വർഷങ്ങളായി അനുഷ്‌കയുമായി അടുത്ത ബന്ധം, ഇഷ്ട ഭക്ഷണമേതെന്നു അറിയില്ലെന്ന് പ്രഭാസ്

anushka
Image Credit: AnushkaShetty/Instagram
SHARE

നീണ്ട അഞ്ചു വർഷത്തിനു ശേഷം ഒരു ചലച്ചിത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. മിസ്സിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി എന്ന ചിത്രത്തിൽ ഒരു പാചകവിദഗ്ധയുടെ വേഷത്തിലാണ് താരം. എന്നാൽ ഓൺ സ്‌ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും നന്നായി ഭക്ഷണമുണ്ടാക്കും അനുഷ്ക. തനിക്കേറ്റവും ഇഷ്ടപ്പെട്ട നീർദോശയുടെയും മാംഗ്ലൂർ സ്റ്റൈൽ ചിക്കൻ കറിയുടെയും പാചക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരസുന്ദരി. അതുമാത്രമല്ല, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രഭാസിന്റെ ഇഷ്ടവിഭവത്തിന്റെ പാചകക്കുറിപ്പ് ചോദിച്ചുകൊണ്ട് ചലഞ്ച് ചെയ്തിട്ടുമുണ്ട് അനുഷ്ക. അനുഷ്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തനിക്കിഷ്ടപ്പെട്ട വിഭവമായ റൊയാളെ പുലാവിന്റെ പാചകക്കുറിപ്പ് പങ്കുവച്ചിരുന്നു. ഒപ്പം തനിക്ക് വർഷങ്ങളായി സ്വീറ്റിയെ അറിയാമെങ്കിലും ഇഷ്ടപ്പെട്ട ഭക്ഷണമേതെന്നു അറിയില്ലായിരുന്നു. ഇപ്പോൾ അതെന്തെന്നു മനസിലായെന്നും പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. താരത്തിന്റെ പ്രിയവിഭവമായ നീർദോശ തയാറാക്കുന്നതെങ്ങനെയാണെന്ന് അറിയേണ്ടേ? 

രണ്ടു കപ്പ് അരി, രണ്ടു ടേബിൾ സ്പൂൺ എണ്ണ, രണ്ടു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് നീർ ദോശ തയാറാക്കാൻ ആവശ്യമുള്ളവ. നന്നായി കഴുകിയ അരി രണ്ടു മണിക്കൂർ നേരം കുതിർത്തു വെച്ചതിനുശേഷം തേങ്ങ കൂടി ചേർത്ത് നല്ലതു പോലെ അരച്ചെടുക്കണം. അരച്ചെടുത്ത മാവിൽ നല്ലതു പോലെ വെള്ളമൊഴിക്കണം. നീർ ദോശ എന്ന് കേൾക്കുമ്പോൾ ദോശ മാവിന്റെ പരുവത്തിൽ എന്ന് ചിന്തിക്കുകയെ അരുത്. നല്ലതുപോലെ വെള്ളം ചേർത്ത് ഒട്ടും തന്നെയും കട്ടിയില്ലാതെയാണ് നീർ ദോശ ചുട്ടെടുക്കേണ്ടത്. പാൻ വെച്ച് ചൂടായതിലേയ്ക്ക്, കുറച്ച് എണ്ണ പുരട്ടി ഒരു സ്പൂൺ നിറയെ മാവ് കോരിയൊഴിക്കാം. പാനിൽ നല്ലതു പോലെ ചുറ്റിക്കാം. നീർദോശ മറിച്ചിടരുത്. പാകമായി കഴിയുമ്പോൾ പാനിൽ നിന്നും മാറ്റാവുന്നതാണ്. വിളമ്പുന്നതിനു മുൻപ് നീർ ദോശ ത്രികോണാകൃതിയിൽ മടക്കാൻ മറക്കരുത്. നല്ല ചൂടോടെ ചിക്കൻ കറിയ്ക്കും ചമ്മന്തിയ്ക്കുമൊപ്പം വിളമ്പാം. 

നീർദോശയുടെ മാത്രമല്ല, തനിക്കേറ്റവും ഇഷ്ടപ്പെട്ട മാംഗ്ലൂർ സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പിയും ഇൻസ്റ്റാഗ്രാമിലൂടെ അനുഷ്‍ക പങ്കുവെച്ചിട്ടുണ്ട്. ഒന്നര മുറി ചിരകിയ തേങ്ങയിൽ ഇളം ചൂടുവെള്ളം ഒഴിച്ച് നല്ലതു പോലെ പിഴിഞ്ഞ് പാലെടുക്കുക. മൂന്നു കപ്പ് വെള്ളം കൂടി ഒഴിച്ച് തേങ്ങാപാൽ നേർപ്പിച്ചെടുക്കാം. ഒരു പാത്രത്തിൽ നെയ്യൊഴിച്ച്  അതിലേയ്ക്ക് വറ്റൽ മുളക്, മല്ലി, ജീരകം, പെരുംജീരകം, കുരുമുളക്, സവാള അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. അര മുറി തേങ്ങ ചിരകിയത് കൂടി ചേർത്ത് നന്നായി വറുത്തെടുക്കണം. ഈ കൂട്ട് നന്നായി അരച്ചെടുക്കാം. ഉപ്പും ബട്ടറും മസാലകളും തേങ്ങാക്കൂട്ടും ചേർത്ത് വേവിച്ച ചിക്കൻ പാകമാകുമ്പോൾ തേങ്ങാപാൽ കൂടി ചേർക്കാം. തിളച്ചതിനു ശേഷം രണ്ടു മിനിറ്റു കൂടി തീ കുറച്ചു വെച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് അതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിയിലേയ്ക്ക് ഒഴിക്കാം. അപ്പം, ചോറ്, ദോശ, ഇഡ്‌ലി എന്നിവയുടെയെല്ലാം കൂടെ ഈ കറി രുചികരമാണെന്നാണ് അനുഷ്‍കയുടെ പക്ഷം.

English Summary: Anushka Shetty's favorite Neer Dosa makes for a delicious breakfast; Here's how to cook Mangalorean speciality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS