പാചകത്തിനിടെ മൺചട്ടി പൊട്ടിത്തെറിച്ചു; ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാം
Mail This Article
മീനോ ചിക്കനോ എന്തുമാകട്ടെ മൺചട്ടിയിൽ വച്ചാൽ സ്വാദേറും. മോരുകറിയായാലും മൺപാത്രങ്ങളിൽ വയ്ക്കുന്നതാണ് നല്ലത്. പണ്ട് കാലത്ത് വിഭവങ്ങളെല്ലാം തന്നെ മൺചട്ടിയിലായിരുന്നു തയാറാക്കിയിരുന്നത്. ഇന്നു ആ പരമ്പരാഗത ശൈലിയുള്ള പാചക രീതി തിരികെ വന്നിട്ടുണ്ട്. മിക്കവരും മൺപാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയുള്ള പാത്രങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് കഞ്ഞിവെള്ളമൊക്കെ ഒഴിച്ച് നല്ല പരുവത്തിനു മയക്കിയെടുക്കേണ്ടതുമുണ്ട്. പാചകത്തിനിടെ മൺചട്ടി പൊട്ടിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.
ഫുഡ് വ്ലോഗറായ ഫര്‍ഹാ അഫ്രീനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിൽ മൺചട്ടി വച്ച് പാചകം ചെയ്യുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്. പാചകത്തിനിടയില്‍ പണിപാളി, മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക", എന്ന ക്യാപ്ഷനോടെയാണ് ഹോംലി കോർണര്‍ എന്ന ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചട്ടി ചൂടായപ്പോൾ നെയ്യ് ഒഴിച്ച് ജീരകവും കറിവേപ്പിയും വഴറ്റുമ്പോഴാണ് പെട്ടെന്ന് ചട്ടി പൊട്ടിതെറിക്കുന്നത്. ഗ്യാസിനു മുകളിലേക്ക് മൺചട്ടി പൊട്ടി വീണുകിടക്കുന്നതും കാണാം. ചട്ടിയുടെ ചുവടു ഭാഗമാണ് പൊട്ടിയിരിക്കുന്നത്. പൊട്ടി തീ വന്നിരിക്കുന്നതും വിഡിയോയിൽ കാണാം. വലിയൊരു അപകടത്തിൽ നിന്നുമാണ് രക്ഷപ്പെട്ടത്.
വിഡിയോയ്ക്ക് താഴെ കമെന്റുകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. കളിമൺ പാത്രങ്ങൾ കുറഞ്ഞ ചൂടിൽ ഉപയോഗിക്കണമെന്നും ഉയർന്ന ചൂടിൽ മൺപാത്രങ്ങളിൽ പാകം ചെയ്യരുതെന്നും കുറിച്ചിട്ടുണ്ട്.
അതേപോലെ ഈ പാത്രം പാകപ്പെടുത്തിയിട്ടില്ലാത്തതാണെന്നും വാങ്ങിയുടൻ ഇങ്ങനെ ഉപയോഗിക്കരുതെന്നും കുറിച്ചിട്ടുണ്ട്. പുതിയ മൺപാത്രത്തിൽ ആദ്യം വെളിച്ചെണ്ണ അകത്തേക്കും പുറത്തേക്കും പുരട്ടുക, കൂടാതെ അരി കഴുകിയ വെള്ളം ഒഴിച്ച് രാത്രി മുഴുവൻ വയ്ക്കണം, അപ്പോൾ മൺപാത്രങ്ങൾ പാകപ്പെടുത്തിയെടുക്കാമെന്നും പറയുന്നുണ്ട്. 4.8 മില്ല്യണ്‍ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
English Summary: Viral Video Shows Clay Pot Accident On Gas Stove