പിച്ചള പാത്രങ്ങൾ തിളക്കമുള്ളതാക്കണോ? വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ അടുക്കളയിലുണ്ട് സൂത്രവിദ്യകൾ
Mail This Article
പിച്ചള പാത്രങ്ങൾ നമ്മുടെ അടുക്കളയെ അലങ്കരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കാണാനുള്ള അഴക് തന്നെയാണ് ചിലർ ഇപ്പോഴും ഇത്തരം പാത്രങ്ങൾ പ്രത്യേകം പറഞ്ഞു വാങ്ങുന്നതിനുള്ള പ്രധാന കാര്യം. പിച്ചള പാത്രങ്ങളിൽ ഭക്ഷണം തയാറാക്കുന്നതും കഴിക്കുന്നതുമെല്ലാം മറ്റുള്ള ലോഹങ്ങൾ അപേക്ഷിച്ച് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ പാത്രങ്ങൾ സൂക്ഷിക്കുക എന്നതും സ്വർണവർണമാർന്ന നിറം നിലനിർത്തുക എന്നതുമൊക്കെ ഒരൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാലിനി ഈ പാത്രങ്ങളുടെ തിളക്കം എങ്ങനെ മായാതെ കാക്കാം എന്നോർത്ത് ആശങ്കപ്പെടേണ്ടതില്ല. വളരെ എളുപ്പത്തിൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പിച്ചള പാത്രങ്ങൾ വൃത്തിയാക്കിയെടുക്കാമെന്നു മാത്രമല്ല, തിളക്കം നിലനിർത്തുകയും ചെയ്യാം.
വിനാഗിരി
കുറച്ചു വെള്ളം തിളപ്പിച്ചതിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക. രണ്ടു മിനിറ്റ് ചൂടാറുന്നതിനായി വെച്ചതിനു ശേഷം ഒരു കോട്ടൺ തുണി ഈ ലായനിയിൽ മുക്കി പാത്രങ്ങൾ നന്നായി തേയ്ക്കാം. എണ്ണ മെഴുക്ക് മാറിയതിനുശേഷം ഡിഷ് വാഷ് ലിക്വിഡോ സോപ്പോ ഉപയോഗിച്ച് കഴുകിയെടുക്കാം. നന്നായി കഴുകിയതിനു ശേഷം തുണി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കാം.
ഉപ്പും ചെറുനാരങ്ങയും
ചെറുനാരങ്ങയുടെ നീര് പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചതിനുശേഷം കുറച്ചു ഉപ്പ് അതിലേയ്ക്ക് വിതറിയിടാം. ഒരു സ്‌ക്രബർ ഉപയോഗിച്ച് കഴുകിയെടുക്കാം. കോട്ടൺ തുണി കൊണ്ട് തുടച്ച് ഉണക്കിയെടുക്കാൻ മറക്കണ്ട.
വാളൻ പുളി
പുളിയുടെ പൾപ്പ് പിച്ചള പാത്രങ്ങളുടെ തിളക്കം വർധിപ്പിക്കും. പൾപ്പ് ഒരു സ്‌ക്രബറിൽ പുരട്ടിയതിനു ശേഷം പാത്രങ്ങൾ തേയ്ക്കണം. കഴുകിയതിനു ശേഷം ചെറുചൂട് വെള്ളത്തിലോ സാധാരണ ഊഷ്മാവിലുള്ള വെള്ളത്തിലോ കഴുകിയെടുക്കാം.
ധാന്യപ്പൊടിയും ചെറുനാരങ്ങയും
പാത്രങ്ങളിൽ ധാന്യപ്പൊടി വിതറിയിട്ടതിനുശേഷം ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. നന്നായി തേച്ചു കഴുകിയെടുക്കാം. ഒരു കോട്ടൺ തുണി കൊണ്ട് പാത്രങ്ങൾ തുടച്ചുണക്കണം.
ടൊമാറ്റോ കെച്ചപ്പ്
വൃത്തിയുള്ള ഒരു തുണിയിൽ ടൊമാറ്റോ കെച്ചപ്പ് പുരട്ടിയതിനുശേഷം അതുപയോഗിച്ച് പിച്ചള പാത്രങ്ങൾ തേയ്ക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം. പാത്രങ്ങൾ വെട്ടിത്തിളങ്ങുക തന്നെ ചെയ്യും.
English Summary: how to clean brass easily