നിത്യാഭ്യാസി ആനയെ എടുക്കുമെന്ന പഴഞ്ചൊല്ലിൽ ഒരല്പം കാര്യമില്ലാതെയില്ല എന്ന് ചില കാഴ്ചകൾ കാണുമ്പോൾ തോന്നിപോകും. ക്ലാസ്സുകളിൽ പോയി ഭക്ഷണമുണ്ടാക്കുന്നതു ഒന്നും പഠിച്ചിട്ടില്ലെങ്കിലും ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ ചിലർ ''സ്പെഷ്യലിസ്റ്റു''കളാകും. പഞ്ച നക്ഷത്ര ഹോട്ടലിന്റെ അടുക്കളയല്ല രംഗവേദി, ചെറിയൊരു കോഫി ബാർ ആണ്. അവിടെ ഉണ്ടാക്കി നൽകുന്ന ഫിൽറ്റർ കോഫിയുടെ നറുമണത്തേക്കാളും ആകർഷണീയത അത് തയാറാക്കുന്ന കാഴ്ചയാണ്. ഒരുപാട് നാളുകളുടെ പരിചയത്തിൽ, വളരെ കൃത്യതയോടെ ചെയ്യുന്ന കാര്യങ്ങൾ ആര് കണ്ടാലുമൊന്നു നോക്കി നിന്നുപോകും.
ഫുഡി അഡിക്റ്റ് എന്നപേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് അസാധാരണ മികവോടെ ഫിൽറ്റർ കോഫി ഉണ്ടാക്കുന്നയാളുടെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. പോണ്ടിച്ചേരിയിലെ ഒരു സാധാരണ കോഫി ഷോപ്പിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. പത്തു സ്റ്റീൽ ഗ്ലാസുകൾ ഒരുമിച്ചു വെച്ചിട്ടുള്ളതാണ് ആദ്യം കാണുന്നത്. ത്രികോണാകൃതിയിൽ വെച്ചിട്ടുള്ള ഈ ഗ്ലാസ്സുകളിലേക്ക് പഞ്ചസാര വളരെ കൃത്യമായി തന്നെ ഇടുന്ന കാഴ്ച കാണുന്നവരിൽ കൗതുകം ജനിപ്പിക്കും. തുടർന്ന് ദ്രവ രൂപത്തിലുള്ള കാപ്പിയും തിളച്ചു കൊണ്ടിരിക്കുന്ന പാലും ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതും രണ്ടും ഒരുമിച്ചു മിക്സ് ചെയ്യുന്നതുമെല്ലാം കാണേണ്ട കാഴ്ച തന്നെയാണ്. ഒടുവിൽ ഗ്ലാസിലേക്ക് ഒഴിച്ച് അതിനു മുകളിൽ കുറച്ചു കാപ്പി കൂടി പകർന്നു നൽകുന്നതോടെ ഫിൽറ്റർ കോഫി റെഡി. പോണ്ടിച്ചേരി, എം ജി സ്ട്രീറ്റിലെ ശ്രീ സായി റാം കോഫീ ബാറിൽ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ. ഒരു ഫിൽറ്റർ കോഫിയ്ക്ക് 25 രൂപയാണ് ഈടാക്കുന്നതെന്നും വിഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ ധാരാളം പേരാണ് ഫിൽറ്റർ കോഫി ഉണ്ടാക്കുന്നയാളുടെ മികവിനെ അഭിനന്ദിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിരിക്കുന്നത്. എന്നാൽ ചിലർ പഞ്ചസാര ഉപയോഗ ശൂന്യമാക്കി കളയുന്നു എന്ന പരാതിയും പങ്കുവെച്ചിട്ടുണ്ട്. കുറച്ചൊന്നു കുനിഞ്ഞു നിൽക്കുകയാണെങ്കിൽ ഇത്രയും പഞ്ചസാര വെറുതെ കളയേണ്ടി വരില്ലെന്ന് ഒരാൾ എഴുതിയപ്പോൾ ആ അങ്കിൾ പഞ്ചസാര ഗ്ലാസിലേയ്ക്ക് ഇടുന്നത് എന്റെ മേലധികാരി എനിക്ക് വർക്ക് നൽകുന്നത് പോലെയെന്നാണ് ഒരാൾ ഹാസ്യരൂപേണ കുറിച്ചത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായെന്നു മാത്രമല്ല, ഇതിനകം മൂന്നു മില്യണിലധികം തവണ ആളുകൾ കാണുകയും ചെയ്തു.
English Summary: This Filter Coffee Is Going Viral. Not For Its Taste But The Chef's Skills