിച്ച് അത്യവശ്യം എല്ലാകാര്യങ്ങളും അറിയാം.

onam-sadhya
image credit: shutterstock

 

കേരളത്തിൽ ഷൂട്ടിങ് ലൊക്കേഷനിലൊക്കെ പോകുമ്പോൾ കുക്ക് ചെയ്യാൻ അവസരം കിട്ടിയാൽ ചെയ്യാറുണ്ട്. എനിക്കു വേണ്ടി മാത്രമല്ല, സഹപ്രവർത്തകർക്കും വിഭവങ്ങൾ തയാറാക്കി നൽകാറുണ്ട്. ഏറ്റവും ഇഷ്ടം ചപ്പാത്തിയാണ്. നോർത്തിന്ത്യയിൽ കിട്ടുന്ന അതേപോലെയുള്ളവ ഇവിടെ കിട്ടാറില്ല, ആ സന്ദർഭങ്ങളിൽ ഞാൻ തന്നെ ചപ്പാത്തി തയാറാക്കും. പിന്നെ ഇഞ്ചി ചായയും എന്റെ ഫേവറൈറ്റാണ്. കൂടാതെ സദ്യയിലെ പാൽ പായസവുമൊക്കെ ഇഷ്ടമാണ്. എവിടെയാണെങ്കിലും കുക്ക് ചെയ്യാൻ എനിക്ക് ഒരു മടിയുമില്ല, ഞാൻ ഹാപ്പിയാണ്. നമ്മൾ നിറഞ്ഞ മനസ്സോടെ വിഭവങ്ങൾ തയാറാക്കുമ്പോഴാണ് രുചിയേറുന്നത്.

ഭക്ഷണത്തിന്റെ വിലയറിയാം

നോർത്തിന്ത്യൻ ആയാലും കേരളത്തിൽ ആയാലും ഭക്ഷണം എനിക്ക് ഒരേപോലെയാണ്. ജീവിതത്തിൽ ഇന്നുവരെ ഞാൻ ഭക്ഷണം പാഴാക്കിയിട്ടില്ല, അതെനിക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്. വിശക്കുമ്പോൾ എന്തു കിട്ടിയാലും ഞാൻ ഹാപ്പിയാണ്. തൈര് സാദം ആണെങ്കിലും മതി. ഒരിക്കലും ഭക്ഷണത്തോട് നോ പറയാറില്ല, ഭക്ഷണത്തിന്റെ മൂല്യം ശരിക്കും ജീവിതത്തിൽ നിന്നും പഠിച്ചയാളാണ് ഞാൻ.  ഭക്ഷണത്തിന്റെ വില മനസ്സിലാക്കി ആദരിക്കുന്ന,ബഹുമാനിക്കുന്ന സാധാരണക്കാരിയായ പെണ്ണാണ് ഞാൻ. വളർന്നു വന്ന എന്റെ ജീവിത സാഹചര്യത്തിലൂടെ പഠിച്ചെടുത്ത ഒരുപാട് കാര്യങ്ങളുണ്ട്.

English Summary: Onam Special Interview with Neha Saxena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com