വാഴപ്പഴമോ നാരങ്ങയോ ഉള്ളിയോ എന്തുമാകട്ടെ; തൊലികള്‍ കളയല്ലേ! ഗുണങ്ങളേറെയുണ്ട്
Mail This Article
ഫ്ലാറ്റിലും നഗരപ്രദേശങ്ങളിലും താമസിക്കുന്നവരുടെ ഒരു പ്രധാനപ്രശ്നമാണ് പച്ചക്കറി മാലിന്യങ്ങള്‍. ഇത് കളയാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നവര്‍ക്ക്, വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ തൊലികള്‍ കളയാതെ, ഉപയോഗപ്രദമാക്കി മാറ്റാന്‍ കഴിയും. ഇവ പുനരുപയോഗം ചെയ്യുന്നതിലൂടെ,സമൂഹത്തോടും വലിയൊരു നന്മയാണ് നാം ചെയ്യുന്നത്. സീറോ വേസ്റ്റ് അടുക്കള എന്ന സ്വപ്നം പൂവണിയിക്കാന്‍ ചില കുറുക്കുവഴികള്‍ ഇതാ...
നാരങ്ങയുടെ തൊലി
നാരങ്ങയ്ക്ക് പ്രകൃതിദത്തമായി ശുദ്ധീകരണ ഗുണങ്ങളുണ്ട്. അതിനാല്‍, നീര് പിഴിഞ്ഞെടുത്ത ശേഷം നാരങ്ങയുടെ തൊലി കളയാതെ, അടുക്കളയിലെ കറകള്‍ വൃത്തിയാക്കാൻ ഉപയോഗിക്കാം. കറയിൽ നാരങ്ങയുടെ തൊലി നേരിട്ട് പുരട്ടാം അല്ലെങ്കിൽ കറയിൽ കുറച്ച് ബേക്കിംഗ് സോഡ വിതറുക, തുടർന്ന് നാരങ്ങയുടെ തൊലി അതിൽ തടവുക.
ഓറഞ്ച് തൊലി
വിറ്റാമിന്‍ സി വളരെയേറെ അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. ഇതിന്‍റെ തൊലിയ്ക്കും വളരെയേറെ ഉപയോഗങ്ങളുണ്ട്. ഓറഞ്ച് തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം. മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഇത് ഉപയോഗിക്കാം. ഓറഞ്ച് തൊലികൾ വെയിലത്ത് ഉണക്കിയ ശേഷം ഒരു ഗ്രൈൻഡറിൽ മിക്‌സ് ചെയ്ത് പൊടിയുണ്ടാക്കാം. ഈ പൊടിയിൽ വെള്ളമോ തൈരോ കലക്കിയ ശേഷം ഫേസ് പാക്ക് ആയി ഉപയോഗിക്കാം.
ചുരയ്ക്ക
ആരോഗ്യകരവും രുചികരവുമായ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിന്‍റെ തൊലി ഉപയോഗിച്ച് രുചികരമായ ചട്ണി ഉണ്ടാക്കാം. ഈ തൊലി കുറച്ച് വെള്ളത്തിൽ അരച്ചെടുത്ത്, കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക, ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക്, ഉണങ്ങിയ ചുവന്ന മുളക് , ജീരകം, ഉലുവ, കറിവേപ്പില, കായം, പുളി നീര്, ഉപ്പ് എന്നിവ ചേർത്ത് താളിക്കുക. അതിലേക്ക് ചുരയ്ക്കത്തൊലി പേസ്റ്റ് ചേര്‍ത്താല്‍ രുചികരമായ ചട്ണി റെഡി!
ഉള്ളിയുടെ തൊലി
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി ഉപയോഗിച്ച്, പൊടി ഉണ്ടാക്കാം. അതിനായി ഈ തൊലികള്‍ നന്നായി കഴുകി ഉണക്കുക. എന്നിട്ട് ചെറുതായി ചൂടാക്കിയ ശേഷം, മിക്സിയില്‍ പൊടിച്ചെടുക്കുക. ഈ പൊടി കറികള്‍ക്കും സൂപ്പിനും മറ്റും രുചി നല്‍കാന്‍ ഉപയോഗിക്കാം.
ഉരുളക്കിഴങ്ങ് തൊലി
ചര്‍മ്മത്തിനു വളരെയേറെ നല്ല ഒരു അടുക്കള മാലിന്യമാണ് ഉരുളക്കിഴങ്ങ് തൊലി. ഇത് കണ്ണിന് താഴെ പുരട്ടുന്നത് കണ്ണുകളുടെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങിന്‍റെ തൊലിയിൽ കാറ്റെകോളേസ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
വാഴപ്പഴത്തിന്‍റെ തൊലി
വാഴപ്പഴം കഴിച്ചു കഴിഞ്ഞാല്‍ തൊലി വലിച്ചെറിയേണ്ട. ഇതുകൊണ്ട് പലവിധ ഉപയോഗങ്ങളുണ്ട്. ഈ തൊലി ഉപയോഗിച്ച് നല്ല ചായ ഉണ്ടാക്കാം. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടക്കം വളരെയധികം പോഷകഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തൊലിയുടെ ഉള്‍വശം ചര്‍മ്മത്തിനും നല്ലതാണ്. ചർമ്മത്തിന്‍റെ മൃദുത്വവും യുവത്വവും നിലനിര്‍ത്താന്‍ ഈ തൊലി മുഖത്ത് പുരട്ടാം.
English Summary: culinary uses of vegetable peels