സോപ്പില്ലാതെയും പാത്രങ്ങളിലെ എണ്ണമയം മാറ്റാം; ഈ െഎറ്റം മതി
Mail This Article
പാത്രം കഴുകുന്ന സോപ്പോ ലിക്വിഡോ തീർന്നു പോയി. കഴുകാനാണെങ്കിൽ ധാരാളം പാത്രങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നമായിരിക്കുമിത്. കടയിലേക്ക് ഓടി പോയി വാങ്ങിച്ചു കൊണ്ടുവരാനുള്ള സമയവും ഉണ്ടായെന്നു വരികയില്ല. അപ്പോൾ എന്ത് ചെയ്യും? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ഓർമയിൽ വയ്ക്കുന്നത് ചിലപ്പോൾ ഉപകാരപ്രദമാകും. സോപ്പില്ലാതെ കഴുകിയാൽ എണ്ണമയവും കറികളുടെ ഗന്ധവുമൊക്കെ പാത്രങ്ങളിൽ തന്നെ നിലനിൽക്കുമോ എന്ന ശങ്കയുടെയും ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പാത്രങ്ങൾ നല്ലതുപോലെ വൃത്തിയാക്കിയെടുക്കാം.
ബേക്കിങ് സോഡ
കഴുകാനുള്ള പാത്രങ്ങൾ ചെറുചൂട് വെള്ളത്തിൽ കഴുകിയതിനു ശേഷം കുറച്ചു ബേക്കിങ് സോഡ വിതറിയിടുക. സോഡ പതഞ്ഞു വരുന്നത് കാണുവാൻ സാധിക്കും. ആ സമയം സ്‌പോഞ്ചോ സ്‌ക്രബറോ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം. എണ്ണമെഴുക്ക് കൂടുതലാണെങ്കിൽ ബേക്കിങ് സോഡയിട്ട് അഞ്ചോ ആറോ മിനിറ്റ് വെച്ചതിനു ശേഷം കഴുകിയെടുക്കാം. സ്‌ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചതിനു ശേഷം ചൂടുവെള്ളത്തിൽ തന്നെയാണ് വീണ്ടും കഴുകേണ്ടത്. പാത്രം നല്ലതുപോലെ വൃത്തിയായി കിട്ടും.
വീട്ടിലുണ്ടാക്കാം എളുപ്പത്തിലൊരു ക്ലീനർ
പാത്രം കഴുകാൻ സോപ്പില്ലെങ്കിൽ എളുപ്പത്തിൽ വീട്ടിൽ തന്നെ ഒരു ഡിഷ്‌വാഷ് ക്ലീനർ തയാറാക്കാം. അതിനാവശ്യമുള്ളവ ഒരു കപ്പ് ചൂട് വെള്ളം, രണ്ടു ടേബിൾ സ്പൂൺ ഉപ്പ്, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവയാണ്. ചൂട് വെള്ളത്തിൽ ഉപ്പും ചെറുനാരങ്ങയുടെ നീരും മിക്സ് ചെയ്തതിനു ശേഷം ഈ ലായനി കഴുകേണ്ട പാത്രങ്ങളിലൊഴിച്ച് സ്‌ക്രബർ ഉപയോഗിച്ച് നന്നായി കഴുകിയെടുക്കണം. പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കുമ്പോൾ ചെറുനാരങ്ങ പാത്രങ്ങളിലെ കറികളുടെ ഗന്ധം അകറ്റും.
ചാരം
ഡിഷ്‌വാഷ് സോപ്പുകൾ എത്തുന്നതിനു മുൻപ് ചാരം ഉപയോഗിച്ച് പാത്രം കഴുകിയിരുന്നൊരു കാലം ഉണ്ടായിരുന്നു. ഇന്നും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. അതിനായി മരം കത്തിച്ച ചാരമാണ് എടുക്കേണ്ടത്. പാത്രങ്ങൾ വൃത്തിയാക്കാൻ മാത്രമല്ല, അതിലെ ചീത്ത ഗന്ധത്തെ അകറ്റാനും ചാരത്തിനു പ്രത്യേക കഴിവ് തന്നെയുണ്ട്. പാത്രങ്ങളിലേയ്ക്ക് ചാരം വിതറിയിട്ടതിനുശേഷം സ്ക്രബ്ബറോ സ്‌പോഞ്ചോ ഉപയോഗിച്ച് കഴുകിയെടുക്കണം.
അരി കഴുകിയ വെള്ളം
അരി കഴുകിയ വെള്ളത്തിലുള്ള പശയും സിട്രിക് ആസിഡും പാത്രങ്ങളിലെ എണ്ണമെഴുക്കിനെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കും. ഒരു പാത്രം നിറയെ അരി കഴുകിയ വെള്ളം എടുത്തതിനുശേഷം കഴുകാനുള്ള പാത്രങ്ങൾ അതിൽ മുക്കിവെയ്ക്കാം. മുപ്പതു മിനിറ്റിനു ശേഷം പാത്രങ്ങൾ സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി ചൂട് വെള്ളത്തിൽ കഴുകിയെടുക്കണം. ചൂട് വെള്ളത്തിൽ കഴുകുമ്പോൾ കഞ്ഞിവെള്ളത്തിന്റെ ഗന്ധവും മാറി കിട്ടും.
വിനാഗിരി
ഒരു സ്പ്രേ ബോട്ടിലിൽ ഒരു കപ്പ് വെള്ളം, നാലോ അഞ്ചോ ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ചതിനുശേഷം നന്നായി കുപ്പി കുലുക്കി മിക്സ് ചെയ്തതിനു ശേഷം പാത്രങ്ങളിലേയ്ക്ക് ഈ ലായനി സ്പ്രേ ചെയ്തു കുറച്ചു സമയം വെയ്ക്കാം. അതിനു ശേഷം കഴുകിയെടുക്കാം. ചൂട് വെള്ളത്തിൽ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.
സോഡ - ചെറുനാരങ്ങ
മൂന്നു ടേബിൾ സ്പൂൺ ബേക്കിങ് സോഡ ഒരു ബൗളിൽ എടുത്തതിനുശേഷം ഒരു ചെറുനാരങ്ങ അതിലേയ്ക്ക് പിഴിഞ്ഞൊഴിക്കുക. ശേഷം നന്നായി മിക്സ് ചെയ്യണം. ഈ മിശ്രിതം ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയെടുക്കാം. പാത്രങ്ങളിലെ എണ്ണമെഴുക്കിനെ പൂർണമായും നീക്കം ചെയ്യാനും ഗന്ധമകറ്റാനും ഇത് കൊണ്ട് സാധിക്കും.
മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ
English Summary: Tips to clean utensils without dishwashing soap