ഹോട്ടലുകളിലെ പേപ്പർ മസാലദോശ വീട്ടിലുണ്ടാക്കണോ? ദോശ പാൻ ഇങ്ങനെയാക്കണം

1156886407
Image Credit: Arundhati Sathe/Istock
SHARE

നമ്മുടെ പ്രഭാതങ്ങൾക്കു ദോശയുടെയും ഇഡ്‌ഡലിയുടെയും ചമ്മന്തിയുടെയും സാമ്പാറിന്റെയുമൊക്കെ  മണമാണ്. നെയ്‌റോസ്‌റ്റ് ആയും മസാല ദോശയായുമൊക്കെ രൂപമാറ്റം വരുത്തിയെത്തുമ്പോഴും ദോശയുടെ രുചിക്കെന്നും പത്തരമാറ്റാണ്. പേപ്പറിന്റെ മാത്രം കനമുള്ള ദോശ വീട്ടിലുണ്ടാക്കണമെന്നാണ് ആഗ്രഹമെങ്കിലും അതുപോലെ തയാറാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു പരാതി ഉള്ളവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വളരെ എളുപ്പത്തിൽ റസ്റ്ററന്റുകളിൽ നിന്നും ലഭിക്കുന്ന സ്വാദിൽ, കനം കുറഞ്ഞ ദോശ ചുട്ടെടുക്കാം.

തവ എപ്പോഴും വൃത്തിയായിരിക്കണം 

റസ്റ്ററന്റിലേതു പോലെ ദോശയുണ്ടാക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം തവ വൃത്തിയായിരിക്കണമെന്നതാണ്. നേരത്തെ ഉണ്ടാക്കിയതിന്റെ ബാക്കിയൊന്നും തവയിൽ ഒട്ടിപ്പിടിച്ചു ഇരിക്കുന്നില്ലെന്നു ഉറപ്പാക്കണം. ചൂടായ തവയിലേയ്ക്ക് അല്പം പച്ചവെള്ളം തളിച്ച് ചൂട് ക്രമീകരിച്ചതിനു ശേഷം  ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ഇതിനുശേഷം മാവ് ഒഴിച്ച് വട്ടത്തിൽ കനം കുറച്ചു പരത്തിയെടുക്കണം. 

സവാളയോ ഉരുളക്കിഴങ്ങോ ഉപയോഗിക്കാം 

ദോശ പരത്തുന്നതിനു മുൻപ് ഒരു ഉരുളക്കിഴങ്ങോ, അല്ലെങ്കിൽ സവാളയോ പകുതി മുറിച്ചതിനു ശേഷം വായ്‌ഭാഗം എണ്ണയിൽ മുക്കി തവയിൽ നല്ലതുപോലെ പുരട്ടാം. ഇങ്ങനെ ചെയ്തതിനു ശേഷം മാവ് കോരിയൊഴിച്ചു ദോശ ചുട്ടെടുക്കാം. തവയിൽ ഒട്ടിപ്പിടിക്കാതെ ദോശ തയാറാക്കിയെടുക്കാൻ കഴിയും.

കഠിനമായ ചൂട് വേണ്ട 

ദോശ മാവ് മുഴുവൻ തവയിൽ ഒട്ടിപിടിക്കുന്നു എന്നൊരു പരാതി ചിലരെങ്കിലും പറയാറുണ്ട്. അങ്ങനെയുള്ളപ്പോൾ തവ ചൂടാറിയതിനു ശേഷം മാത്രം മാവ് കോരിയൊഴിച്ചു പരത്താൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ദോശ നല്ല ക്രിസ്പിയായി കിട്ടുകയും ചെയ്യും.

തണുപ്പധികം വേണ്ട 

ഫ്രിജിൽ സൂക്ഷിച്ചിരിക്കുന്ന മാവ് എടുത്ത ഉടനെ തന്നെ ദോശ ഉണ്ടാക്കരുത്. കുറച്ചു നേരം പുറത്തു വെച്ചതിനുശേഷം മാവ് സാധാരണ ഊഷ്മാവിൽ എത്തിയതിനു ശേഷം തവ ചൂടാക്കി ദോശ ചുടാം. ഇങ്ങനെ ചെയ്യുമ്പോൾ മാവിന് കൂടുതൽ കട്ടിയുണ്ടോ, വെള്ളം കൂടുതലാണോ തുടങ്ങിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

English Summary: Tips To Cook Restaurant-Like Crispy Dosa At Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS