നാടൻ പഴങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതും രുചിയിലും വിലയിലുമെല്ലാം വേറിട്ടുനിൽക്കുന്നതുമായ അവോക്കാഡോ പഴവർഗങ്ങളിലെ സ്റ്റാറ്റസ് കൂടിയ പഴമാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്. നമ്മുടെ തൊടിയിൽ നിന്നും ലഭിയ്ക്കുന്ന നാടൻ പഴങ്ങൾ ഉൾപ്പെടെ പുറംനാടുകളിൽ നിന്നും ലഭിയ്ക്കുന്ന പല പഴങ്ങളെയും പോലെ അവോക്കാഡോയും പലരുടേയും ലിസ്റ്റിൽ ഇടംപിടിരിച്ചിരിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല. പഴങ്ങളിൽ അധികം നാം ഉപയോഗിക്കാത്ത, എന്നാൽ ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട്. ഇത് കഴിയ്ക്കുന്നത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. അവോക്കാഡോ ഉപയോഗിച്ച് സാലഡും സാൻവിച്ചും ഐസ്ക്രീമുമെല്ലാം ഉണ്ടാക്കാറുണ്ട്, എന്നാൽ സലീം കുമാർ സിനിമയിൽ പറയുന്നതുപോലെ വെറൈറ്റി ചെയ്താലേ ആളുകൾ ശ്രദ്ധിക്കൂ, ഭക്ഷ്യലോകത്തെ അവസ്ഥ ഇപ്പോൾ അതാണ്, എങ്ങനെ ട്രെൻഡ് ആകാം എന്ന ചിന്തയിലാണ് പലരും. ഇപ്പോഴിതാ ഏറ്റവും പുതിയ പരീക്ഷണം നടന്നിരിക്കുന്നത് ഈ പറഞ്ഞ അവോക്കാഡോയിൽ തന്നെ. അതെ അവോക്കാഡോ പാൻ നിർമിച്ച് ഡൽഹിയിലെ ഒരു പാൻ കടക്കാരൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിൽ സ്ഥിതിചെയ്യുന്ന അനുദി പാൻ വാലി എന്ന ഷോപ്പ് ഉടമയാണ് തന്റെ അവോക്കാഡോ പാൻ വിഡിയോ ഇൻസ്റ്റയിൽ ഷെയർ ചെയ്തത്. അവോക്കാഡോ പാനിന്റെ ക്ലിപ്പ് പോസ്റ്റ് ചെയ്ത സമയം മുതൽ 5.3 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വിഡിയോയിൽ, ആദ്യം മുതൽ പാൻ എങ്ങനെ തയാറാക്കുന്നുവെന്ന് നമുക്ക് കാണാം. വെറ്റില, പാൻ ചട്ണി, ഗുൽക്കണ്ട്, ഏലയ്ക്ക, ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ചേരുവകൾ എന്നിവ വെറ്റിലയ്ക്ക് മുകളിൽ മനോഹരമായി അറേഞ്ച് ചെയ്യുന്നു. വെറ്റില അടയ്ക്കുന്നതിന് മുമ്പ് അവോക്കാഡോയുടെ രണ്ടോ മൂന്നോ സ്കൂപ്പ് പാനിൽ ചേർക്കുന്നു. പിന്നെ, പാൻ അടച്ച് അതിന് മുകളിൽ സിൽവർ കോട്ടിങ്ങും ചേർത്ത് ശരിക്കുമള്ള അവോക്കാഡോ തോടും മുകളിൽ വച്ച് അടച്ച് വിളമ്പുന്നു. സത്യത്തിൽ ഇതുണ്ടാക്കുന്നത് കാണുമ്പോൾ മുറുക്കാത്തവർ പോലും ഒന്ന് വെറ്റില മുറുക്കുനോക്കിയാലോ എന്ന് ചിന്തിക്കും. അത്രയ്ക്ക് മനോഹരമാണ് ഈ അവോക്കാഡോ പാൻ മേക്കിങ്.
ഇത്തരം പരീക്ഷണങ്ങൾക്കെല്ലാം സോഷ്യൽ ലോകം സമ്മിശ്ര പ്രതികരണങ്ങൾ നൽകുന്നുണ്ടെങ്കിലും ദിനവും പുതിയ പുതിയ വിഭവങ്ങൾ പിറവിയെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ തെരുവുകളിൽ. ഇന്ത്യന് സ്ട്രീറ്റ് ഫുഡിന്റെ മാനം തന്നെ ഇന്നത്തെ കാലത്ത് ഏറെ മാറിക്കൊണ്ടിരിക്കുന്നു. വിദേശത്തുനിന്നുപോലും ആളുകൾ നമ്മുടെ രുചിവൈദഗ്ദ്യങ്ങൾ തേടിയെത്തുന്നുണ്ട്
English Summary: Not Toast, Avocado Was Used To Make Paan In Bizarre Viral Video