എത്ര ഫൈവ് സ്റ്റാർ റസ്റ്ററന്റുകൾ സന്ദർശിച്ചെന്നുപറഞ്ഞാലും, സ്ട്രീറ്റ് ഫൂഡുകൾക്ക് നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പല തരത്തിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നമ്മളിൽ പലരും പരീക്ഷിക്കുന്നതും ടേസ്റ്റ് ചെയ്യുന്നതും മിക്കപ്പോഴും തട്ടുകടകളിൽ നിന്നും സ്ട്രീറ്റ് ഷോപ്പുകളിൽ നിന്നുമായിരിക്കും. നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്നത് ഇത്തരം തെരുവ് ഭക്ഷണശാകളാണ്. ഇന്ത്യയിലെ തെരുവ് ഭക്ഷണ മെനുവിൽ നിന്ന് തിരഞ്ഞെടുക്കാൻ നിരവധി വൈവിധ്യങ്ങളുണ്ട്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള അത്തരമൊരു വിഭവമാണ് പാനി പൂരി അല്ലെങ്കിൽ ഗോൽഗപ്പ. ഈ ഗോൽഗപ്പയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഒരു തെരുവ് പാചകക്കാരൻ ഭീമാകാരമായ ഒരു ഗോൽഗപ്പ ഉണ്ടാക്കുന്ന വിഡിയോയാണിത്. സത്യത്തിൽ ഇത് ഗോൽഗപ്പയൊന്നുമല്ലെങ്കിലും ഒരു ഹൾക്ക് ഹോൽഗപ്പ പോലെ തന്നെ തോന്നിപ്പിക്കുന്ന ഒരു വിഭവമാണ്.
വിഡിയോയിൽ, എള്ളുചേർത്ത മാവ് എണ്ണയൊഴിച്ച് ബലൂൺ പോലെ വീർപ്പിച്ചെടുക്കുന്നത് കാണാം. ഈ വിഭവത്തിന്റെ പേര് വ്യക്തമല്ല. ചൂടുള്ള എണ്ണ മാവിന് മുകളിൽ ഒഴിച്ചപ്പോൾ, അത് ഒരു ഫുട്ബോൾ പോലെ വലുതാകുന്നു. പിന്നീട് ആ ക്രിസ്പി വിഭവം ഒരു പ്ലേറ്റിൽ വിളമ്പുന്നു. ഇത്രയുമാണ് വിഡിയോയിൽ ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി കമന്റുകളും പ്രതികരണങ്ങളും ലഭിച്ചു. വിഭവം എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഊഹങ്ങളും പ്രതികരണങ്ങളും ധാരാളംപേർ പങ്കിട്ടു. "ലോകത്തിലെ ഏറ്റവും വലിയ ഗുലാബ് ജാമുൻ," ഒരാൾ ഇങ്ങനെ കമന്റ് ചെയ്തപ്പോൾ മറ്റൊരാൾ എഴുതി, "ഒരു ഭീമാകാരമായ ഗോൽഗപ്പ എന്തായാലും എനിക്ക് ഒന്ന് വേണം." " ബാഹുബലി പാനി പുരി എന്നാണ് മറ്റൊരു കമന്റ്. ഹൾക്കിന് വേണ്ടി ഉണ്ടാക്കിയ ഗോൽഗപ്പയെന്നാണ് മിക്കവരും കമന്റിട്ടത്.
യഥാർത്ഥത്തിൽ ഈ വിഭവം വിയറ്റ്നാമിൽ നിന്നുള്ളതാണ്. ഉള്ളിൽ ഒന്നുമില്ലാത്ത വിയറ്റ്നാമീസ് റൊട്ടിയാണിത്. വിയറ്റ്നാം തെരുവ് ഭക്ഷണങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു വിഭവം കൂടിയാണിത്. ഏതായാലും വിഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ മില്യൺ വ്യൂ രെ ലഭിച്ചു. ഇനി ഇന്ത്യയിൽ ഇതിന്റെ മറ്റൊരു വേർഷൻ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ഗോൽഗപ്പ പ്രേമികൾ.
English Summary: Video Of Giant 'Hulk' Golgappa Left Internet Users Stunned