പതിനൊന്നു വർഷത്തിനുശേഷം ഇതാദ്യം; കോഴിക്കോട് പാരഗണിൽ എത്തി സണ്ണി ലിയോണി

Mail This Article
കോഴിക്കോട്∙ പാരഗണിന്റെ രുചിസാമ്രാജ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് സണ്ണി ലിയോണിയെത്തി. മനസ്സു നിറഞ്ഞ് ഭക്ഷണം കഴിച്ച് മടങ്ങി. പതിനൊന്നു വർഷത്തിനുശേഷം ഇതാദ്യമായാണ് സണ്ണി ലിയോണി ഒരു റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കുന്നത്. കോഴിക്കോട്ട് ഫാഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സണ്ണി ലിയോണി ഇന്നലെ ഉച്ചയോടെയാണ് പാരഗണിലെത്തിയത്. കസവുനിറമുള്ള കേരള സെറ്റുസാരിയുടുത്ത് മുല്ലപ്പൂ മാലയണിഞ്ഞായിരുന്നു വരവ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾക്കെതിരായുള്ള കാംപെയിനിന്റെ ബ്രാൻഡ് അംബാസഡറാണ് സണ്ണി ലിയോണി. അതുകൊണ്ട് വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാറുള്ളു.
സ്പിനാഷ് ഡിലൈറ്റ്, കോളിഫ്ലവർ ടാമറിൻഡ് എന്നിവയോടെയാണ് ഭക്ഷണം കഴിച്ചുതുടങ്ങിയത്. തുടർന്ന് വെജിറ്റബിൾ ബിരിയാണി കഴിച്ചു. ‘തനി മലയാളി’യായ ഇളനീർ പായസവും കഴിച്ചു.
പാരഗൺ ഹോട്ടലുടമ വി.സുമേഷിന്റെ നേതൃത്വത്തിലാണ് സണ്ണി ലിയോണിയെ സ്വീകരിച്ചത്.
പതിനൊന്നു വർഷത്തിനുശേഷം ആദ്യമായി ഒരു റെസ്റ്റോറന്റിൽ പോവുന്നതിന്റെ ആവേശത്തിലാണ് താനെന്നും കേരളത്തിലെ ഏറ്റവും പ്രശസ്തമായ പാരഗണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സണ്ണി ലിയോണി പറഞ്ഞു.പാരഗണിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കൊപ്പം സെൽഫിയുമെടുത്താണ് സണ്ണി ലിയോണി മടങ്ങിയത്. ഇന്നലെ കോഴിക്കോട്ടെ പരിപാടിക്കുശേഷം ദുബായിലേക്കാണ് സണ്ണി ലിയോണി പോയത്. ദുബായിൽ പാരഗണിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ താനെത്തുമെന്ന് ഉടമ സുമേഷിനോട് പറഞ്ഞശേഷമാണ് സണ്ണി മടങ്ങിയത്.
English Summary: sunny leon visit kozhikode Paragon Restaurant